KeralaLatest NewsNews

ചരക്കുമായി ലക്ഷദ്വീപിലേയ്ക്ക് പോയ ഉരു മുങ്ങി, തൊഴിലാളികളെ രക്ഷപ്പെടുത്തി

ബേപ്പൂർ:തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്കു ചരക്കുകളുമായി പോയ ഉരു ആന്ത്രോത്ത് ദ്വീപിനു സമീപം ആഴക്കടലിൽ മുങ്ങി. ഉരുവിലെ ചെറിയ തോണിയിൽ സ‍ഞ്ചരിക്കുകയായിരുന്ന 6 തൊഴിലാളികളെയും അതുവഴി വന്ന മറ്റൊരു ഉരുവിലെ ആളുകൾ രക്ഷപ്പെടുത്തി തീരത്ത് എത്തിച്ചു. ബേപ്പൂരിൽനിന്നു കവരത്തി ദ്വീപിലേക്കു പുറപ്പെട്ട എംഎസ്‌വി ഷാലോം എന്ന ഉരുവാണ് ആന്ത്രോത്ത് ദ്വീപിനു 40 നോട്ടിക്കൽ മൈൽ അകലെ വ്യാഴാഴ്ച പുലർച്ചെ മുങ്ങിയത്. വെള്ളം കയറുന്നതു കണ്ടു ചെറിയ തോണിയിൽ കയറിയ തൊഴിലാളികളെ ഗ്രെയ്സ് എന്ന ഉരുവിലെ ആളുകളാണ് രക്ഷിച്ചത്.

തമിഴ്നാട് തൂത്തുക്കുടി രായർപുരം ഗോപാൽ സ്ട്രീറ്റ് സ്വദേശികളായ മിൽട്ടൺ(49), വെസെന്തി(60), മുരുകൻ(43), എൻ.എ.പി.ഹെൻറി(61), ജെ.മരിയ നാവിസ്(54), എ.ജെ.എസ്.ചോന്തവബോസ്(27)എന്നിവരെയാണ് ഉച്ചയോടെ ആന്ത്രോത്ത് പോർട്ട് അസിസ്റ്റന്റ് ഓഫിസിൽ എത്തിച്ചത്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ മൊഴിയെടുത്ത ശേഷം വിവരം സബ് ഡിവിഷനൽ ഓഫിസറെ അറിയിച്ചു നാട്ടിലേക്ക് എത്തിക്കുന്നതിനു ശ്രമം തുടങ്ങിയിട്ടുണ്ട്.

20 പശുക്കളടക്കം പച്ചക്കറി, പലവ്യഞ്ജനങ്ങൾ, എന്നിങ്ങനെ 160 ടൺ ചരക്കുകളുമായാണ് ഉരു പുറപ്പെട്ടത്. പുറംകടലിൽ വീശിയടിച്ച കാറ്റിൽ ആടിയുലഞ്ഞ ഉരുവിൽനിന്നു വെള്ളം പുറത്തേക്ക് ഒഴിവാക്കുന്ന പമ്പ് പ്രവർത്തന രഹിതമായി. ഇതിനിടെ എൻജിൻ നിലച്ചു വെള്ളം കയറിയാണ് അപകടമെന്നാണ് ഉരുവിലുണ്ടായിരുന്നവർ പറഞ്ഞത്. തൂത്തുക്കുടി സ്വദേശി ആർ.രമേശിന്റെ ഉടമസ്ഥതയിലുള്ളതാണ് മുങ്ങിയ ഉരു. ചരക്ക് ഉൾപ്പെടെ ഏതാണ്ട് 80 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button