KeralaLatest NewsNews

‘പൗരത്വ നിയമത്തിനെതിരെ എന്തുകൊണ്ട് പൊതുജനം തെരുവില്‍ വെടിയുണ്ടകളേറ്റു വാങ്ങുന്നു’; അഡ്വ. ശ്രീജിത്തിന് പറയാനുള്ളത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്തെത്തി. പൗരത്വ ഭേദഗതി നിയമം അതിര്‍ത്തികളില്ലാത്ത ഒരു സമൂഹമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ തികച്ചും വിവേചനപരമായാണ് ഈ അതിര്‍ത്തികളില്ലാത്ത സമൂഹമായി പ്രഖ്യാപിക്കുന്നതെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു , ബുദ്ധ, ജൈന , പാഴ്സി , സിഖ് , ക്രിസ്ത്യന്‍ എന്നീ ന്യുനപക്ഷ മതവിശ്വാസികള്‍ അല്ലാതെയുള്ള ഹുസൈനി ബ്രാഹ്മണര്‍, അഹമ്മദീയ മുസ്ലിങ്ങള്‍, നിരീശ്വര വാദികള്‍ തുടങ്ങിയ വിഭാഗങ്ങളെ നിയമത്തില്‍ പരിഗണിക്കുകയോ, ഉള്‍പ്പെടുത്തുകയോ ചെയ്യാതെ പ്രത്യക്ഷമായ വിവേചനം നടത്തിയത് എന്തുകൊണ്ട് എന്നും ശ്രീജിത്ത് ചോദിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പൗരത്വ നിയമത്തിനെതിരെ എന്തുകൊണ്ട് പൊതുജനം തെരുവിൽ വെടിയുണ്ടകളേറ്റു വാങ്ങുന്നു ❓

സംഘമിത്രങ്ങളുടെ അന്തം ന്യായീകരണങ്ങളോടുള്ള ലളിതമായ മറുപടി ഇങ്ങനെ..,

എന്താണ് ഭേദഗതി ചെയ്ത പുതിയ പൗരത്വ നിയമം പറയുന്നത് ❓

?പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് (പ്രസ്തുത രാജ്യങ്ങളിൽ ന്യുനപക്ഷമായി പീഡനങ്ങൾ ഏൽക്കേണ്ടിവന്നവർക്ക്) ഇന്ത്യൻ പൗരത്വം നേടുന്നതിനായാണ് 1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു പുതിയ നിയമം കൊണ്ടുവന്നത് .

2014 ഡിസംബർ 31-ലോ അതിനുമുമ്പോ ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശ് പാകിസ്താൻ അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാർ ആയി കരുതുന്നതിൽനിന്നും ഈ നിയമം ഒഴിവാക്കുന്നു. അവർ ഇന്ത്യൻ പൗരത്വത്തിനായി ഇന്ത്യയിൽ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി കുറയ്ക്കാൻ ഈ നിയമം അനുവദിക്കുന്നു.അത്തരം യോഗ്യതകളിൽ നിന്ന് മുസ്ലീങ്ങളെ ഈ നിയമം ഒഴിവാക്കുന്നു.

❓ ഇനി എന്റെ ചോദ്യങ്ങൾ ❓

1 . പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു , ബുദ്ധ, ജൈന , പാഴ്‌സി , സിഖ് , ക്രിസ്ത്യൻ എന്നീ ന്യുനപക്ഷ മതവിശ്വാസികൾ അല്ലാതെയുള്ള ഹുസൈനി ബ്രാഹ്മണർ, അഹമ്മദീയ മുസ്ലിങ്ങൾ, നിരീശ്വര വാദികൾ തുടങ്ങിയ വിഭാഗങ്ങളെ നിയമത്തിൽ പരിഗണിക്കുകയോ, ഉൾപ്പെടുത്തുകയോ ചെയ്യാതെ പ്രത്യക്ഷമായ വിവേചനം നടത്തിയത് എന്തുകൊണ്ട് ?

