USALatest NewsNewsInternational

പ്രേതബാധയൊഴിപ്പിക്കലിന്റെ പേരില്‍ തട്ടിപ്പ്; കൈ നോട്ടക്കാരി അറസ്റ്റില്‍

ബോസ്റ്റണ്‍: കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കൈയ്യില്‍ നിന്ന് 70,000 ഡോളറില്‍ കൂടുതല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൈ നോട്ടക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു.

മസാച്യുസെറ്റ്സ് സോമര്‍സെറ്റ് പോലീസിന്റെ അന്വേഷണത്തിലാണ് ട്രേസി മിലനോവിച്ച് (37) അറസ്റ്റിലായത്. മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

സോമര്‍സെറ്റ് കൗണ്ടര്‍ സ്ട്രീറ്റില്‍ ട്രേസിയുടെ സൈക്കിക് പാം റീഡര്‍ എന്ന ബിസിനസ് സ്ഥാപനത്തില്‍ വെച്ചാണ് തട്ടിപ്പുകള്‍ നടന്നത്. ഡിസംബര്‍ 17-നാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ട്രേസി തന്നില്‍ നിന്ന് വലിയൊരു തുക തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയെന്നും ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്.

തന്‍റെ മകള്‍ക്ക് പ്രേതബാധയുണ്ടെന്ന് ബോധ്യപ്പെടുത്തിയെന്നും ‘കുട്ടിയെ ആ ആത്മാവില്‍ നിന്ന് മോചിപ്പിക്കാന്‍ പണവും വീട്ടുപകരണങ്ങളും ആവശ്യമാണെന്നും’ പറഞ്ഞതായി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിക്കാരിയില്‍ നിന്ന് ട്രേസി മിലനോവിച്ച് ഏകദേശം 71,000 ഡോളറെങ്കിലും മോഷ്ടിച്ചതായി ആരോപിക്കുന്നു. കൂടാതെ, ബെഡ്ഷീറ്റുകള്‍, ടവ്വലുകള്‍, കിടക്ക തുടങ്ങിയ അധിക സാമഗ്രികള്‍ക്കും അമ്മ പണം നല്‍കി.

പോലീസ് അന്വേഷണത്തിന്‍റെ ഫലമായി ട്രേസിയെ ഡിസംബര്‍ 27 ന് കസ്റ്റഡിയിലെടുത്തു. പിന്നീട് ഡിസംബര്‍ 30 ന് ഫാള്‍ റിവര്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ട്രേസിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും, സമാനമായ രീതിയില്‍ ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെങ്കില്‍ അവര്‍ മുന്നോട്ടു വരണമെന്നും സോമര്‍സെറ്റ് പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ട്രേസി മിലനോവിച്ചിനെപ്പോലുള്ളവരാണ് തങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്നതെന്നാണ് മറ്റുള്ള കൈ നോട്ടക്കാരുടെ അഭിപ്രായം.

‘ഈ സംഭവം ഞങ്ങളെപ്പോലെയുള്ള ബാക്കിയുള്ളവരെക്കൂടി മോശമായി ചിത്രീകരിക്കുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ ആരാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നത്,’ ട്രേസിയുടെ സ്ഥാപനത്തില്‍ നിന്ന് കുറച്ചകലെയുള്ള മറ്റൊരു കൈ നോട്ടക്കാരി ലോറി ബെല്‍ചെ മാധ്യമങ്ങളോടു പറഞ്ഞു.

തന്‍റെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന പണത്തെക്കുറിച്ച് ആളുകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ബെല്‍ചെ പറഞ്ഞു. 30 മിനിറ്റ് സെഷന് 50 ഡോളറാണ് താന്‍ ഈടാക്കുന്നതെന്നും ബെല്‍ചെ പറഞ്ഞു.

‘പ്രവചനം ആഗ്രഹിക്കുന്ന ആളുകള്‍ ഉണ്ട്. എന്നുവെച്ച് കൈ നോട്ടം, മനസ്സു വായിക്കല്‍, പ്രവചിക്കല്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ സഹായം തേടി പോകരുതെന്ന്’ ലോറി ബെല്‍ചെ പറഞ്ഞു.

2018 ഒക്ടോബറിലാണ് ട്രേസി മിലനോവിച്ച് സോമര്‍സെറ്റില്‍ പാം റീഡിംഗ് ബിസിനസ് ആരംഭിച്ചത്.

ട്രേസി മിലനോവിച്ചിന്റെ തട്ടിപ്പില്‍ ഇരയായിട്ടുണ്ടെന്ന് വിശ്വസിക്കുന്നവര്‍ 508 679 2138 എന്ന ഫോണ്‍ നമ്പറില്‍ സോമര്‍സെറ്റ് പോലീസ് ഓഫീസര്‍ ഡൊണാള്‍ഡ് കോര്‍മിയറുമായി ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button