KeralaLatest NewsIndia

‘നേരംവെളുക്കുമ്പോ ഇവിടെ വീടുണ്ടാക്വോ എന്നാണ് പേടി’- മരട് ഫ്ലാറ്റ് പൊളിക്കുന്ന ഭീതിയിൽ വീടൊഴിഞ്ഞു വാടകവീട്ടിലേക്ക് ഈ കുടുംബം

മരടില്‍ ശനിയാഴ്ച പൊളിക്കുന്ന ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിനോടു ചേര്‍ന്നാണ് ഇവര്‍ താമസിക്കുന്നത്.

കൊച്ചി: നെടുമ്പിള്ളില്‍ വീട്ടില്‍ ഗോപാലനും കുടുംബവും വാടകവീട്ടിലേക്ക് മാറുകയാണ്. സ്വന്തം വീടുപേക്ഷിച്ചാണ് ഈ മാറ്റം. മരട് ഫ്‌ളാറ്റ് പൊളിക്കുമ്പോൾ തങ്ങളുടെ വളരെ പഴയ വീടിനു കോട്ടം സംഭവിക്കുമെന്ന ഭീതിയിലാണ് ഈ വീടുമാറ്റം. തങ്ങൾ ഭയന്നിട്ടാണ് പോകുന്നതെന്നും തിരികെയെത്തുമ്പോൾ ഈ വീട് ഇവിടെയുണ്ടാവുമോ എന്നറിയില്ലെന്നുമാണ് ഗോപാലന്റെ ഭാര്യ പറയുന്നത്. മരടില്‍ ശനിയാഴ്ച പൊളിക്കുന്ന ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിനോടു ചേര്‍ന്നാണ് ഇവര്‍ താമസിക്കുന്നത്. ഫ്‌ലാറ്റ് പൊളിച്ചു തുടങ്ങിയപ്പോള്‍ത്തന്നെ വീടിന് പലയിടത്തും വിള്ളല്‍ വീണു. തറയും നീളത്തില്‍ വിണ്ടുകീറിയിട്ടുണ്ട്.

’50 വര്‍ഷത്തിലേറെ പഴയ വീടാണ്. ആ സ്‌ഫോടനമെല്ലാം താങ്ങാന്‍ ഇതിന് ശക്തിയുണ്ടോയെന്നറിയില്ല…’ – ആല്‍ഫ സെറീന്റെ ദിശയിലേക്ക് ചൂണ്ടി ഇവർ പറയുന്നു.’വീടിന്റെ പൊട്ടലും വിള്ളലുമെല്ലാം നോക്കാന്‍ പലരും വന്നിരുന്നു. നടപടിയുണ്ടാകുമോ എന്നൊന്നും അറിയില്ല. മൂന്നു മാസത്തേക്ക് വാടകയ്ക്ക് മാറാനാണ് തീരുമാനം’. ദിദിയുടെ വീടിനോടു ചേര്‍ന്നാണ് അംബുജം താമസിക്കുന്നത്. ഇവിടെയും ഭിത്തിയിലുള്‍പ്പെടെ പലയിടത്തും വിള്ളല്‍ വീണിട്ടുണ്ട്.

‘പൊളിക്കുന്ന ദിവസം മൂന്നുമണിക്കൂര്‍ ഇവിടന്ന് മാറി നിന്നാല്‍ മതിയെന്നാ പറയുന്നത്. രാവിലെ ഞങ്ങള് ഒരു ബന്ധുവീട്ടിലേക്ക് പോകും. അന്നെന്തായാലും മടങ്ങുന്നില്ല. പിറ്റേന്ന് നേരംവെളുക്കുമ്പോ ഇവിടെ വീടുണ്ടാകുമോ എന്നാണ് പേടി…’അംബുജവും ദിദിയുമെല്ലാം പങ്കുെവക്കുന്നത് ഒരു നാടിന്റെ മുഴുവന്‍ ആശങ്കയാണ്. മരട് ഫ്‌ലാറ്റുകളുടെ ചുറ്റുവട്ടത്തുള്ള കുടുംബങ്ങളെല്ലാം ഭീതിയിലാണ്. ഫ്‌ലാറ്റ് തകര്‍ക്കുന്ന സ്‌ഫോടനത്തെ പേടിയോടെയാണ് ഇവര്‍ ഉറ്റുനോക്കുന്നത്. ഒരായുസ്സിന്റെ സമ്പാദ്യത്തില്‍ കെട്ടിപ്പടുത്ത കിടപ്പിടങ്ങള്‍ക്ക് എന്തു പറ്റുമെന്നാണ് ആശങ്ക. ഫ്‌ലാറ്റുകള്‍ പൊളിച്ചു തുടങ്ങിയപ്പോള്‍ വീടുകള്‍ക്കുണ്ടായ വിള്ളല്‍ ഈ പേടിയുടെ ശക്തികൂട്ടുന്നു.

2015-ലാണ് ആൽഫാ സെറീന്റെ സമീപവാസിയായ ദിനേശനും കുടുംബവും പുതിയ വീട് പണിതത്. താഴെ വാടകയ്ക്ക് നല്‍കി മുകളിലെ നിലയിലാണ് ഇവര്‍ താമസിക്കുന്നത്. ‘വീടിന്റെ ലോണ്‍ ഇതുവരെ തീര്‍ന്നിട്ടില്ല. അവിടെ ഫ്‌ലാറ്റ് പൊളിച്ചു തുടങ്ങിയതോടെ വീട്ടില്‍ പലയിടത്തും വിള്ളലായി. തറയിലെ ടൈലുകളെല്ലാം ഇളകിക്കിടക്കുകയാണ്. സഹിക്കാന്‍ പറ്റാത്ത പൊടിയുമുണ്ട്. മോള്‍ക്കും എനിക്കും ചുമയും അലര്‍ജിയും മാറുന്നില്ല…’ – ദിനേശന്റെ ഭാര്യ സിന്ധു പറയുന്നു. കടപ്പാട് -മാതൃഭൂമി

shortlink

Related Articles

Post Your Comments

Related Articles


Back to top button