Latest NewsKerala

സര്‍ക്കാര്‍ വകുപ്പുകളില്‍ വ്യാപകമായി പിന്‍വാതില്‍ നിയമനം, ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ പൊലിയുന്നു

തൃശൂര്‍ : സര്‍ക്കാര്‍ വകുപ്പുകളില്‍ വ്യാപകമായി പിന്‍വാതില്‍ നിയമനം നടക്കുന്നെന്ന റിപ്പോര്‍ട്ട്‌ തൊഴില്‍ വകുപ്പ്‌ പൂഴ്‌ത്തി. സര്‍ക്കാര്‍ വകുപ്പുകളിലും ബോര്‍ഡ്‌/കോര്‍പ്പറേഷനുകളിലും പിന്‍വാതില്‍ നിയമനം വര്‍ധിക്കുന്നതായി കാണിച്ച്‌ എപ്ലോയ്‌മെന്റ്‌ ഡയറക്‌ടറേറ്റാണ്‌ തൊഴില്‍ വകുപ്പിനു റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഡയറക്‌ടറേറ്റിന്‌ കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗമാണ്‌ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. ബോര്‍ഡ്‌/കോര്‍പ്പറേഷന്‍ തലങ്ങളിലാണു കൂടുതലായി പിന്‍വാതില്‍ നിയമനം നടക്കുന്നതെന്നു റിപ്പോര്‍ട്ട്‌ പറയുന്നു.

പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല.എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗത്തിനാണ്‌ ഇതുസംബന്ധിച്ച ക്രമക്കേടുകള്‍ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാനുള്ള ചുമതല. എന്നാല്‍, പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയാലും തുടര്‍ നടപടി വിലക്കി രാഷ്‌ട്രീയ ഇടപെടലുണ്ടാകുകയാണു പതിവ്‌.

ബോര്‍ഡ്‌/കോര്‍പ്പറേഷന്‍ തസ്‌തികകളില്‍ പിന്‍വാതില്‍ നിയമനത്തിനുള്ള കുറുക്കുവഴികള്‍ രൂപപ്പെടുത്തിവയ്‌ക്കുന്നതും നടപടിക്കു തടസമാണ്‌. ഈ സാഹചര്യത്തില്‍ പിന്‍വാതില്‍ നിയമനം തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നാണ്‌ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ.90 എംപ്ലോയ്‌മെന്റ്‌ ഓഫീസുകളാണ്‌ സംസ്‌ഥാനത്തുള്ളത്‌. ഉദ്യോഗാര്‍ഥികളുടെ പേര്‌ രജിസ്‌റ്റര്‍ ചെയ്യുന്നതും പുതുക്കുന്നതുമെല്ലാം പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയായതോടെ എംപ്ലോയമെന്റ്‌ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം, സ്വയം തൊഴില്‍ പരിശീലനവും സ്വകാര്യ സ്‌ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുമായി ഒതുങ്ങി.

ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ ഉടന്‍തന്നെ പി.എസ്‌.സിയേയും എംപ്ലോയ്‌മെന്റ്‌ ഡയറക്‌ടറിനേയും അറിയിക്കണമെന്നാണ്‌ വ്യവസ്‌ഥ. എന്നാല്‍, റിപ്പോര്‍ട്ട്‌ നല്‍കാതെ സ്വന്തക്കാരെ പിന്‍വാതില്‍ വഴി തിരുകികയറ്റുന്ന രീതിയാണ്‌ ഇപ്പോള്‍ വ്യാപകമായത്‌. ഡ്രൈവര്‍ തസ്‌തികയില്‍ നിയമനം നല്‍കാന്‍ ബോര്‍ഡ്‌ അധികൃതര്‍ വാഹനം തന്നെ പുതുതായി വാങ്ങിച്ചതടക്കമുള്ള ഇടപെടലുകളും എംപ്ലോയ്‌മെന്റ്‌ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഭരണപക്ഷത്തെ പാര്‍ട്ടികളാണ്‌ ബോര്‍ഡ്‌/കോര്‍പ്പറേഷന്‍ ഭരണമെന്നതിനാല്‍തന്നെ നടപടിയുമായി മുന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്‌ഥയിലാണ്‌ ഉദ്യോഗസ്‌ഥര്‍. നിലവിലെ നിയമസംവിധാനത്തില്‍ ഭേദഗതി വരുത്തി പിന്‍വാതില്‍ നിയമനം തടയാന്‍ ശക്‌തമായ റൂള്‍ രൂപീകരിക്കണമെന്നാണ്‌ എംപ്ലോയ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ നല്‍കിയ ശിപാര്‍ശ.

നിയമവകുപ്പിന്റെ പരിഗണനയിലുള്ള ശിപാര്‍ശയില്‍ ഇപ്പോഴും സര്‍ക്കാര്‍തലത്തില്‍ നടപടിയായിട്ടില്ല. ഇതുമൂലം പിന്‍വാതില്‍ നിയമനം തകൃതിയാവുകയും ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ ജോലി പ്രതീക്ഷ പൊലിയുകയുമാണ്‌. മംഗളം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button