News

നീലേശ്വരത്ത് വ്യാപാരിയെ ഇടിച്ചുകൊന്ന കാര്‍ പോലീസ് പൊക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കണ്ണൂര്‍: കാസര്‍കോട് നീലേശ്വരത്തുവെച്ച് വഴിയാത്രക്കാരനായ വ്യാപാരിയെ ഇടിച്ചുകൊന്ന കാര്‍ പോലീസ് പൊക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കാര്‍ കണ്ണൂര്‍ വളപട്ടണത്തുവെച്ച് പൊലീസ് പിടികൂടിയപ്പോള്‍ കണ്ടെത്തിയത് ഒന്നരക്കോടിയുടെ കള്ളപ്പണമാണ്. നീലേശ്വരത്തെ പച്ചക്കറി വ്യാപാരി കെ പി തമ്പാനെ ഇടിച്ചുവീഴ്ത്തി, നിര്‍ത്താതെ പോയ കാര്‍ പിടികൂടിയപ്പോഴാണ് പൊലീസ് സംഘം ഞെട്ടിയത്.

രാജാറോഡിലെ പച്ചക്കറി വ്യാപാരിയാണ് കരുവാച്ചേരിയിലെ കെ പി തമ്പാന്‍. വ്യാഴാഴ്ച പുലര്‍ച്ചെ 5.45നു ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പിഡബ്ല്യുഡി ഓഫിസിനു സമീപമായിരുന്നു അപകടം.അപകടത്തില്‍ പരുക്കേറ്റ കെ.പി.തമ്പാന്‍ (61) സംഭവസ്ഥത്ത് വച്ച് തന്നെ മരിച്ചു.

ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി ഖാനാപൂര്‍ ഹിവാരെ സ്വദേശി എസ്.ബി. കിഷോര്‍ തനാജി (33), ഖാനാപൂര്‍ ബൂദ് സ്വദേശി സാഗര്‍ ബാലസോഗിലാരെ (21) എന്നിവരെ വളപട്ടണം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കേരളത്തിലേയ്ക്ക് ഒന്നേമുക്കാല്‍ കോടിയുടെ കള്ളപ്പണവും കള്ളക്കടത്ത് സ്വര്‍ണവുമായി പുറപ്പെട്ടതായിരുന്നു. കള്ളപ്പണം കടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഈ കാറിനെ കസ്റ്റംസ് അധികൃതര്‍ പിന്തുടരുന്നുണ്ടായിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് വരുന്നതിനിടയിലായിരുന്നു അപകടം. കാറിന്റെ പെട്രോള്‍ ടാങ്ക് രണ്ടായി ഭാഗിച്ചായിരുന്നു കള്ളപ്പണം നിറച്ചിരുന്നത്.

അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയതോടെ ഹൈവേ പൊലീസ് സംഘം വിവിധ ഇടങ്ങളില്‍ നിലയുറപ്പിച്ചു. ഇതിനു പുറമേ കാറില്‍ സ്വര്‍ണം കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് സംഘവും പരിശോധന തുടങ്ങി. എന്നാല്‍ പരിശോധനയ്ക്കിടെ വളപട്ടണം പാലത്തിനു സമീപത്തുവെച്ച് വളപട്ടണം സിഐ എം കൃഷ്ണനും എസ് ഐ വിജേഷും സംഘവും കാര്‍ തടഞ്ഞു. വ്യാപാരിയെ ഇടിച്ചു കൊലപ്പെടുത്തിയ കാറാണിതെന്ന് വ്യക്തമായതോടെ ഹൈവേ പൊലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലേക്കു മാറ്റിയ കാര്‍ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കസ്റ്റംസിന്റെ സന്ദേശം പൊലീസിനു ലഭിക്കുന്നത്. ഇതോടെ എന്‍ഫോഴ്സ്മെന്റും സ്ഥലത്തെത്തി. കസ്റ്റഡിയിലെടുത്ത കാര്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണ് രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന കള്ളപ്പണം കണ്ടെത്തിയത്. പിന്‍ സീറ്റിന് അടിയിലെ രഹസ്യ അറയിലാണ് പണം കണ്ടെത്തിയത്.

1.45 കോടി രൂപയുടെ 45000 നോട്ടുകളാണ് കണ്ടെത്തിയത്. പെട്രോള്‍ ടാങ്ക് രണ്ടായി വിഭജിച്ചായിരുന്നു അറ നിര്‍മിച്ചിരുന്നത്. നോട്ടുകള്‍ സംഘം കണ്ടെത്തി. ഇത് കുഴല്‍പ്പണമാണെന്നാണ് സൂചന. എന്നാല്‍ ഇവര്‍ കൊണ്ടുവന്ന സര്‍ണം കണ്ടെത്താനായിട്ടില്ല. അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളെ നീലേശ്വരം പൊലീസിനു രാത്രിയോടെ കൈമാറി. അപകടം സംബന്ധിച്ച കേസ് നീലേശ്വരം പൊലീസും പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് എന്‍ഫോഴ്‌മെന്റ് വിഭാഗം ആയിരിക്കും അന്വേഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button