KeralaLatest NewsNews

‘കഴിഞ്ഞ പ്രളയത്തില്‍ പാലക്കാട്ടെ പല ഊരുകളും ഒറ്റപ്പെട്ടപ്പോള്‍ അവിടേയും ഷര്‍മ്മിള രക്ഷയ്‌ക്കെത്തി’, പാലക്കാടന്‍ കാടുകളിലെ കഞ്ചാവ് മാഫിയകളെ കിടുകിടാ വിറപ്പിച്ച പെണ്‍പുലി ഷര്‍മിള ജയറാമിനെ കുറിച്ചൊരു കുറിപ്പ്

പാലക്കാടന്‍ കാടുകളിലെ കഞ്ചാവ് മാഫിയകളെ കിടുകിടാ വിറപ്പിച്ച പെണ്‍പുലി ഷര്‍മിള ജയറാം മരണത്തിലേക്ക് നടന്ന് കയറി മറഞ്ഞപ്പോള്‍ നഷ്ടം വനംവകുപ്പിനും, കുടുംബത്തിനും മാത്രമല്ല എന്നും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന പാലക്കാടന്‍ ഊരുകള്‍ക്ക് കൂടിയാണ്.. കാട്ടുതീയെയും കഞ്ചാവ് മാഫിയയെയും ധൈര്യത്തോടെ നേരിട്ട അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പാലക്കാട് കള്ളിക്കാട് ദീപം വീട്ടില്‍ ഷര്‍മിള ജയറാമിന്റെ മരണം ഏവരേയും ദു:ഖത്തിലാഴ്ത്തിയിരുന്നു. ഷര്‍മിളയെക്കുറിച്ച് വനജാ വാസുദേവ് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാലക്കാടന്‍ കാടുകളിലെ കഞ്ചാവ് മാഫിയകളെ കിടുകിടാ വിറപ്പിച്ച പെണ്‍പുലി ഷര്‍മിള ജയറാം മരണത്തിലേക്ക് നടന്ന് കയറി മറഞ്ഞപ്പോള്‍ നഷ്ടം വനംവകുപ്പിനും, കുടുംബത്തിനും മാത്രമല്ല എന്നും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന പാലക്കാടന്‍ ഊരുകള്‍ക്ക് കൂടിയാണ്..

”ഒരു ഫോറസ്റ്റ് ഓഫീസര്‍ ടഫും, ഓള്‍റൗണ്ടറും ആയിരിക്കണമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ? ഒരു ഫോറസ്റ്റ് ഓഫീസറുടെ ജോലി, അത് സ്ത്രീയാണെങ്കില്‍ പോലും പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടതാണ്‌. പുരുഷന്‍മാര്‍ കഠിനാദ്ധ്വാനം ചെയ്യുകയും, സ്ത്രീകള്‍ സുരക്ഷ ഭീതിയാല്‍ ഒരു പടി പിന്നില്‍ നിന്നാല്‍ പിന്നെ എങ്ങനെ നമുക്ക് ലിംഗസമത്വം കൈവരിക്കാന്‍ സാധിക്കും?”

കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ആദ്യമായി കേരളമൊട്ടാകെ Women Beat Forest Officers (forest guards ) വിംഗിലെ അംഗമായി തിരഞ്ഞെടുത്തതിന് ശേഷമുള്ള ഷര്‍മ്മിള ജയറാമിന്റെ വാക്കുകളാണ്. പാലക്കാടന്‍ കാടുകളിലെ മാവോവാദികളുടെ സാനിദ്ധ്യം കൊണ്ട് കാട് കയറാന്‍ വനപാലകര്‍ പിന്‍തിരിഞ്ഞ് നില്‍ക്കുന്ന സമയത്ത് , കഞ്ചാവ് കൃഷിക്കാര്‍ കാടിനുള്ളില്‍ നിര്‍ഭയം വേരുറപ്പിക്കുന്ന സമയത്താണ് ഷര്‍മ്മിളയെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥ കാട് കയറുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് ഫോറസ്ട്രി ബിരുദവും, ഡെറാഡൂണ്‍ വൈല്‍ഡ് ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയപാലക്കാട്ട് കാരി ശര്‍മ്മിളയ്ക്ക് കാട് അപരിചിതമായിരുന്നില്ല. സ്ത്രീയെന്നതോ, സുരക്ഷയെ കുറിച്ചുള്ള വേവലാതിയൊ ഒന്നും ഇല്ലാതെ ചുരുങ്ങിയ കാലം കൊണ്ട് റേഞ്ച് ഓഫീസര്‍ എന്ന നിലയില്‍ ഷര്‍മ്മിള അട്ടപ്പാടിയില്‍ നടത്തിയത് നിരവധി കഞ്ചാവ് വേട്ടകളാണ്. മാവോയിസ്റ്റുകളെ ഭയന്ന് വനപാലകര്‍ പോലും കയറാന്‍ മടിച്ച കാടുകളിലേക്ക് ധൈര്യപൂര്‍വ്വം അവര്‍ കടന്ന് ചെന്നു. ദുര്‍ഘടമായ മല്ലീശ്വരന്‍ മുടി, ചെന്താമര തുടങ്ങിയ വനങ്ങളില്‍ മലമുകളിലെത്തി കഞ്ചാവ് തോട്ടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു.ഷര്‍മ്മിള കാട് കയറാന്‍ തുടങ്ങിയപ്പോള്‍ കഞ്ചാവ് മാഫിയ കാടിറങ്ങി..

