Latest NewsKeralaIndia

മറ്റൊരു കലാപം ആഗ്രഹിക്കുന്നില്ല- ശബരിമല വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളുടെ വിശദ വിവരങ്ങൾ

ശബരിമല സന്നിധാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവ് നല്‍കേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചു.

ന്യൂഡൽഹി: ശബരിമലയില്‍ പോകാന്‍ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്മ ഫാത്തിമയും ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കി ഉത്തരവിടണമെന്ന് ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജിയില്‍ ഇന്നു സുപ്രീം കോടതി നടത്തിയത് വിശ്വാസികൾക്ക് ആശ്വാസമായുള്ള കൃത്യതയോടെയുള്ള ഇടപെടല്‍.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സമ്മതിക്കുമ്പോഴും ശബരിമല സന്നിധാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവ് നല്‍കേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചു.

രഹ്ന ഫാത്തിമയ്ക്കു വേണ്ടി അഡ്വ. കോളിന്‍ ഗോണ്‍സാല്‍വസും ബിന്ദു അമ്മിണിക്ക് വേണ്ടി ഇന്ദിര ജയ്‌സിങ്ങുമാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, ജസ്റ്റിസ്മാരായ ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സമയം – 11 .51
ഐറ്റം – 27
കോളിന്‍ ഗോണ്‍സാല്‍വസ് (രഹ്ന ഫാത്തിമയുടെ സീനിയര്‍ അഭിഭാഷകന്‍) : തന്റെ കക്ഷിയായ രഹ്ന ഫാത്തിമയെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ല. കോടതി ഉത്തരവുമായി വരാനാണ് പോലീസ് പറയുന്നത്. ശബരിമലയില്‍ പോകാന്‍ അവര്‍ക്കു വേണ്ട സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവിടണം.
ചീഫ് ജസ്റ്റിസ്: കാലാകാലങ്ങളായി തുടര്‍ന്നു പോരുന്ന ആചാരങ്ങള്‍ ആണിത്. വളരെ അനായാസം അതെല്ലാം ഇല്ലാതാക്കി നിങ്ങള്‍ക്ക് അനുകൂല ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനാകില്ല.

വിഷയം നീതിപീഠം വിശാലമായി പരിശോധിച്ചുവരികാണ്. അതിനുശേഷം നിങ്ങള്‍ക്ക് അനുകൂലമെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ സംരക്ഷിച്ചിരിക്കും. ഇപ്പോഴത്തെ സ്ഥിതി സ്‌ഫോടനാത്മകമാണ്. ഒരു അക്രമവും കോടതി ആഗ്രഹിക്കുന്നില്ല.
ഇന്ദിര ജയ്‌സിങ്: അക്രമത്തെ ഞങ്ങളും എതിര്‍ക്കുകയാണ്.

ചീഫ് ജസ്റ്റിസ്: ഞങ്ങള്‍ക്കറിയാം നിയമം നിങ്ങള്‍ക്കൊപ്പമാണ്. സ്ഥിതി വളരെ ഗൗരവേറിയതാണ്. അതിനാലാണ് കോടതി കൂടുതല്‍ പരിശോധന നടത്തുന്നത്. പറ്റുമെങ്കില്‍ ദയവായി ക്ഷമ കാണിക്കൂ.

ഇന്ദിര ജയ്‌സിങ്: റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ യുവതി പ്രവേശന ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല.ചീഫ് ജസ്റ്റിസ്: അതു ശരിയാണ്. പക്ഷേ ഇതൊരു വികാരപരമായ പ്രശ്‌നമാണ്. ക്ഷമ കാണിക്കൂ. താങ്കളുടെ കക്ഷിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനാകില്ല എന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, ഇതു സംബന്ധിച്ച്‌ ഒരു ഉത്തരവും ഞങ്ങള്‍ പുറപ്പെടുവിക്കില്ല. ബിന്ദുവിന് വേണമെങ്കില്‍ അവിടെ പോകാം, പ്രാര്‍ഥിക്കാം. ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ പറയുന്നത് അത്തരത്തില്‍ ഒരു ഉത്തരവിടണം എന്നല്ലേ.

