Latest News

അമിതമായ ഉത്കണ്ഠയ്ക്ക് പിന്നില്‍ ഉറക്കമില്ലായ്മ

അമിതമായ ഉത്കണ്ഠയാണോ നിങ്ങളുടെ പ്രശ്‌നം. വേര്‍തിരിച്ചറിയാന്‍ വയ്യാത്ത രോഗലക്ഷണങ്ങളുമായി മുന്നിലെത്തുന്ന രോഗികളോട് ഡോക്ടര്‍മാര്‍ ചോദിക്കുന്ന ചോദ്യമാണിത്. അമിതമായ ആകാംക്ഷയും ഉത്കണ്ഠയും നിങ്ങള്‍ വിചാരിക്കുംപോലെ അത്ര നിസ്സാരമല്ല. പ്രത്യേക ശ്രദ്ധയും ചികില്‍സയും അത്യാവശ്യമാണ്. അത് കിട്ടിയില്ലെങ്കില്‍ ക്രമേണ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം പോലും അപകടത്തില്‍ ആയേക്കാം. അമിത ഉത്കണ്ഠ അനുഭവപ്പെടുന്നവര്‍ക്ക് ആദ്യ ചികില്‍സ തുടങ്ങേണ്ടത് ഉറക്കത്തില്‍ നിന്നാണ്. നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയര്‍ എന്ന മെഡിക്കല്‍ ജേണലില്‍ ആണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചുവന്നത്. യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ ന്യൂറോ സയന്‍സ് വിഭാഗത്തിലെ ഡോക്ടര്‍മാരാണ് അമിത ഉത്കണ്ഠ സംബന്ധിച്ച ഗവേഷണം നടത്തിയത്.

ഈ മാനസിക പ്രശ്‌നം അനുഭവിക്കുന്ന രോഗികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ഗവേഷണം. ഇവരില്‍ ഒരു ഗ്രൂപ്പിലുള്ളവരെ വളരെ ഉദ്വേഗജനകമായ വിഡിയോകള്‍ കാണിച്ച് ഒരു രാത്രി ഉറങ്ങാതെ ഉണര്‍ത്തിയിരുത്തി. പിറ്റേന്ന് ഇവരുടെ ഉല്‍കണ്ഠയുടെ തോത് പരിശോധിച്ചുനോക്കി. ഇവര്‍ മറ്റു ദിവസങ്ങളേക്കാള്‍ കൂടുതല്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും അനാവശ്യ ഭയം കാരണം സ്വയം സങ്കോചപ്പെടുകയും ചെയ്യുന്നതായിട്ടു കണ്ടെത്തി. തലേരാത്രി ഉറക്കം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇവരുടെ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചതായും വ്യക്തമായി.

രണ്ടാമത്തെ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് രാത്രി സുഖമായി ഉറങ്ങാനുള്ള അന്തരീക്ഷം സൃഷ്ടിച്ചു. ഇവര്‍ക്കു പിറ്റേദിവസം പകല്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സംയമനം പാലിക്കാന്‍ സാധിച്ചതായി കണ്ടെത്തി. ഈ ദിവസം ഇവരിലെ ആകാംക്ഷയുടെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരുന്നു. ഇവര്‍ക്ക് സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കാന്‍ സാധിച്ചു. തലേരാത്രി ലഭിച്ച സുഖകരമായ ഉറക്കം ഇവരുടെ തലച്ചോറിന് വേണ്ട വിശ്രമം നല്‍കിയതുകൊണ്ടാണ് ഈ ഗുണകരമായ മാറ്റം പ്രകടമായത്. ചുരുക്കത്തില്‍ രാത്രി ഏറ്റവും സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചാല്‍ തന്നെ അനാവശ്യമായ ആകാംക്ഷയും ഉത്കണ്ഠയും ബാധിക്കാതെ രക്ഷപ്പെടാം. അപ്പോള്‍ ഇന്നുമുതല്‍ ഉറക്കം ഉറപ്പുവരുത്തിക്കോളൂ.
Dailyhunt

shortlink

Related Articles

Post Your Comments

Related Articles


Back to top button