Kerala

റോഡ് സുരക്ഷ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

അടുത്ത അധ്യയന വർഷം മുതൽ റോഡ് സുരക്ഷ സംബന്ധിച്ച വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. റോഡ് സുരക്ഷ സന്ദേശങ്ങൾ കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വൈ.എം.സി.എ.ഹാളിൽ ദേശീയ റോഡ് സുരക്ഷ വാരാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.സി.സി., സ്റ്റുഡന്റ് പോലീസ് മാതൃകയിൽ സ്‌കൂളുകളിൽ റോഡ് സുരക്ഷാ ക്ലബുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും കൂടുതൽ അപകടം നടക്കുന്ന റോഡുകൾ ദത്തെടുത്ത് അവിടെ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കും. റോഡ് നിയമലംഘനങ്ങളെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കണ്ടെത്തും. ജനങ്ങൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണം. മാന്യമായ പെരുമാറ്റത്തിലൂടെ മാത്രമേ പൊതുഗതാഗത മേഖലയെ സ്വീകാര്യമാക്കി മാറ്റാനാകൂ. സ്വകാര്യ സർവ്വീസുകൾ കുറയുന്നത് റോഡിലെ തിരക്ക് കുറയ്ക്കാനാകും.

Read also: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വനിതാ കമ്മീഷന്‍

റോഡിന്റെ മേൻമ കുറവായതിനാലാണ് അപകടങ്ങൾ കൂടുന്നതെന്ന തെറ്റിദ്ധാരണ ഉണ്ട്. മികച്ച രീതിയിൽ നിർമ്മിച്ച റോഡുകളിലാണ് അപകടങ്ങൾ കൂടുതലായുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. റോഡ് ഉപയോക്താക്കൾക്കുള്ള കൈപ്പുസ്തകത്തിന്റെ പ്രകാശനവും ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ ബാങ്ക് അക്കൗണ്ട് മുഖേന അടയ്ക്കുന്ന ഡിജിറ്റൽ എൻഫോഴ്സ്മെന്റിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. റോഡ് സുരക്ഷാ സന്ദേശവുമായി തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഹ്രസ്വചിത്രവും മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ 4408 പേർ മരിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച റോഡ് സുരക്ഷ കമ്മീഷണർ ശങ്കർ റെഡ്ഡി പറഞ്ഞു. തമ്പാനൂർ വാർഡ് കൗൺസിലർ എം.വി.ജയലക്ഷ്മി റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗതാഗത കമ്മീഷണർ ആർ. ശ്രീലേഖ, സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി ജോസഫ്, ഫെഡറൽ ബാങ്ക് പ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു. റോഡ് സുരക്ഷാവബോധം സൃഷ്ടിക്കുന്നതിന് ഡോ.അജിത്കുമാറിന്റെ ഓട്ടൻതുള്ളലും വേദിയിൽ അരങ്ങേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button