എന്നാല്‍, ഞങ്ങളുടെ വിവേചന അധികാരം ഉപയോഗിച്ച്‌ അത്തരത്തില്‍ ഒരു ഉത്തരവും ഇടാന്‍ പോകുന്നില്ല. വിഷയം പരിഗണിക്കാന്‍ ഏഴംഗ വിശാല ബെഞ്ചിനെ ഉടന്‍ തീരുമാനിക്കും. വിധി നിങ്ങള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ഇപ്പോള്‍ ഉത്തരവിടില്ല. ഏഴംഗ ബെഞ്ചിന്റെ വിധി വരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കണം. ഞങ്ങള്‍ക്ക് ചില വിവേചനാധികാരമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഉത്തരവിടാതെ ഇരിക്കുന്നത്.

ഇന്ദിര ജയ് സിംഗ് : അങ്ങനെയെങ്കില്‍ ഒരു ചെറിയ അപേക്ഷ ഉണ്ട്.

ചീഫ് ജസ്റ്റിസ് : എന്താണ് ?

ഇന്ദിര ജയ് സിംഗ് : പുനഃപരിശോധന ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണം.

ചീഫ് ജസ്റ്റിസ് : ഏഴംഗ ബെഞ്ചിന്റെ വിധി വന്നതിന് ശേഷമേ പുനഃപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കഴിയുകയുള്ളു. നിലവില്‍ ഞാന്‍ ഏഴംഗബെഞ്ച് രൂപീകരിച്ചിട്ടില്ല. അത് വേഗത്തിലാക്കാം.

ഇന്ദിര ജയ് സിംഗ് : ഒരു ആവശ്യം കൂടി ഉണ്ട്

ചീഫ് ജസ്റ്റിസ് : പറയൂ

ഇന്ദിര ജയ് സിങ് : കഴിഞ്ഞ വര്‍ഷം ബിന്ദുവിന് സുപ്രീം കോടതി 24*7 സുരക്ഷ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. അത് പുനഃസ്ഥാപിക്കണം.

ചീഫ് ജസ്റ്റിസ് : സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കാം

കോളിന്‍ ഗോണ്‍സാല്‍വസ് : എന്റെ കക്ഷിക്ക് നേരെയും ഭീഷണി ഉണ്ട്.

കൈലാഷ് വാസുദേവ് (അഖില ഭാരത അയ്യപ്പ ധര്‍മ്മ പ്രചാര സഭയുടെ അഭിഭാഷകന്‍) : കേസില്‍ മെറിറ്റില്‍ കേള്‍ക്കുകയാണെങ്കില്‍ എനിക്ക് ചിലത് പറയാനുണ്ട്. (രഹ്ന ഫാത്തിമയുടെ) റിട്ട് ഹര്‍ജിയിലെ 24ാമത്തെ പേജിലെ രണ്ടാമത്തെ ആവശ്യം കോടതി നോക്കണം. ഞാന്‍ വായിക്കണമോ അതോ കോടതി നോക്കുമോ?

ചീഫ് ജസ്റ്റിസ് ഹര്‍ജി വായിക്കുന്നു. എന്നിട്ട് ചിരിക്കുന്നു. പേപ്പര്‍ ബുക്ക് മടക്കി വയ്ക്കുന്നു

ചീഫ് ജസ്റ്റിസ് : (കോളിന്‍ ഗോണ്‍സാല്‍വസിനോട്) നിങ്ങള്‍ക്ക് ഭീഷണി ഉണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കുക.
(ചീഫ് ജസ്റ്റിസ് ഉത്തരവ് ഇടുന്നു)

shortlink

Related Articles

Post Your Comments

Related Articles


Back to top button