KeralaLatest NewsNews

മൂന്നാറില്‍ കാലം തെറ്റിയ കാലാവസ്ഥ : വിനോദസഞ്ചാരികളെ വലച്ച് കനത്ത ചൂടും കൊടുംമഞ്ഞും

 

മൂന്നാര്‍ : മൂന്നാറില്‍ കാലം തെറ്റിയ കാലാവസ്ഥ , വിനോദസഞ്ചാരികളെ വലച്ച് കനത്ത ചൂടും കൊടുംമഞ്ഞും. കുറച്ച് ദിവസങ്ങളായി ലോറേഞ്ച് മേഖലകളിലെ സ്ഥിതി ഇതാണ്. ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും ഏറെക്കുറെ ഇതേ സ്ഥിതിയാണ്. സാധാരണ നവംബറില്‍ കൊടും തണുപ്പു തുടങ്ങിയിരുന്ന മൂന്നാറില്‍ കഴിഞ്ഞ 2 വര്‍ഷമായി ജനുവരിയിലാണു താപനില മൈനസില്‍ എത്തുന്നത്.കഴിഞ്ഞ ഒരാഴ്ച്ചയായി മൈനസില്‍ താഴെയാണ് താപനില. തെക്കിന്റെ കാശ്മീര്‍, ഇങ്ങനെ മഞ്ഞ് പുതച്ചുണരാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളു. ഇത്തവണ അതി ശൈത്യമെത്താന്‍ അല്‍പം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയാരംഭിച്ചതോടെ സഞ്ചാരികളും ഇവിടേക്കെത്തിത്തുടങ്ങി. വിദേശ സഞ്ചാരികളും, ഉത്തരേന്ത്യന്‍ സഞ്ചാരികളുമാണ് ഏറ്റവും കൂടുതല്‍ ഇപ്പോള്‍ മൂന്നാറിലേക്കെത്തുന്നത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ മൂന്നാറിലും ദേവികുളത്തും മൈനസ് താപനില രേഖപ്പെടുത്തുകയും മഞ്ഞു പെയ്യുകയും ചെയ്തു. തിങ്കള്‍ ഒരു ഡിഗ്രിയും, ചൊവ്വ 6 ഡിഗ്രിയും ആയിരുന്നു കുറഞ്ഞ താപനില. കഴിഞ്ഞവര്‍ഷം ജനുവരി ഒന്നു മുതല്‍ 10 വരെ അതിശൈത്യമായിരുന്നു മൂന്നാറില്‍. ഈ കാലയളവില്‍ കുറഞ്ഞ താപനില മൈനസ് 4 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു.ഹൈറേഞ്ചിന്റെ മറ്റു പല ഭാഗങ്ങളിലും ഇപ്പോള്‍ പകല്‍ ചൂട് കൂടുതലാണ്. മഞ്ഞുവീഴ്ച ശക്തമായതോടെ ഇവിടത്തെ പുല്‍മേടുകളുടെ പച്ചപ്പു നഷ്ടപ്പെട്ടു. പുലര്‍ച്ചെ മഞ്ഞില്‍ കുളിക്കുന്ന പുല്‍മേടുകള്‍ സൂര്യപ്രകാശത്തില്‍ കരിഞ്ഞുണങ്ങുന്നതാണു കാരണം. തേയിലച്ചെടികളെയും മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുന്നു. ഒറ്റ ദിവസം കൊണ്ടു തേയിലക്കൊളുന്തു കരിഞ്ഞുണങ്ങും.

കാലാവസ്ഥയിലെ മാറ്റം ജനങ്ങളെ അസ്വസ്ഥരാക്കുകയാണ്. കാര്‍ഷിക മേഖലയെയും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. പുലര്‍ച്ചെയുള്ള മഞ്ഞുവീഴ്ചയും പകല്‍സമയത്തെ ശക്തമായ ചൂടും മൂലം വിവിധ വിളകള്‍ നാശത്തിലേക്കു നീങ്ങുകയാണ്

കനത്ത ചൂടിനൊപ്പം പൊടിശല്യവും പല മേഖലകളിലുമുണ്ട്. ചില പ്രദേശങ്ങളില്‍ ഇതിനോടകം ജലക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. പകലിനു ചൂടു കൂടിയതോടെ, പുല്‍മേടുകളിലും മറ്റും തീപിടിത്തത്തിന് സാധ്യതയും വര്‍ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button