KeralaLatest NewsNews

കേരളത്തിന്റെ ഇ-ഹെല്‍ത്തിനെ അഭിനന്ദിച്ച് നീതി ആയോഗ്

തിരുവനന്തപുരം: കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്ന പേപ്പര്‍ രഹിത ഇ-ഹെല്‍ത്ത് ചികിത്സാ സമ്പ്രദായത്തെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശക സമിതിയായ നീതി ആയോഗ്. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിനും ഇ-ഹെല്‍ത്ത് കിയോസ്‌കും ഫോട്ടോ സഹിതമിട്ടാണ് നീതി ആയോഗിന്റെ ഔദ്യോഗിക പേജിലൂടെ അഭിനന്ദിച്ചിരിക്കുന്നത്. ഇ-ഹെല്‍ത്ത് പദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്ന ആരോഗ്യ കേന്ദ്രമാണ് വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം. ഇവിടെ നടപ്പിലാക്കുന്ന ഇ-ഹെല്‍ത്തും ടെലി ക്ലിനിക്കും നീതി ആയോഗ് പ്രത്യേകം എടുത്തു പറയുന്നുണ്ട്. ദേശീയ ഗുണനിലവാര പട്ടികയില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം 98 ശതമാനത്തോടെ രണ്ടാം സ്ഥാനത്താണുള്ളത്. ഓണ്‍ലൈന്‍ വഴി ദൂരെയുള്ള ഡോക്ടറുമായി ബന്ധപ്പെടാനുള്ള സംവിധാനമാണ് ടെലി ക്ലിനിക്ക്. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടാണ് നൂല്‍പ്പുഴയില്‍ ടെലിക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം നേരിട്ട് വിലയിരുത്തിയതിന് ശേഷമാണ് രാജ്യത്തിന് മാതൃകയായി നീതി ആയോഗ് ഉയര്‍ത്തിക്കാട്ടുന്നത്.

സംസ്ഥാനത്ത് ഇതുവരെ 86 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം പ്രവര്‍ത്തിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം മിഷന്റെ ഭാഗമായി 80 ആശുപത്രികളില്‍ ഉടന്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തനസജ്ജമാകുന്നതാണ്. തിരുവനന്തപുരം, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളില്‍ പ്രവര്‍ത്തനസജ്ജമാക്കി വരികയാണ്. പുതിയ മെഡിക്കല്‍ കോളേജുകളായ കണ്ണൂര്‍, കോന്നി, ഇടുക്കി എന്നിവിടങ്ങളില്‍ ഇ-ഹെല്‍ത്തിന്റെ സാധ്യതാപഠനം നടത്തുകയാണ്. 73 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഇ-ഹെല്‍ത്ത് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 479 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഇ-ഹെല്‍ത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ 2.58 കോടി ജനങ്ങളുടെ ആരോഗ്യ രേഖ ഇ-ഹെല്‍ത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇ-ഹെല്‍ത്തിന്റെ സഹായത്തോടെ ഇത്രയും സമഗ്രമായ ആരോഗ്യ വിവര ശേഖരണം അടിസ്ഥാനപ്പെടുത്തി പദ്ധതിയാസൂത്രണവും രോഗനിര്‍ണയവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സാരീതികളും നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒ.പി. രജിസ്‌ട്രേഷന്‍ മുതല്‍ രോഗീ പരിശോധനയും ചികിത്സാക്രമങ്ങളും ഭരണനിര്‍വഹണവും ഉള്‍പ്പെടെ സമഗ്ര മേഖലകളുടേയും പ്രവര്‍ത്തനങ്ങള്‍ ഒരു കേന്ദ്രീകൃത സോഫ്റ്റുവെയറിന് കീഴില്‍ ക്രോഡീകരിക്കുന്നതാണ് ഇ-ഹെല്‍ത്ത് സംവിധാനം. ഇതിലൂടെ ആയാസ രഹിതവും രോഗീ സൗഹൃദവുമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. മാത്രമല്ല സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ കടലാസ് രഹിതമാക്കിക്കൊണ്ട് വേഗതയും കൃത്യതയുമാര്‍ന്ന ചികിത്സാ സംവിധാനം പ്രാവര്‍ത്തികമാക്കാനും സാധിക്കുന്നു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. ക്യൂ നില്‍ക്കാതെയും ആരുടേയും സഹായവുമില്ലാതെയും അപ്പോയ്‌മെന്റ് എടുക്കാന്‍ ഇത്തരം കിയോസ്‌കുകളിലൂടെ സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button