Latest NewsNewsIndia

പ്രധാനമന്ത്രിയുടെ ശാസ്ത്രീയബോധമല്ല രാജ്യത്തെ ഭാവിതലമുറക്ക് വേണ്ടത്, മോദിയുടെ ശാസ്ത്രീയ അവഗാഹം കേട്ട് രാജ്യം തന്നെ തലയിൽ കൈ​വച്ചിരിക്കേണ്ട അവസ്ഥ- ശശി തരൂര്‍

തിരുവനന്തപുരം•പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശാസ്ത്രീയബോധമല്ല രാജ്യത്തെ ഭാവിതലമുറക്ക് വേണ്ടതെന്നും പലപ്പോഴും മോദിയുടെ ശാസ്ത്രീയ അവഗാഹം കേട്ട് രാജ്യം തന്നെ തലയിൽ കൈ​വച്ചിരിക്കേണ്ട അവസ്ഥയാണെന്നും ശശി തരൂര്‍ എം.പി. തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതിക കാര്യങ്ങളിൽ സാമാന്യബോധമുള്ള 21ാം നൂറ്റാണ്ടി​െൻറ നേതാവായാണ് മോദിയെ വാഴ്​ത്തുന്നത്. എന്നാൽ, പല ഘട്ടങ്ങളിലും അദ്ദേഹത്തി​െൻറ ശാസ്ത്രീയ അവഗാഹം കേട്ട് രാജ്യം തന്നെ തലയിൽ കൈ​െവച്ചിരിക്കേണ്ട അവസ്ഥയാണ്. പ്ലാസ്​റ്റിക് സർജറി ആദ്യം നടന്നത് ആനയുടെ മുഖമുള്ള ഗണപതിയിലാണെന്നാണ് അദ്ദേഹം പറയുന്നത്.

അന്നത്തെ ആളുകൾ ജനിതകശാസ്ത്രത്തെക്കുറിച്ച് അറിവുള്ളവരായിരുന്നെന്ന് ഇതിഹാസമായ മഹാഭാരതം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി സമർഥിക്കുന്നു. ചെറിയ ആനക്കുട്ടിയുടെ തലപോലും മനുഷ്യ​​െൻറ കഴുത്തിൽ യോജിക്കില്ലെന്ന് ചിന്തിക്കാനുള്ള വിവരംപോലും അദ്ദേഹത്തിനില്ലെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നും തരൂര്‍ ചോദിച്ചു.

രാജ്യത്തെ വെല്ലുവിളികൾ നേരിടുന്നതിന് യുവശാസ്ത്രജ്ഞരുടെ മനസ് പാകപ്പെടുത്തുന്നതിനുള്ള അവസരമാണ് ബാലശാസ്ത്ര കോൺഗ്രസ് ഒരുക്കുന്നതെന്ന് ശശിതരൂർ എം. പി പറഞ്ഞു. ശാസ്ത്ര വൈരുദ്ധ്യ സമീപനം സ്വീകരിക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ രാജ്യം ശാസ്ത്ര മേഖലയിൽ വിസ്മയകരമായ സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ യഥാർത്ഥ വസ്തുതകളെയും അവിശ്വസനീയമാക്കിത്തീർക്കും. യുവശാസ്ത്രജ്ഞർ ഇത്തരം അവകാശവാദങ്ങളിൽ വീഴരുത്. എല്ലായ്‌പ്പോഴും വസ്തുതകളും സ്രോതസും ശ്രദ്ധിക്കണമെന്ന് ശശിതരൂർ പറഞ്ഞു.

ശാസ്ത്രീയ മനോഭാവത്തിനും അന്വേഷണ ത്വരയ്ക്കും നേരേയുള്ള അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ചുമതലകളിലുള്ളവരിൽ നിന്ന് ഇത്തരം നീക്കം നടക്കുന്നുവെന്നതാണ് ആകുലതയ്ക്കിടയാക്കുന്നത്. കാര്യങ്ങൾ ചരിത്രമെന്ന രീതിയിൽ അവതരിപ്പിക്കുകയും അതാണ് വസ്തുതയെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് സർജറി, ഏവിയേഷൻ ടെക്‌നോളജി എന്നിവയെക്കുറിച്ചെല്ലാം ഇത്തരം വ്യാഖ്യാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഭരണഘടനയിലെ 51 എച്ച് അനുഛേദം അനുസരിച്ച് ശാസ്ത്രീയ മനോഭാവം വികസിപ്പിക്കുകയെന്നത് ഓരോ പൗരന്റേയും ചുമതലയാണ്.

നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി. ഭാഷ, വേഷം, സംസ്‌കാരം എന്നിവയിലെല്ലാമുള്ള വൈവിധ്യത്തിനിടയിലും നമ്മെളെല്ലാം ഇന്ത്യക്കാരാണ്. ഭരണഘടയുടെ അടിസ്ഥാനം ഇന്ന് ഭീഷണി നേരിടുകയാണ്. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഈ വിഷമഘട്ടത്തിൽ ഇന്ത്യയിലെ പൗരൻമാരെന്ന നിലയിൽ ഇതിനെ നേരിടാൻ നമുക്കാവണം.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കോൺഗ്രസിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം നിങ്ങൾക്ക് ഇവിടെ ദർശിക്കാനാവും. കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം, മാലിന്യ നിർമാർജനം തുടങ്ങി ആഗോളതലത്തിൽ വെല്ലുവിളി നേരിടുന്ന വിഷയങ്ങൾ ബാല ശാസ്ത്ര കോൺഗ്രസ് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരം ബാലശാസ്ത്ര കോൺഗ്രസിൽ ലഭിക്കും. അത് നിങ്ങളുടെ മനസുകൾക്ക് പുതിയ ആശയങ്ങൾ പകർന്നു നൽകും.

ശാസ്ത്ര സാങ്കേതിക മേഖലകളെ പ്രോത്‌സാഹിപ്പിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. കഴിഞ്ഞ വർഷം കേരളത്തിൽ നിപ വൈറസ് ബാധയുണ്ടായി. എന്നാൽ സർക്കാരിന്റേയും ആരോഗ്യ മേലഖയുടെയും ഫലപ്രദമായ ഇടപെടൽ രോഗവ്യാപനത്തെ തടഞ്ഞു. ഇത്തരം വൈറസ് ബാധകളെ തടയുന്നതിനാണ് ലോക നിലവാരത്തിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കം കുറിച്ചത്. കുറച്ചു മാസത്തിനുള്ളിൽ ഇൻസ്റ്റിറ്റ്യൂട്ട് പൂർണ സജ്ജമാവും. കേന്ദ്ര സർക്കാരിന് കീഴിലുള്ള നിരവധി ശാസ്ത്ര കേന്ദ്രങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ നിരവധി ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൗൺസിലിന് നിരവധി പദ്ധതികളുണ്ട്. കൗൺസിൽ സംഘടിപ്പിക്കുന്ന മെഗാ പരിപാടിയായ കേരള സയൻസ് കോൺഗ്രസ് യുവ ശാസ്ത്രജ്ഞർക്ക് വിശാലമായ കാൻവാസാണ് ഒരുക്കുന്നത്.

സാമ്പത്തിക സാമൂഹ്യ വളർച്ചയ്ക്ക് സുപ്രധാനമായതിനാൽ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലയിൽ നിരവധി ഉന്നത പഠന ഗവേഷണ കേന്ദ്രങ്ങളും ഇതിനെ തുടർന്ന് ആരംഭിക്കുകയുണ്ടായി. ശാസ്ത്ര ഉത്പന്നങ്ങൾ നിർമിക്കുന്നതിൽ ഇന്ത്യ ഇന്ന് യു. എസിനും ചൈനയ്ക്കും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നതായി ശാസ്ത്ര ജേർണലുകളിൽ നിന്ന് വ്യക്തമാവുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ബാലശാസ്ത്ര കോൺഗ്രസ് സുവനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. ശശിതരൂർ എം.പിക്ക് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത ശാന്തകുമാറിന് മുഖ്യമന്ത്രി പുരസ്‌കാരം കൈമാറി.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ, ദേശീയ പ്രോഗ്രാം കോഓർഡിനേറ്റർ സുജിത്ത് ബാനർജി, ദേശീയ അക്കാഡമിക് കമ്മിറ്റി ചെയർമാൻ ടി. പി. രഘുനാഥ്, മാർഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. ഐ. ജോർജി, കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ്. പ്രദീപ്കുമാർ എന്നിവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button