
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ മലയോര ഭാഗങ്ങളിൽ മാവോയിസ്റ്റ് സംഘടനകളുടെ സജീവ സാന്നിധ്യം. ആനക്കാംപൊയിൽ മുത്തപ്പൻപുഴ മൈനാംവളവിൽ ഒരാഴ്ചയ്ക്കിടയിൽ രണ്ട് പ്രാവശ്യമാണ് ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തിയത്.
വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ പ്രദേശവാസിയായ സോളി ബെന്നിയുടെ വീട്ടിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻന്മാരും ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് എത്തിയത്. ആയുധധാരികളായ സംഘം സോളിയുടെ വീട്ടിലെത്തുമ്പോൾ മകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനെ തുടർന്ന് മടങ്ങിപ്പോയ സംഘം ജോലി കഴിഞ്ഞ് സോളിയും മറ്റൊരു മകളും വീട്ടിലെത്തിയപ്പോൾ വീണ്ടുമെത്തി. വനപാലകർക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് വീട്ടുകാരോട് മാവോവാദിസംഘം സംസാരിച്ചത്.
ഏറെനേരം വീട്ടിൽ ചെലവഴിച്ച സംഘം ഭക്ഷണമുണ്ടാക്കി കഴിച്ച ശേഷം അരി ഉൾപ്പെടെയുള്ള സാധനങ്ങളുമായിട്ടാണ് മടങ്ങിയത്. ‘കനൽപ്പാത’ എന്ന പേരിലുള്ള ലഘുലേഖയും സംഘം വിതരണം ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ നന്മണ്ടയിലും മാവോവാദി അനുകൂല പോസ്റ്ററുകൾ കണ്ടെത്തിയത്.
ALSO READ: മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു
പതിനാലാം മൈലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പതിച്ച പോസ്റ്ററുകളിൽ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന കാര്യങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. സായുധ സമരത്തിലൂടെ പുതിയൊരു ഇന്ത്യയെ നിർമിക്കുക, തൊഴിലാളി വർഗ ഭരണകൂടം സൃഷ്ടിച്ചെടുക്കുക തുടങ്ങിയ മുദ്രവാക്യങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. സി.പി.ഐ മാവോയിസ്റ്റ് എന്നും പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം പോസ്റ്റർ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ബാലുശ്ശേരി പൊലീസ് എത്തി പോസ്റ്ററുകൾ നീക്കം ചെയ്തു.
Post Your Comments