ഫോറസ്റ്റ് ഓഫീസറുടെ യൂണിഫോമിനും, ജോലിക്കും അപ്പുറത്ത് പാലക്കാടന്‍ ഊരുകളിലെ വികസനത്തിനും ഷര്‍മ്മിള സമയം കണ്ടെത്തി. അവിടുത്തെ മനുഷ്യരുടെ പ്രശ്നങ്ങള്‍ കേട്ടു. വനമേഖലയിലെ സ്കൂളുകള്‍ക്കും, ആദിവാസി വിദ്യാര്‍തൃഥികള്‍ക്കും പഠന സഹായം എത്തിക്കാന്‍ ‘ആരണ്യോപഹാരം’ എന്ന പ്രത്യേക പദ്ധതി നടപ്പാക്കിയത് ഷര്‍മ്മിള ആയിരുന്നു . കഴിഞ്ഞ പ്രളയത്തില്‍ പാലക്കാട്ടെ പല ഊരുകളും ഒറ്റപ്പെട്ടപ്പോള്‍ അവിടേയും ഷര്‍മ്മിള രക്ഷയ്ക്കെത്തി. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിച്ച് കൃത്യമായി ഊരുകളിലെ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ അവരെത്തിച്ചു.

ഡിസംബര്‍ 24 ന് വനം വകുപ്പിന്റെ വാഹനത്തില്‍ ഡ്രൈവര്‍ ഉബൈദിനൊപ്പം പന്നിയൂര്‍ പടികയിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് അട്ടപ്പാടി ചെമ്മണ്ണൂരിലെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കൈവരി തകര്‍ന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പുറത്തെടുത്ത ഉബൈദില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വെള്ളത്തില്‍ ഷര്‍മ്മിളയും വീണ കാര്യം പറയുന്നത്. ഇരുപത് മിനിറ്റോളം ഇവര്‍ വെള്ളത്തിനടിയില്‍ ആയിരുന്നു . അധികം വൈകാതെ ഉബൈദ് മരണമടഞ്ഞു. തുടര്‍ ദിവസങ്ങളില്‍ മരണത്തിനും, ജീവിതത്തിനും ഇടയിലൂടെയുള്ള യാത്രയില്‍ മടങ്ങി വരവിന്റെ ലക്ഷണങ്ങള്‍ പലതവണ കാട്ടിയെങ്കിലും അവസാനം ഷര്‍മ്മിളയും കീഴടങ്ങി…

ഷര്‍മ്മിള മരിക്കുമ്പോള്‍ വയസ്സ് വെറും മുപ്പത്തി രണ്ട്. നിശ്ചയ ദാര്‍ഢ്യമുള്ള, ധൈര്യമുള്ള, മനുഷത്വമുള്ള, പോരാളിയായ ഒരുവള്‍ മരിക്കേണ്ട പ്രായം ഇതല്ലായിരുന്നു…കാട് കയറി കഞ്ചാവ് വളര്‍ത്തിയവരെ വിറപ്പിച്ച് കാടിറക്കിയവളുടെ മരണം ഇവ്വിധവും ആകേണ്ടിയിരുന്നില്ല. നഷ്ടം അച്ഛനും, അമ്മയ്ക്കും ഭര്‍ത്താവിനും, നാല് വയസ്സ്കാരന്‍ മകനും മാത്രമല്ല ഊരുകളിലെ കുറേയേറെ മനുഷ്യരുടെ കൂടിയായിരുന്നു. അവള്‍ വളര്‍ത്തിക്കൊണ്ട് വന്ന ഒരു തലമുറയുടെ ആയിരുന്നു ….

ഷര്‍മ്മിള ….പ്രിയ സഹോദരീ…മരിച്ച് കിടക്കുന്ന മകള്‍ക്ക്, ധീരയായ മകള്‍ക്ക് അന്ത്യ ചുംബനത്തോടൊപ്പം സല്യൂട്ട് ചെയ്യുന്ന അമ്മ ഭാനുമതിയെ പോലെ ഞങ്ങളോരോരുത്തരും ഹൃദയം കൊണ്ട് സല്യൂട്ട് ചെയ്യുന്നു…സ്നേഹാഭിവാദ്യങ്ങള്‍…താങ്കള്‍ ഒരു പ്രചോദനമാണ്. ‘സ്ത്രീ ‘ എന്നത് പരിമിതികളില്ലാത്തവള്‍ ആണെന്ന് സമൂഹത്തിന് ബോദ്ധ്യപ്പെടുത്തി കൊടുക്കാന്‍ ഓരോരുത്തര്‍ക്കുമുള്ള പ്രചോദനം…

ആദരാഞ്ജലികള്‍ സഹോദരി….

https://www.facebook.com/vanajawriter/posts/3095081763858569

shortlink

Post Your Comments


Back to top button