Latest NewsNewsUK

ബ്രെക്സിറ്റ് കരാർ: പുതിയ ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി

ലണ്ടൻ: ബ്രെക്സിറ്റ് നടപ്പാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിന്മാറുന്നതിന് അനുമതി നൽകുന്ന ബില്ലിന് അനുകൂലമായി 358 വോട്ടും എതിർത്ത് 234 വോട്ടും ലഭിച്ചു.

ക്രിസ്മസ് അവധിക്കുശേഷം അടുത്ത മാസം പാർലമെന്റ് കരാർ വിശദമായി പരിശോധിച്ച് അന്തിമ അംഗീകാരം നൽകും. അതോടെ അര നൂറ്റാണ്ടോളം യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്ന ബ്രിട്ടൻ സ്വതന്ത്ര വ്യാപാരത്തിന്റെ പുത്തൻ വെല്ലുവിളികൾ നേരിടേണ്ടിവരും. അടുത്ത ജനുവരി 31നു മുൻപ് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുമെന്ന വാഗ്ദാനവുമായി ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന് ഏറെ ആശ്വാസകരമായ തീരുമാനമാണിത്.

നേരത്തെ കരാറിന് പാർലമെന്റിന്റെ അംഗീകാരം നേടാനാവാതെ വിഷമിച്ച ജോൺസൻ ഇടക്കാല തിരഞ്ഞെടുപ്പിനു തയാറാവുകയായിരുന്നു. മുൻഗാമി തെരേസ മേ 3 വർഷത്തെ ഭരണത്തിനിടയിൽ പലവട്ടം ശ്രമിച്ചിട്ടും കഴിയാതിരുന്ന ബ്രെക്സിറ്റ് യാഥാർഥ്യമാക്കുന്നതു ജോൺസനു നേട്ടമാകുമെങ്കിലും ഒട്ടേറെ വെല്ലുവിളികൾ നേരിടാനുണ്ട്.

ALSO READ: ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനില്‍ സാധ്യതയില്ല: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

യൂറോപ്യൻ യൂണിയൻ 2016 ലാണ് വിടണമെന്ന് ഹിതപരിശോധനയിലൂടെ ബ്രിട്ടൻ വിധിയെഴുതിയത്. 2020 ഡിസംബർ 31 ആണ് ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ യൂറോപ്യൻ യൂണിയൻ നീട്ടിനൽകിയിട്ടുള്ള സമയപരിധി. അനിശ്ചിതത്വങ്ങൾക്കു വിരാമമായതോടെ സാമ്പത്തിക രംഗത്ത് ഉണർവ് പ്രകടമായിട്ടുണ്ട്. പൗണ്ടിന്റെ മൂല്യത്തിലും കാര്യമായ വർധനയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button