KeralaLatest NewsArticleNews

മലയാളത്തിന്റെ മഞ്ഞള്‍ പ്രസാദത്തിന്റെ ഓര്‍മ്മയില്‍ ഈസ്റ്റ് കോസ്റ്റ്

മലയാളികളുടെ തീരാനഷ്ടമാണ് മോനിഷ എന്ന നടി. മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 27 വയസ്സ്. ആദ്യ സിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരം. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1986-ല്‍ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടുമ്പോള്‍ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ ബഹുമതി നേടിയത് മോനിഷയാണ്. 21 വയസ്സുള്ള സമയത്ത്, അഭിനയരംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ ഒരു കാറപകടത്തിന്റെ രൂപത്തിലാണ് മരണം മോനിഷയെ കവര്‍ന്നെടുത്തത്. അഭിനയവും സംഗീതവും ഡാന്‍സും എല്ലാം വഴങ്ങുന്ന മോനിഷ ഈസ്റ്റ് കോസ്റ്റിന്റെ ഗള്‍ഫ് ഷോകളില്‍ സജീവമായിരുന്നു. അഭിനേതാക്കള്‍ക്കും കാണികള്‍ക്കും കുറേ അപൂര്‍വ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചാണ് ആണ് മോനിഷ വിടവാങ്ങിയത്. അണയാന്‍ പോകുന്ന തീ ആളിക്കത്തുന്ന അനുഭവങ്ങളായിരുന്നു 21 ദിവസക്കാലം നീണ്ടു നിന്ന ഗള്‍ഫ് യാത്രയുടെ സംഘാടനവേദികളിലും സ്വകാര്യനിമിഷങ്ങളിലും സമ്മാനിച്ച് ഒപ്പമുണ്ടായിരുന്ന മോനിഷ എന്നേക്കുമായി നമ്മെ വിട്ടുപിരിഞ്ഞതെന്ന് ഈസ്റ്റ് കോസ്റ്റ് വിജയന്‍ ഓര്‍മ്മിക്കുന്നു.

1992 നവംബറില്‍, ‘ Super Megastar Mohanlal in Greatest of the Great Events’ എന്ന പേരില്‍ ഗള്‍ഫ് നാടുകളിലുടനീളം ഈസ്റ്റ് കോസ്റ്റ് സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ പങ്കെടുത്തു മടങ്ങി ഒരാഴ്ചക്കുള്ളില്‍ ആയിരുന്നു ആ ദുരന്തം. ഒരിറ്റു കണ്ണീര്‍ തുള്ളികളോടെയല്ലാതെ ഓര്‍ക്കാനാവില്ല സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മോനിഷയെ അറിയുന്നവര്‍ക്കാര്‍ക്കും ആ മഞ്ഞുതുള്ളിയെ.

https://www.facebook.com/VijayanEastCoast/videos/2909089142434747/

ജി എസ് വിജയന്റെ ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പാണ് കാറപകടത്തില്‍ തലച്ചോറിനേറ്റ പരിക്കുമൂലം മോനിഷ ഈ ലോകത്തോടു വിടപറയുന്നത്. സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായരാണ് മോനിഷയുടെ സിനിമ രംഗത്തുളള പ്രവേശനത്തിന് കാരണമായത്.

1971 ല്‍ കേരളത്തിലെ കോഴിക്കോട്ട് പി. നാരായണനുണ്ണിയുടെയും,ശ്രീദേവിയുടെയും മകളായി ജനിച്ചു. സഹോദരന്‍ സജിത്. അച്ഛന്‍ ഉണ്ണിക്ക് ബാംഗ്ലൂരില്‍ തുകല്‍ വ്യവസായം ആയിരുന്നതിനാല്‍ അവിടെയായിരുന്നു മോനിഷയുടെ ബാല്യം. നര്‍ത്തകി കൂടെയായിരുന്ന അമ്മ ശ്രീദേവിയില്‍ നിന്നായിരുന്നു നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്.9 വയസ്സുള്ളപ്പോള്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ചു.1985-ല്‍ കര്‍ണ്ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന കൗശിക അവാര്‍ഡ് ലഭിച്ചു.

ബാംഗ്ലൂരിലെ സെന്റ് ചാള്‍സ് ഹൈസ്‌കൂളില്‍ നിന്നും,ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്നു സൈക്കോളജിയില്‍ ബിരുദവും ലഭിച്ചു. ആദ്യ ചിത്രമായ ‘നഖക്ഷതങ്ങളിലെ ‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനത്തിലൂടെയാണ് മോനിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിനു പുറമേ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിന്റെ റീമേക്ക് പൂക്കള്‍ വിടും ഇതള്‍, ദ്രാവിഡന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും, 1988ല്‍ രാഘവേന്ദ്ര രാജ്കുമാര്‍ നായകനായി അഭിനയിച്ച ചിരംജീവി സുധാകര്‍ എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button