KeralaLatest NewsIndia

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മലയാളിയുടെ സാംസ്‌കാരിക തനിമക്ക് വിരുദ്ധമായ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികള്‍ തേക്കിന്‍കാട് മൈതാനത്ത് അനുവദിക്കരുതെന്ന ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് പാലിക്കണമെന്നും

കൊച്ചി : തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മലയാളിയുടെ സാംസ്‌കാരിക തനിമക്ക് വിരുദ്ധമായ പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഹൈക്കോടതി. അത്തരം പരിപാടികള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് തൃശൂര്‍ കോര്‍പ്പറേഷനോടും കോടതി നിര്‍ദേശിച്ചു.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരിപാടികള്‍ തേക്കിന്‍കാട് മൈതാനത്ത് അനുവദിക്കരുതെന്ന ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് പാലിക്കണമെന്നും ജസ്റ്റിസുമാരായ സി ടി രവികുമാര്‍, എന്‍ നഗരേഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. തൃശൂര്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങാണ് നടത്തുന്നതെന്ന് കോടതിയില്‍ അറിയിച്ചതിന് വിരുദ്ധമായി ചലച്ചിത്രനടിയുടെ നൃത്തപരിപാടിയും ഗാനമേളയും ഉള്‍പ്പെടെ നടത്തിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഇതിന്റെ ചിത്രങ്ങളും ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടില്‍ പരിപാടികള്‍ സംഘടിപ്പിക്കാവുന്ന ഇടങ്ങളും നടത്താവുന്ന പരിപാടികളും നിര്‍ദേശിച്ച്‌ 2003 ല്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവെച്ചിരുന്നു.കോടതി ഉത്തരവിന് വിരുദ്ധമായ പരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതരുടെ അനുമതിയോടെ നടന്നെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് തൃശുര്‍ സ്വദേശി കെ ബി സുമോദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

സംസ്‌കാരത്തിന് ചേരാത്ത പരിപാടികള്‍ മേളയുടെ ഭാഗമായി നടന്നെന്ന ഹര്‍ജിക്കാരന്റെ വാദം പാറമേക്കാവ് ദേവസ്വവും ശരിവെച്ചു. ഇതുള്‍പ്പെടെ വിലയിരുത്തിയാണ് കോടതിയുടെ നിര്‍ദേശം. റോഡില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ കോര്‍പ്പറേഷന് ആര് അധികാരം നല്‍കിയെന്ന് കോടതി ആരാഞ്ഞു.ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി കോടതിയുടെ മുന്‍ ഉത്തരവിനു വിരുദ്ധമായി പരിപാടികള്‍ നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ നേരിട്ട് അറിയിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാവണം.

ഈ മാസം 25 ന് ദേവസ്വം ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരായി വിവരങ്ങള്‍ ധരിപ്പിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയായിരുന്നു നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button