KeralaLatest NewsIndia

‘കുട്ടികള്‍ മണ്ണു തിന്നെന്ന ആരോപണം സര്‍ക്കാരിനെ നാണം കെടുത്തി’; ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി രാജി വെച്ചു: രാജി വെച്ചത് സിപിഎം നിർദ്ദേശ പ്രകാരം

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ് പി ദീപക് രാജിവച്ചു. തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണ് തിന്നെന്ന വിവാദത്തെ തുടര്‍ന്നാണ് രാജി. സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നും ഇതുമൂലം ദീപക്കിനോട് രാജിവെക്കാന്‍ സിപിഎം ആവശ്യപ്പെടുകയുമായിരുന്നു. ശിശുക്ഷേമ സമിതി പ്രസിഡന്റായ മുഖ്യമന്ത്രിക്ക് അല്‍പ്പസമയം മുന്‍പ് ദീപക് രാജിക്കത്ത് കൈമാറി. ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുട്ടികള്‍ മണ്ണു തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന ദീപക്കിന്റെ പ്രസ്താവന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ആരോഗ്യരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കുന്നതാണ് ഈ പ്രസ്താവന എന്ന് വിലയിരുത്തിയ സിപിഎം ജില്ലാ നേതൃത്വം ദീപക്കിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. അതേസമയം വിഷയത്തില്‍ തന്നെ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ദീപക് പറയുന്നു. സംഭവം അറിഞ്ഞ് നേരിട്ട് എത്തി കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ ശ്രമിക്കാതിരുന്നത് വീഴ്ചയാണെന്നും ദീപക് ഏറ്റുപറഞ്ഞു.

മണ്ണ് തിന്നിട്ടില്ലെന്ന് ബാലാവകാശ കമ്മീഷനും മണ്ണ് തിന്നത് പട്ടിണിമൂലമല്ല, ശീലം കൊണ്ടാണെന്ന് കുട്ടികളുടെ അമ്മയും സംഭവം വിവാദമായതോടെ തിരുത്തി. ഇതോടെയാണ് സിപിഎം ജില്ല സെക്രട്ടേറിയറ്റ് ദീപക്കിനോട് വിശദീകരണം തേടിയത്. കുടുംബത്തിന്റെ അവസ്ഥ അറിയിച്ചത് കൈതമുക്കിലെ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കമുള്ള പാര്‍ട്ടിക്കാരാണ്. അവര്‍ നല്‍കിയ പരാതിയിലും സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിലും മണ്ണ് തിന്നതായി പറഞ്ഞിരുന്നു. അതാണ് മാധ്യമങ്ങളെ അറിയിച്ചതെന്നാണ് ശിശു ക്ഷേമസമിതി അന്ന് പറഞ്ഞ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button