Latest NewsNewsWriters' Corner

അയോദ്ധ്യ- രാമജന്മഭൂമി: സുപ്രീം കോടതി റിവ്യൂ ഹർജികൾ തള്ളിയത് സുപ്രധാനം: രാമക്ഷേത്ര നിർമ്മാണം തടയാനുള്ള പദ്ധതിയാണ് തകർന്നത്- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

അയോദ്ധ്യ കേസിലെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഇന്ന് തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ചേമ്പറിൽ റിവ്യൂ ഹർജികൾ പരിഗണിച്ചത്. വിരമിച്ച മുൻ ചീഫ് ജസ്റ്റിസിന് പകരമായി ജസ്റ്റിസ് സൻജീവ്‌ ഖന്നയെ ബെഞ്ചിൽ ഉൾപ്പെടുത്തിയിരുന്നു. 18 റിവ്യൂ ഹർജികളാണ് ഇതുമായി ബന്ധപ്പെട്ട്‌ കോടതിയിലെത്തിയിരുന്നത്. വളരെ വിശദമായ പരിശോധനക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ അബ്ദുൽ നസീർ എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ നവംബർ 9 നു വിധി പ്രസ്താവിച്ചത്. അത് ഏകകണ്ഠമായ ഉത്തരവായിരുന്നു എന്നതാണ് പ്രധാനം. അതുകൊണ്ട് തന്നെ അതിനെതിരെ വരുന്ന പുനഃപരിശോധനാ ഹർജികൾ സ്വീകരിക്കപ്പെടാനിടയില്ല എന്ന തോന്നൽ നിയമ വൃത്തങ്ങളിൽ നേരത്തെ ഉണ്ടായിരുന്നു. ഈ പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാൻ പോലും ജഡ്ജിമാർ തയ്യാറായില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

റിവ്യൂ ഹർജികൾ കൊടുക്കുന്നതിനെതിരെ മുസ്ലിം പക്ഷത്തിന്‌നിന്ന് തന്നെ നീക്കമുണ്ടായിരുന്നു. അത് അനാവശ്യമാണ് എന്നും കോടതിവിധി മുസ്ലിം സമൂഹം അംഗീകരിക്കുന്നതാണ് നല്ലതെന്നും അവരിൽ ബഹുഭൂരിപക്ഷവും കരുതി. ഷിയാ – സുന്നി വഖഫ് ബോർഡുകൾ വീണ്ടും നിയമയുദ്ധം തുടരുന്നതിൽ യോജിപ്പ് കാണിച്ചിരുന്നില്ല. എന്നാൽ ചില രാഷ്ട്രീയക്കാരാണ് അപ്പോഴും കോടതിയിൽ വീണ്ടും പോകണം എന്ന നിലപാടെടുത്തത്. മുസ്ലിം ലീഗ് നേതാക്കളും കോൺഗ്രസിലെ ചിലരും ഇടതു പാർട്ടികളും അങ്ങിനെയാണ് നീക്കം നടത്തിയത്. അയോദ്ധ്യ വിധിയോടെ കോടതി ഭരണകൂടത്തിന് വഴങ്ങുന്നു എന്നും മറ്റും വരെ ആക്ഷേപിക്കാൻ സിപിഎം തയ്യാറായത് ഇതിനൊപ്പം കാണേണ്ടതാണ്. കോടതി വിധി തങ്ങൾക്ക് അനുകൂലമായാൽ എല്ലാം നല്ലത് എന്നും എതിരായാൽ അത് കോടതിയുടെ കീഴടങ്ങലാണ് എന്നുമൊക്കെയാണ് ഇടതു പാർട്ടികൾ പ്രചരിപ്പിച്ചത്. കോടതിയെ വീണ്ടും വിവാദത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു അതെന്നു വേണം കരുതാൻ.

