Latest NewsNewsIndia

ബാബരി മസ്ജിദിന്റെ ഓര്‍മ്മകള്‍ സജീവമാക്കണമെന്ന ആഹ്വാനവുമായി പോപ്പുലര്‍ ഫ്രണ്ട്

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികം പള്ളിയുടെ ഓര്‍മ്മകള്‍ക്കൊണ്ട് സജീവമാക്കാന്‍ എല്ലാ ജനവിഭാഗങ്ങളും തയ്യാറാകണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന പ്രസ്താവനയില്‍ പറഞ്ഞു. ബാബരി വിധിയുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹരജി ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിന്റെ നേതൃത്വത്തില്‍ സംയുക്തമായി സമര്‍പ്പിക്കാന്‍ കേസുമായി ബന്ധപ്പെട്ട കക്ഷികളും സംഘടനകളും നേതാക്കളും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് 27 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ബാബരി കേസില്‍ നവംബര്‍ 9ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പള്ളിയെ കുറിച്ചുള്ള ഓര്‍മ്മകളെ കൂടുതല്‍ പ്രസക്തമാക്കിയിരിക്കുകയാണ്. ക്ഷേത്രം തകര്‍ത്തല്ല പള്ളി നിര്‍മ്മിച്ചതെന്ന് കോടതിക്ക് വ്യക്തമായിട്ടുള്ളതാണ്. 1949 ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹം സ്ഥാപിച്ചതും 1992 ഡിസംബര്‍ ആറിന് പള്ളി തകര്‍ത്തതും നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും ഇതിനു വിരുദ്ധമായി പള്ളി രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഹിന്ദുക്കള്‍ക്കു വിട്ടുനല്‍കാന്‍ കോടതി ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ബാബരി മസ്ജിദിന് നേരെ നടന്ന ഭീകരാക്രമണത്തെ നീതീകരിക്കാന്‍ ഈ വിധി വഴിതുറക്കും. മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കു മേല്‍ അവകാശവാദം ഉന്നയിക്കാനും അവ ബലമായി പിടിച്ചെടുക്കാനും ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്ക് വിധി പ്രോല്‍സാഹനമാവുകയും ചെയ്യും.

പള്ളിത്തകര്‍ത്തത് കുറ്റകൃത്യമാണെങ്കില്‍ കുറ്റവാളികള്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നതെന്തുകൊണ്ടെന്ന ചോദ്യം ഉത്തരമില്ലാതെ തുടരുകയാണ്. പള്ളിയുടെ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാനുള്ള സുപ്രീംകോടതിയുടെ അന്യായവിധി ഉണ്ടായിട്ടും പള്ളി തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരായ ക്രിമിനല്‍ കേസ് തീരുമാനമാവാതെ തുടരുന്നത് രാജ്യത്തിന് മാനക്കേടാണ്.

ഓര്‍മ്മയാണ് ഫാഷിസത്തിനെതിരായ പ്രതിരോധത്തിന്റെ ആദ്യപടി. ബാബരി മസ്ജിദിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ജനമനസ്സുകളില്‍ സജീവമാക്കി നിര്‍ത്താന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളോടും കൂട്ടായ്മകളോടും പോപുലര്‍ ഫ്രണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളില്‍ പോസ്റ്റര്‍ പ്രചാരണവും ലഘുലേഖ വിതരണവും ഗൃഹസമ്പര്‍ക്കവുമടക്കമുള്ള വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും.

ബാബരി വിധിക്കെതിരേ പുനപരിശോധനാ ഹരജിയുമായി മുന്നോട്ടുപോവാനുള്ള മുസ്‌ലിം കക്ഷികളുടെ നീക്കത്തിനിടയില്‍, ചില അനാരോഗ്യകരമായ സൂചനകള്‍ തലപൊക്കുന്നത് നിര്‍ഭാഗ്യകരമാണ്. ബാബരി കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിലുടനീളം മുസ്‌ലിംകളുടെ നീതിക്കുവേണ്ടി നിലയുറപ്പിച്ച രാജീവ് ധവാനെപ്പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരെ ഒഴിവാക്കുന്നുവെന്ന തോന്നല്‍ ഉണ്ടാവാന്‍ പാടില്ല. വേറിട്ട നീക്കങ്ങള്‍ക്ക് പകരം, അനീതിക്ക് ഇരയായവരുടെ യോജിച്ച നീക്കം മാത്രമെ ഫലം കാണുകയുള്ളുവെന്ന കാഴ്ചപ്പാടാണ് പോപുലര്‍ ഫ്രണ്ടിനുള്ളത്.

പരമോന്നത കോടതിയില്‍ രാജീവ് ധവാന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം നടത്തിയ നിയമപോരാട്ടത്തെ പോപുലര്‍ ഫ്രണ്ട് അഭിനന്ദിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരേ പുനപരിശോധനാ ഹരജി നല്‍കാനുള്ള മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡിന്റെ നീക്കത്തെ പിന്തുണക്കുന്നതായി എം മുഹമ്മദാലി ജിന്ന ആവര്‍ത്തിച്ചു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button