2 . അയൽരാജ്യമായ മ്യാൻമറിലെ മതന്യുനപക്ഷമായിരുന്ന പിന്നീട് ഇന്ത്യയിലെത്തിയ റോഹിൻഗ്യൻ മുസ്ലീങ്ങളെ എന്തുകൊണ്ട് പൗരത്വ നിയമത്തിൽ പരിഗണിച്ചില്ല ? ബംഗ്ളാദേശിലെ ഭൂരിപക്ഷ സമൂഹമായി റോഹിൻഗ്യാൻസിനെ പരിഗണിച്ചത് നിയമവിരുദ്ധമായിട്ടാണ് . കാരണം മ്യാൻമർ എന്ന രാജ്യത്തിലെ ന്യനപക്ഷമായ റോഹിൻഗ്യൻ മുസ്‌ലിംസ് പിന്നീട് ബംഗ്ളാദേശിലേക്ക് കുടിയേറുകയും അവിടെ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയതുമാണ്. അന്തരാഷ്ട്ര നിയമങ്ങൾ പ്രകാരം അവർ മാത്ത് ന്യുനപക്ഷമായി മ്യാൻമറിൽ നിന്നും കുടിയേറിയതായതുകൊണ്ട് അവർക്കും പൗരത്വ ഭേദഗതി നിയമത്തിൽ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നില്ലേ ?

3 . പൗരത്വ ഭേദഗതി നിയമം അതിർത്തികളില്ലാത്ത ഒരു സമൂഹമാണ് ലക്ഷ്യമിടുന്നത്. എന്നാൽ തികച്ചും വിവേചനപരമായാണ് ഈ അതിർത്തികളില്ലാത്ത സമൂഹമായി പ്രഖ്യാപിക്കുന്നത്. ന്യുനപക്ഷങ്ങളായ മുസ്ലീങ്ങളും, നിരീശ്വരവാദികളും പടിക്ക് പുറത്തായത് നിയമവിരുദ്ധവും പ്രകൃതി വിരുദ്ധവുമാണ്

4 . പൗരത്വ ഭേദഗതി നിയമം വന്നെങ്കിലും, അതിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും പഴയ മാനദണ്ഡമനുസരിച്ച് 11 വർഷകാലം ഇന്ത്യയിൽ താമസിച്ചാൽ മുസ്ലീങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. എന്നാൽ മറ്റു മതത്തിൽപ്പെട്ടവർക്ക് അത് 6 വർഷം മതി എന്നത് മതത്തിനുമപ്പുറം വീണ്ടും മുസ്ലീങ്ങൾ നേരിടുന്ന വിവേചനവും അനീതിയുമല്ലേ ?

5 . ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ മതപീഡനങ്ങൾ നേരിടുന്നവർ എന്നതിന് പൗരത്വ ഭേദഗതി നിയമത്തിൽ കൃത്യമായ വ്യാഖ്യാനങ്ങൾ അഥവാ ഡെഫനിഷൻ ഇല്ലാത്തതിനാൽ. അത് എങ്ങനെ മുസ്ലീങ്ങൾ ഒഴികെയുള്ളവർ മാത്രമാണെന്ന് നിജപ്പെടുത്തി നിയമത്തിന്റെ ആനുകൂല്യം നൽകും ?

ഇനി എന്താണ് NRC എന്ന് മനസിലാക്കാം ❓

സുപ്രീംകോടതി ഉത്തരവ് പ്രകാരം ആസാമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പട്ടികയാണ് National Register of Citizens അഥവാ ദേശീയ പോരാത്ത രജിസ്റ്റർ. ആസാമിന്റെ തനത് സംസ്കാരം നിലനിർത്താനും കുടിയേറ്റക്കാരെ കണ്ടെത്താനുമാണ് പൗരത്വ രജിസ്റ്റർ നടപ്പിലാക്കിയത് എങ്കിലും പിന്നീട് ബിജെപി നേതാക്കളും, ആഭ്യന്തര മന്ത്രിയും National Register of Citizens അഥവാ ദേശീയ പോരാത്ത രജിസ്റ്റർ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമെന്ന് പാർലമെന്റിൽ ഉൾപ്പെടെ പ്രഖ്യാപിച്ചു.