ഈ പ്രസ്താവനകൾക്ക് പിന്നാലെയാണ് ഇടത് ബുദ്ധി ജീവികൾ എന്നും അർബൻ മാവോയിസ്റ്റുകൾ എന്നുമൊക്കെ വിളിക്കാവുന്ന ചിലർ ഹർജിയുമായി കോടതിയിലെത്തിയത്. പ്രശാന്ത് ഭൂഷനായിരുന്നു അവരുടെ വക്കീൽ. ഇർഫാൻ ഹബീബ്, നന്ദിനി സുന്ദർ, ശബ്നം ഹാഷ്മി, ഫറാ നക്വി തുടങ്ങിയ നാല്പതോളം പേരാണ് അതിലെ ഹർജിക്കാർ. യഥാർഥത്തിൽ ഈ പ്രശ്നത്തിൽ കക്ഷിയെ അല്ലാതിരുന്നവർക്ക് എന്ത് നിയമപരമായ സാധുതയാണ് റിവ്യൂ ഹർജി നൽകാനുള്ളത് എന്നത് പലരും ചോദിച്ചതാണ്. എന്നാൽ ഭരണഘടന അട്ടിമറിക്കപ്പെടുന്നു, ന്യൂനപക്ഷ സംരക്ഷണം പൊളിയുന്നു എന്നും മറ്റുമാണ് അവരുടെ പക്ഷത്തുള്ളവർ അതിന് ന്യായീകരണമായി പറഞ്ഞിരുന്നത്. അതൊരു ഇടത് – മാവോയിസ്റ്റ് പദ്ധതിയായിരുന്നു എന്നതോർക്കണം. വീണ്ടും അയോദ്ധ്യ വിഷയത്തെ കോടതിയിലെത്തിക്കാനും രാമജന്മഭുമിയിൽ ക്ഷേത്ര നിർമ്മാണം തടസപ്പെടുത്താനുമുള്ള പദ്ധതി. അതിൽപെട്ട ഇർഫാൻ ഹബീബ് ഒക്കെ അയോധ്യ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിച്ചതിൽ വളരെയധികം പങ്ക് വഹിച്ചയാളാണ് എന്നതുമോർക്കുക. ചരിത്ര രേഖകൾ, ആർക്കിയോളജിക്കൽ രേഖകൾ ഒക്കെ വളച്ചൊടിക്കാനും മറ്റും അവർ നടത്തിയ ശ്രമങ്ങൾ കെകെ മുഹമ്മദ് എന്ന ആർക്കിയോളജിസ്റ്റ് വിശദീകരിച്ചിട്ടുമുണ്ട്. അവരുടെ അവസാനത്തെ ഹിന്ദുവിരുദ്ധ പദ്ധതിയാണ് ഇന്നിപ്പോൾ കോടതിയിൽ പരാജയപ്പെട്ടത്.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത്, അയോദ്ധ്യ പ്രശ്നത്തെ വളരെ ആഴത്തിലാണ് അഞ്ചംഗ ബെഞ്ച് ആദ്യമേ പരിശോധിച്ചത് എന്നതാണ്. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും അവർ പരിഗണിച്ചു. ചരിത്ര രേഖകൾ, പഴയ കേസുകൾ, ആർക്കിയോളജിക്കൽ മുദ്രകൾ, വിശ്വാസ പ്രമാണങ്ങൾ അങ്ങിനെ എല്ലാം. അത് ചെറിയ കാര്യമായിരുന്നില്ല. എല്ലാവര്ക്കും വാദിക്കാൻ, തങ്ങളുടെ നിലപാട് വിശദമാക്കാൻ വേണ്ടത്ര അവസരവും കോടതി നൽകിയിരുന്നു. അതിനൊക്കെ ശേഷം നൽകിയ ഉത്തരവ് ദശാബ്ദങ്ങളായി നിലനിൽക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാവണം എന്നത് ലക്ഷ്യമിട്ടായിരുന്നു. അത് യഥാർഥത്തിൽ അങ്ങനെ തന്നെയാണ് ജനങ്ങൾ മനസിലേറ്റിയത്. അയോദ്ധ്യ കേസിലെ വിധി സമൂഹത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പ്രവചിച്ചവരുണ്ടല്ലോ. കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചവരുമുണ്ട്. എന്നാൽ അതൊന്നും ഏശിയില്ല. എല്ലാവരും അതിനെ സൗഹാർദ്ദത്തോടെ കണ്ടു, നിയമത്തിന്റെ ദൃഷ്ടിയിൽ നോക്കിക്കണ്ടു. അത് അംഗീകരിക്കുകയും ചെയ്തു. മുസ്ലിം സമൂഹത്തിൽ നിന്ന് ഒരു വിമർശനവും വിദ്വേഷ പ്രകടനവുമുണ്ടായില്ല എന്നതോർക്കേണ്ടതാണ്. അതായിരുന്നില്ല പക്ഷെ ബിജെപി വിരുദ്ധ പക്ഷം ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും. അത് കേന്ദ്ര സർക്കാരിനുമറിയാമായിരുന്നു. അവർ വേണ്ടത്ര മുന്കരുതലെടുത്തത് അതുകൊണ്ടാണല്ലോ. എന്തായാലും സമാധാനമാണ് വലുത് എന്ന് അന്ന് ഇന്ത്യൻ ജനത വിളിച്ചുപറയുന്നതാണ് കണ്ടത്.

പക്ഷെ പിന്നീടും പ്രശ്നത്തെ നിലനിർത്താനും വിവാദങ്ങളും തർക്കങ്ങളും തുടരാനും ചിലരാഗ്രഹിച്ചു. അവർക്ക് മുസ്ലിം സ്നേഹമൊന്നുമായിരുന്നില്ല്ല മറിച്ച് ഹിന്ദു വിരോധമായിരുന്നു, ബിജെപി വിരുദ്ധതയായിരുന്നു. അവർക്കാണ് ഇന്നത്തെ റിവ്യൂ ഹർജിയിലെ ഉത്തരവ് തിരിച്ചടിയാവുന്നത്. അയോദ്ധ്യ കേസിൽ ഉണ്ടായത് ധർമ്മത്തിന്റെ വിജയമാണ്; ശ്രീരാമചന്ദ്രൻ ഉയർത്തിപ്പിടിച്ച രാമരാജ്യ സങ്കൽപ്പത്തിന്റെ വിജയമാണ്. അതിനെ തകർക്കാൻ ഇന്ത്യയിൽ കഴിയില്ലെന്ന് വീണ്ടും തെളിയിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button