Latest NewsNewsIndia

ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്: നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം•തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാജസ്ഥാന്‍ സ്വദേശിനി സബറിന്റെ (22) ചികിത്സ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യമായി ചെയ്തുകൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിന് നിര്‍ദേശം നല്‍കി. നാടോടി യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു ലക്ഷം രൂപ വേണമെന്നും കൈയ്യിലുള്ളത് വെറും 400 രൂപ മാത്രമാണെന്നും വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മന്ത്രി അടിയന്തരമായി ഇടപെട്ടത്. സബറിന് വേണ്ട വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സഹിക്കാന്‍ കഴിയാത്ത തലവേദനയുമായാണ് സബറിന്‍ ഒരാഴ്ച മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നത്. പരിശോധനയില്‍ തലയില്‍ മുഴ കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. തലയില്‍ രക്തക്കുഴല്‍ വികസിച്ചുള്ള മുഴയാണ് സബറിനുണ്ടായത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് തലയുടെ ആന്‍ജിയോഗ്രാം എടുക്കുകയും അതോടൊപ്പം മുഴയിലേക്ക് വരുന്ന രക്തക്കുഴലുകളെ തടയുകയും വേണം. ഇതിനുള്ള സാങ്കേതികവിദ്യ ശ്രീ ചിത്രയിലാണ് ഉള്ളത്. ശ്രീചിത്രയിലെ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയാകുമെന്നാണ് പറയുന്നത്. ഈ പ്രൊസീജിയര്‍ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയാല്‍ അമിതമായ രക്തസ്രാവം ഉണ്ടാകും. അതിനാല്‍ ആദ്യമായി ഈ എമ്പൊളൈസേഷന്‍ നടപടിക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തുന്നത്. സബറിനാകട്ടെ ഭര്‍ത്താവ് നിസാമുദ്ദീനും കുരുന്നുകളായ രണ്ട് കുട്ടികളുമല്ലാതെ സഹായത്തിനാരുമില്ലായിരുന്നു. ട്രാഫിക് സിഗ്‌നലുകള്‍ തോറും ബലൂണ്‍ കച്ചവടം നടത്തി കഴിയുന്ന പാവപ്പെട്ട ഈ നാടോടി കുടുംബത്തിനാണ് വി കെയര്‍ പദ്ധതി വഴി സഹായമെത്തുന്നത്.

സര്‍ജറി വിഭാഗത്തില്‍ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് സബറിനെ ചികിത്സിക്കുന്നത്. സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോ തൊറാസിക്, ന്യൂറോ സര്‍ജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് സര്‍ജറി നടത്തുന്നത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ശ്രീചിത്രയിലെ ചികിത്സ വി കെയര്‍ പദ്ധതി വഴിയും മെഡിക്കല്‍ കോളേജിലേത് സര്‍ക്കാര്‍ പദ്ധതി വഴിയും സൗജന്യമായി ചെയ്തുകൊടുക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button