KeralaLatest NewsNews

‘അനര്‍ഹരെ കണ്ടുപിടിക്കാന്‍ പ്രായത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന നിസ്സഹായരായ ഈ സാധുക്കളെ ഇങ്ങനെ ശിക്ഷിക്കണമായിരുന്നോ?’ ധനമന്ത്രിക്കെതിരെ പിസി വിഷ്ണുനാഥ്

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹരെ കണ്ടെത്തുന്നതിനായി മസ്റ്ററിങ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. അനര്‍ഹരെ കണ്ടുപിടിക്കാന്‍ പ്രായത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന നിസ്സഹായരായ ഈ സാധുക്കളെ ഇങ്ങനെ ശിക്ഷിക്കണമായിരുന്നോയെന്ന് പിസി വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ചോദിക്കുന്നു. പാവപ്പെട്ടവന്റെ 600 രൂപ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്ന സാമ്പത്തിക മാന്ദ്യകാലത്ത് 700 കോടിയുടെ നവോത്ഥാന സ്മാരകങ്ങള്‍ വേണ്ടെന്നുവെക്കണമെന്നും വിഷ്ണുനാഥ് കുറിക്കുന്നു

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട ധനമന്ത്രി, പാവങ്ങളോട് എന്തിനീ ക്രൂരത?
———————-

പ്രിയപ്പെട്ട തോമസ് ഐസക്കിന്
സാമൂഹ്യപെന്‍ഷന്‍ വാങ്ങുന്നതില്‍ അനര്‍ഹരെ കണ്ടെത്തുന്നതിനുവേണ്ടി അങ്ങയുടെ പുതിയ പരിഷ്‌കാരമായ മസ്റ്ററിങ് നടക്കുകയാണല്ലോ ?
സാമൂഹ്യപെന്‍ഷന്‍ വാങ്ങുന്നതില്‍ ഭൂരിഭാഗവും അറുപത് വയസ്സ് പിന്നിട്ടവരാണ്. തങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുവാന്‍ അക്ഷയ കേന്ദ്രത്തിന് മുമ്പില്‍ പൊരിവെയിലില്‍ വരിനിര്‍ത്തിയിരിക്കുകയാണ് താങ്കളവരെ.
സാമൂഹികക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കാനായി, താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ പുലര്‍ച്ചെ അഞ്ചിനു വീട്ടില്‍ നിന്നു പുറപ്പെട്ട വയോധികന്‍ തളര്‍ന്നുവീണു മരിച്ച കരളലിയിപ്പിക്കുന്ന സംഭവം കഴിഞ്ഞ ദിവസം തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
അനര്‍ഹരെ കണ്ടുപിടിക്കാന്‍ പ്രായത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന നിസ്സഹായരായ ഈ സാധുക്കളെ ഇങ്ങനെ ശിക്ഷിക്കണമായിരുന്നോ?

ഒരു വാര്‍ഡില്‍ ശരാശരി 250-300 പേര്‍ ആയിരിക്കും സാമൂഹ്യപെന്‍ഷന്‍ വാങ്ങുന്നത്. ഇതില്‍ മരിച്ചവരെയും പുനര്‍വിവാഹം ചെയ്തവരെയും കണ്ടുപിടിക്കാന്‍ മറ്റെന്താം വഴികള്‍ സര്‍ക്കാറിന് മുമ്പിലുണ്ടായിരുന്നു?
എല്ലാ വാര്‍ഡിലും ഒരു അംഗനവാടിയെങ്കിലും ഉണ്ടാവും- അവരോട് ആവശ്യപ്പെടാം; ആശാവര്‍ക്കര്‍മാരുണ്ട്-അവരോടും ആവശ്യപ്പെടാം. പഞ്ചായത്തിന്റെ നികുതിപിരിക്കുന്ന സ്റ്റാഫുകളുണ്ട്-അവരോടും ആവശ്യപ്പെടാം. ഇത്തരം സംവിധാനം വഴി ഒരു ദിവസംകൊണ്ട് കണ്ടുപിടിക്കാവുന്ന കാര്യത്തിനാണ് പാവങ്ങള്‍ക്കു മേല്‍ ഈ ദുരിതം അടിച്ചേല്‍പ്പിക്കുന്നത്. പെന്‍ഷന്‍ നേരിട്ടു നല്‍കുമ്പോള്‍ മരിച്ചവരെ കണ്ടെത്താന്‍ എന്താണ് പ്രയാസം?
ഒരു വാര്‍ഡിലെ പത്തോ പതിനഞ്ചോ അനര്‍ഹരെ കണ്ടെത്താന്‍ പെന്‍ഷന്‍ വാങ്ങുന്ന മുഴുവന്‍ പേരെയും ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്?

സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യതയാണ് ഇതിന് കാരണമായി അങ്ങ് ചൂണ്ടിക്കാട്ടുന്നത്.
സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ നാടിനും നാട്ടുകാര്‍ക്കും ഒരു ഗുണവുമില്ലാത്ത ആ ഉപദേശിവൃന്ദത്തെ ആദ്യം പിരിച്ചുവിടണം.
പാവപ്പെട്ടവന്റെ 600 രൂപ പെന്‍ഷന്‍ വെട്ടിക്കുറയ്ക്കുന്ന സാമ്പത്തിക മാന്ദ്യകാലത്ത് 700 കോടിയുടെ നവോത്ഥാന സ്മാരകങ്ങള്‍ വേണ്ടെന്നുവെക്കണം.
വനിതാ മതില്‍ പോലുള്ള പ്രഹസനങ്ങള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ പണം ചെലവഴിക്കില്ലെന്ന് തീരുമാനം എടുക്കണം.
മുഖ്യമന്ത്രിയുടെയും മന്ത്രി പരിവാരങ്ങളുടെയും ധൂര്‍ത്തും വിദേശയാത്രയും കുറയ്ക്കണം.
തെരഞ്ഞെടുപ്പില്‍ തോറ്റവരെയും ഉറ്റവരെയും പുന:രധിവസിപ്പിക്കുന്ന ക്യാബിനറ്റ് റാങ്ക് പാക്കേജ് അവസാനിപ്പിക്കണം. 18 ഉം 20 ഉം വയസ്സുള്ള ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരെ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ അറുംകൊല നടത്തുന്ന ക്രിമിനലുകളെ സംരക്ഷിക്കാന്‍ അരക്കോടി ചെലവില്‍ ഡല്‍ഹിയില്‍ നിന്ന് മുന്തിയ അഭിഭാഷകരെ കൊണ്ടുവരുന്നത് അവസാനിപ്പിക്കണം.
ഇനിയുമുണ്ട്, ഏറെപ്പറയാന്‍. തത്കാലം ഇവിടെ നിര്‍ത്തുന്നു.
ഇതെല്ലാം ചെയ്തതിനു ശേഷം പോരേ തുച്ഛമായ പെന്‍ഷന്‍ വാങ്ങുന്ന ഈ നിരപരാധികളെ ‘ജീവിച്ചിരിക്കല്‍ പരീക്ഷക്ഷയ്ക്ക് വിധേയമാക്കല്‍.
മിസ്റ്റര്‍ മന്ത്രി, ഇത് താങ്കളുടെ ഔദാര്യമല്ല; അവരുടെ അവകാശമാണ്.
#മനുഷ്യത്വവിരുദ്ധമായപെൻഷൻമസ്റ്ററിങ്അവസാനിപ്പിക്കുക

-പി സി വിഷ്ണുനാഥ്

https://www.facebook.com/pcvishnunadh.in/videos/919685875094521/

shortlink

Related Articles

Post Your Comments

Related Articles


Back to top button