KeralaLatest NewsNewsIndia

നഷ്ടപ്പെട്ട് പോയ മൊബൈൽ ഫോൺ ഇനി സർക്കാർ വെബ് സൈറ്റ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാം

മൊബൈൽ ഫോണുകൾ കാണാതെ പോകുന്നത് പലർക്കും ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ട് പോയാൽ സ്വകാര്യത തന്നെ അപകടത്തിലാകും. ഫോൺ നഷ്ടമായെന്ന് അറിഞ്ഞാൽ ആദ്യം ചെയ്യുക ഉപകരണം ആർക്കും ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിൽ ബ്ലോക്ക് ചെയ്യുക എന്നതാണ്. ഇതിനായി ഒരു സർക്കാർ വെബ് സൈറ്റ് തന്നെ ഉണ്ട്. നിലവിൽ മുംബൈയിലും ഡൽഹിയിലുമാണ് ഈ സേവനം ലഭിക്കുന്നത്. എന്നാൽ വൈകാതെ തന്നെ രാജ്യ വ്യാപകമായി ഈ സേവനം ലഭ്യമാകും.  2019 സെപ്റ്റംബറില്‍ മുംബൈയിലാണ് സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) എന്ന സേവനത്തിന് തുടക്കമിട്ടത്.

മൊബൈല്‍ഫോണ്‍ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്താല്‍ ഈ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഫോണ്‍ മോഷ്ടിച്ചയാള്‍ക്കോ അത് കളഞ്ഞുകിട്ടിയ ആള്‍ക്കോ ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. http://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്‌സൈറ്റ് വഴി ഫോണ്‍  ബ്ലോക്ക് ചെയ്യണമെങ്കില്‍ ഫോണ്‍ നഷ്ടമായതായി ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതി ഉപയോഗിച്ച് വേണം വെബ് സൈറ്റിൽ അപേക്ഷ നൽകുവാൻ. നഷ്ടമായ ഫോണിലെ ഡ്യൂപ്ലിക്കേറ്റ് സിമ്മുകളും എടുക്കണം, ഫോണിന്‍റെ IMEI നമ്പറും കൈയിൽ കരുതണം. തിരിച്ചറിയൽ കാർഡ്, പോലീസ് റിപ്പോർട്ടിന്‍റെ പകർപ്പ് എന്നിവ സൈറ്റിൽ അപ്ലേഡ് ചെയ്യണം. ഫോൺ നഷ്ടമായ തീയതി, സ്ഥലം, ഉടമയുടെ വിലാസം എന്നിവയും നൽകണം. അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ
റിക്വസ്റ്റ് ഐഡി ലഭിക്കും. ഇത് ഉപയോഗിച്ച് ഫോൺ ബ്ലോക്ക് ആയോ എന്നത് പരിശോധിക്കാം.

ഫോണ്‍ തിരികെ ലഭിച്ചാല്‍ അൺ ബ്ലോക്ക് ചെയ്യാനും നടപടി ക്രമങ്ങളുണ്ട്. ഫോണ്‍ തിരികെ ലഭിച്ചാല്‍ അക്കാര്യം ആദ്യം പോലീസില്‍ അറിയിക്കുക. അതിന് ശേഷം ഇതേ വെബ്‌സൈറ്റില്‍  തന്നെ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നല്‍കാം.  അപേക്ഷ നല്‍കിക്കഴിഞ്ഞ് അണ്‍ബ്ലോക്ക് ഒഴിവാക്കാന്‍ സമയമെടുക്കും. റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് അൺബ്ലോക്ക് ആയോ ഇല്ലയോ എന്ന് പരിശോധിക്കാൻ സാധിക്കും. നടപടി ക്രമങ്ങൾ കുറച്ച് കൂടി ലളിതമാക്കിയാൽ മികച്ച ഒരു സേവനമായി ഇത് മാറുമെന്നതിൽ സംശയമില്ല. ഫോൺ നഷ്ടമായ ആൾ എത്രയും പെട്ടന്ന് ബ്ലോക്ക് ചെയ്യുവാനാണല്ലോ ആഗ്രഹിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button