NRC (National Register of Citizens ) എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കുമോ❓

നിലവിൽ സാധ്യമല്ല. കാരണം സുപ്രീംകോടതി വിധി പ്രകാരമാണ് ആസാമിൽ രജിസ്റ്റർ നടപ്പിലാക്കിയത്. അതിനാൽത്തന്നെ കേന്ദ്ര നിയമം പാസാക്കിയ ശേഷം മാത്രമേ മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ അത്തരമൊരു നിയമം കൃത്യമായി ബിജെപി സർക്കാർ ഡ്രാഫ്റ്റ് ചെയ്യുകയും പോരാത്ത നിയമഭേദഗതിക്ക് ശേഷം പാസ്സാക്കാൻ തയ്യാറാക്കി വെക്കുകയും ചെയ്തിട്ടുണ്ട്. അതായതു അനധികൃത കുടിയേറ്റക്കാരെയും, നുഴഞ്ഞു കയറ്റക്കാരെയും കണ്ടെത്തി അവരെ അവരുടെ രാജ്യത്തിലേക്ക് തിരികെ അയക്കുകയോ അല്ലെങ്കിൽ തടവിലാകുകയോ ചെയ്യുക എന്നതാണ് നിയമത്തിലെ വ്യവസ്ഥ.

പൗരത്വ നിയമത്തിന്റെ പിൻബലത്തിൽ NRC നടപ്പിലാക്കാൻ സാധിക്കുമോ ❓

തീർച്ചയായും, പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ രൂപീകരിച്ച ശേഷം പൗരത്വ രജിസ്റ്റർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് ഉത്തരവിടാനും, അതിലൂടെ മുസ്ലീങ്ങളെ അഭയാർത്ഥികളാക്കി മാറ്റാനും സാധിക്കും.

പൗരത്വ നിയമ ഭേദഗതിയും NRC യും ആരെയൊക്കെയാണ് ബാധിക്കുക ❓

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാരെ പൗരത്വ രജിസ്റ്റർ ബാധിക്കില്ല കാരണം അവർ CAB അഥവാ പൗരത്വ നിയമപ്രകാരം സംരക്ഷണം ഉള്ളവരാകുന്നു.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലുള്ള മുസ്ലീങ്ങളെയും, മറ്റു രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയുമാണ് പ്രധാനമായും NRC അഥവാ പൗരത്വ രജിസ്റ്റർ ബാധിക്കുക എങ്കിലും രാജ്യത്തുള്ള എല്ലാ ജനങ്ങളെയും പ്രത്യക്ഷത്തിൽ ബാധിക്കുകയും ആവശ്യമായ രേഖയില്ലാത്തപക്ഷം അല്ലെങ്കിൽ രേഖകളിൽ തെറ്റുകളുള്ളപക്ഷം നിലവിലെ പൗരന്മാരെയും പൗരത്വ രജിസ്റ്റർ ബാധിക്കും.

NRC അഥവാ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താകുന്നവർക്ക് എന്ത് സംഭവിക്കും ❓

NRC നടപ്പിലാക്കിയ ആസാമിലേതുപോലെ എല്ലാ സംസ്ഥാനങ്ങളിലും ഡീറ്റെൻഷൻ സെന്റർ അല്ലെങ്കിൽ തടവറകൾ /ജയിലുകൾ നിർമ്മിക്കപ്പെടുകയും പൗരത്വം തെളിയിക്കാൻ സാധിക്കാത്തവർ ജയിലിലാകുകയോ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടിയേറ്റക്കാരുടെ രാജ്യങ്ങൾ അവരെ സ്വീകരിക്കാൻ തയ്യാറായാൽ അവരെ തിരികെ പ്രസ്തുത രാജ്യത്തിലേക്ക് അയക്കുകയും ചെയ്യും.

ഇന്ത്യ എന്ന രാജ്യത്തെ ഹിന്ദു രാമാ രാജ്യമാക്കുന്ന പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ന്യുനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നത്. അതിന്റെ ഭാഗമായാണ് തീർത്തും മുസ്‌ലിം വിവേചനപരമായ ഒരു നിയമം ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് നിർമ്മിച്ചിരിക്കുന്നത് എന്നതിൽ സംശയം വേണ്ട. പൗരത്വ ഭേദഗതി നിയമത്തിനു ശേഷം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ NRC ബില്ല് കൊണ്ടുവരുകയും രാജ്യം മുഴുവൻ പൗരത്വ രജിസ്റ്റർ നടപ്പിലാക്കി മുസ്ലീങ്ങളെ പുറംതള്ളാനോ, ജയിലിലടയ്ക്കാനോ ഉള്ള പദദ്ധികളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത് .

അഡ്വ ശ്രീജിത്ത് പെരുമന

https://www.facebook.com/photo.php?fbid=10158376337487590&set=a.498412232589&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button