Latest NewsIndiaNews

പാക്കിസ്ഥാനിലേക്ക് ആരെ അയക്കണമെന്ന് പറയാനുള്ള അധികാരം തീർച്ചയായും പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഏജന്റായ ആർ.എസ്.എസ്സുകാർക്ക് തന്നെയാണ്- പി.കെ ഫിറോസ്‌

മലപ്പുറം•പാക്കിസ്ഥാനിലേക്ക് ആരെ അയക്കണമെന്ന് പറയാനുള്ള അധികാരം തീർച്ചയായും പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഏജന്റായ ആർ.എസ്.എസ്സുകാർക്ക് തന്നെയാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്‌.

ഒടുവിൽ ഹരീഷ് വാസുദേവിനും പാക്കിസ്ഥാൻ വിസ കിട്ടി. ഏതൊരു രാജ്യത്തിന്റെയും വിസ അനുവദിക്കുന്നത് ആ രാജ്യത്തിന്റെ അധികാരികളാണ്. അങ്ങിനെ നോക്കുമ്പോൾ പാക്കിസ്ഥാനിലേക്കുള്ള വിസ അനുവദിക്കാൻ പരമ യോഗ്യർ ആർ.എസ്.എസ്സുകാർ തന്നെയാണെന്ന് ഫിറോസ്‌ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ടൂ നാഷൻ തിയറി’ ആദ്യമായി അവതരിപ്പിച്ചത് സവർക്കറാണ് എന്നത് മാത്രമല്ല അതിനുള്ള കാരണം. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവുമായി എക്കാലവും ഒളിഞ്ഞും തെളിഞ്ഞും ബന്ധം സൂക്ഷിച്ചു പോരുകയും അതിന്റെ ഗുണഭോക്താക്കളാവുകയും ചെയ്തവരാണ് ആർ.എസ്.എസ്സുകാരെന്നും ഫിറോസ്‌ ആരോപിച്ചു.

ഫിറോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഒടുവിൽ ഹരീഷ് വാസുദേവിനും പാക്കിസ്ഥാൻ വിസ കിട്ടി. ഏതൊരു രാജ്യത്തിന്റെയും വിസ അനുവദിക്കുന്നത് ആ രാജ്യത്തിന്റെ അധികാരികളാണ്. അങ്ങിനെ നോക്കുമ്പോൾ പാക്കിസ്ഥാനിലേക്കുള്ള വിസ അനുവദിക്കാൻ പരമ യോഗ്യർ ആർ.എസ്.എസ്സുകാർ തന്നെയാണ്. ‘ടൂ നാഷൻ തിയറി’ ആദ്യമായി അവതരിപ്പിച്ചത് സവർക്കറാണ് എന്നത് മാത്രമല്ല അതിനുള്ള കാരണം. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വവുമായി എക്കാലവും ഒളിഞ്ഞും തെളിഞ്ഞും ബന്ധം സൂക്ഷിച്ചു പോരുകയും അതിന്റെ ഗുണഭോക്താക്കളാവുകയും ചെയ്തവരാണ് ആർ.എസ്.എസ്സുകാർ.

അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായപ്പോഴാണ് 2001 ലെ പാർലമെന്റ് അക്രമണമുണ്ടാകുന്നത്. കാർഗിലിൽ യുദ്ധം ചെയ്ത പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുവരാൻ വാങ്ങിയ ശവപ്പെട്ടിയിൽ വരെ BJP അഴിമതി നടത്തിയ വാർത്ത പാർലമെന്റിനെ സ്തംഭിപ്പിക്കുന്ന കാലത്താണ് പെട്ടെന്ന് പാർലമെൻറ് അക്രമണം ഉണ്ടാകുന്നത്. ഈ സംഭവത്തിൽ പിടിയിലാകുകുകയും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത അഫ്സൽ ഗുരു തന്നെ ഡൽഹിയിലേക്കയച്ചത് ദേവീന്ദർ സിംഗ് എന്ന പോലീസുദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും ഒരാളും ഗൗനിച്ചില്ല. ഇതേ ദേവീന്ദർ സിംഗിനെയാണ് ഇപ്പോൾ പാക്കിസ്ഥാൻ ഭീകരവാദികളെ കാറിൽ കൊണ്ടു പോകുമ്പോൾ പിടിക്കപ്പെട്ടത്. ആർക്ക് വേണ്ടിയാണ് ദേവീന്ദർ സിംഗ് പ്രവർത്തിച്ചതെന്ന് ഒരാളും അറിയാൻ പോവുന്നില്ല. മറിച്ച് ദേവീന്ദർ സിംഗിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമോ എന്നേ ഇനി അറിയാൻ ബാക്കിയുള്ളൂ.

പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ കൊച്ചു മകളുടെ കല്യാണത്തിന് ക്ഷണിക്കാതെയാണ് നരേന്ദ്ര മോദി പങ്കെടുത്തത്. 2015 ലായിരുന്നു സംഭവം. മോദി റഷ്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോകും വഴി പാക്കിസ്ഥാനിൽ ഇറങ്ങുകയായിരുന്നു. നമ്മോട് പാക്കിസ്ഥാൻ പാക്കിസ്ഥാൻ എന്ന് പറഞ്ഞ് പേടിപ്പിക്കുമ്പോഴാണ് വിളിക്കാത്ത കല്യാണത്തിന് പോയി മോദി ബിരിയാണി ഉണ്ണുന്നത്. അന്തർധാര എത്രമാത്രം സജീവമാണെന്നറിയാൻ ഇതിൽ പരം എന്ത് തെളിവ് വേണം!!

നോട്ടു നിരോധനമെന്ന മണ്ടൻ പരിഷ്കാരം വഴി തകർന്നടിഞ്ഞ സാമ്പത്തിക ഘടനയും ജി.എസ്.ടി നടപ്പിലാക്കുക വഴി ഉണ്ടായ വിലക്കയറ്റവും ജനതയെ പൊറുതി മുട്ടിച്ചപ്പോഴാണ് 2019 ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തൊട്ടു മുമ്പ് നടന്ന, സെമി ഫൈനൽ എന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റമ്പുകയും ചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് പുൽവാമയിൽ സൈനികർക്ക് നേരെ ചാവേറക്രമണം ഉണ്ടാകുന്നത്. ഇന്ത്യയിൽ എപ്പോൾ അക്രമണം നടത്തണമെന്ന് വളരെ കൃത്യമായി പാക് ഭീകരവാദികൾക്കറിയാം! പുൽവാമയിൽ DySP ആയിരുന്ന ദേവീന്ദർ സിംഗിനെ ഇപ്പോൾ പാക് തീവ്രവാദികളോടൊപ്പം പിടി കൂടിയതിൽ നിന്നും ഇതൊന്നും അത്ര യാദൃശ്ചികമല്ല എന്ന് കൂടുതൽ വ്യക്തമാകുകയാണ്.

2019 ലാണ് പാക്കിസ്ഥാൻ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ച ബി.ജെ.പിയുടെയും ബജ്റംഗ ദളിന്റെയും നേതാക്കളെ മധ്യപ്രദേശ് ATS പിടികൂടിയത്. ഇവരിൽ പലരെയും 2017 ലും പിടി കൂടിയിരുന്നെങ്കിലും അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പി സർക്കാർ വിട്ടയക്കുകയായിരുന്നു.

പാകിസ്ഥാനിലെ ലഷ്കർ ഭീകരവാദികളും ഇന്ത്യയിലെ ആർ.എസ്.എസ് ഭീകരവാദികളും ഒരമ്മ പെറ്റ മക്കളാണെന്ന് തെളിയിക്കാൻ ഉദാഹരണങ്ങൾ ഇനിയും നിരത്താനാവും. പാക്കിസ്ഥാനിലേക്ക് ആരെ അയക്കണമെന്ന് പറയാനുള്ള അധികാരം തീർച്ചയായും പാക്കിസ്ഥാന്റെ ഇന്ത്യയിലെ ഏജന്റായ ആർ.എസ്.എസ്സുകാർക്ക് തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button