KeralaLatest NewsNews

മരടിലെ ആ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് പാര്‍ട്ടി ? പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍

തിരുവനന്തപുരം : മരടിലെ ആ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയത് ഏത് രാഷ്ട്രീയപാര്‍ട്ടിയാണെന്ന് പല സ്ഥലങ്ങളില്‍ നിന്നായി ഉയരുന്ന ചോദ്യത്തിനു മറുപടിയില്ലാതെ സര്‍ക്കാര്‍ . ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കിയ കാലയളവില്‍ മരട് പഞ്ചായത്ത് ഭരണം ഏതു പാര്‍ട്ടിക്കായിരുന്നെന്ന ടി.ജെ. വിനോദ് എംഎല്‍എയുടെ ചോദ്യത്തിനു മുന്നില്‍ മന്ത്രി എ.സി. മൊയ്തീന് പെട്ടെന്ന് മറുപടിയുണ്ടായില്ല. നിയമസഭയില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: ‘വിവരം ശേഖരിച്ചു വരുന്നു’. യാഥാര്‍ത്ഥ്യം അറിഞ്ഞിട്ടും മന്ത്രി അത് മറച്ചുവെയ്ക്കുകയാണ്.

ഫ്‌ളാറ്റുകള്‍ പണിയാന്‍ മരട് പഞ്ചായത്ത് അനുമതി നല്‍കിയത് എന്നാണെന്നു ചോദ്യത്തിന്റെ മറുപടിയും വിവരം ശേഖരിച്ചു വരുന്നു എന്നാണ്. അനുമതി നല്‍കുമ്പോള്‍ എല്‍ഡിഎഫ് ആയിരുന്നു ഭരണത്തില്‍ എന്നതാണ് വസ്തുത. പഞ്ചായത്ത് പ്രസിഡന്റ് സിപിഎം നേതാവ് കെ.എ. ദേവസിയും. ഇതു മറച്ചുവച്ചാണ് വിവരം ശേഖരിക്കുന്നു എന്ന മറുപടി സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയത്.

ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ അന്വേഷണമില്ല.

തീരദേശ പരിപാലന ചട്ടങ്ങളിലെ നിബന്ധനകള്‍ക്കു വിരുദ്ധമായി മരടില്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനു മരട് പഞ്ചായത്താണ് അനുമതി നല്‍കിയതെന്ന് പകല്‍ പോലെ സത്യമാണ്. സീനിയര്‍ ടൗണ്‍ പ്ലാനര്‍ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് അനുമതി റദ്ദാക്കി. അതിനെതിരെ കെട്ടിട നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണു പിന്നീടു നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാലു ഫ്‌ലാറ്റ് സമുച്ചയങ്ങളുടെ അഞ്ച് ടവറുകളും പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ വിധി നടപ്പാക്കി. ഫ്‌ലാറ്റുടമകള്‍ക്കു നഷ്ടപരിഹാരം നല്‍കാനും പൊളിക്കാനുമായി സര്‍ക്കാരിനു 60.32 കോടിരൂപ ചെലവായി

shortlink

Related Articles

Post Your Comments

Related Articles


Back to top button