KeralaLatest NewsNews

‘കമ്പിളിപ്പുതപ്പും നോണ്‍ സ്റ്റിക്ക് ടവയും വില്‍ക്കാന്‍ വരുന്നവരില്‍ നിന്നൊക്കെ രണ്ടും കല്‍പ്പിച്ച് വാങ്ങുന്നതു പോലല്ലാ, മരുന്ന് വാങ്ങുന്നത്. എട്ടിന്റെയല്ലാ, പതിനാറിന്റെ പണി തന്നെ കിട്ടും’ – വായിക്കേണ്ട കുറിപ്പ്

കൊല്ലം ഏരൂരില്‍ വ്യാജവൈദ്യന്‍ നല്‍കിയ മരുന്നു കഴിച്ച നൂറിലധികം പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. അമിത അളവില്‍ മെര്‍ക്കുറി കലര്‍ത്തിയ മരുന്നു കഴിച്ച നാലു വയസുകാരനടക്കം ചികില്‍സ തേടി. നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ അയല്‍ സംസ്ഥാനക്കാരനായ വ്യാജ വൈദ്യന്‍ മുങ്ങുകയും ചെയ്തു. ഇപ്പോഴിതാ വ്യാജ വൈദ്യരെ തിരിച്ചറിയേണ്ടതിനെ കുറിച്ച് മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

കുറിപ്പ് വായിക്കാം

വീടുകൾ തോറും കയറിയിറങ്ങി മരുന്ന് വിൽക്കുന്ന ഏതോ ഒരുത്തന്റെ കൈയീന്ന് മരുന്നെന്നും പറഞ്ഞ് അയാൾ കൊടുത്ത എന്തൊക്കെയോ കഴിച്ച് 100 പേരോളം ആശുപത്രിയിലാണെന്ന് വാർത്ത. വാർത്ത കേൾക്കുമ്പോ, നമ്മൾ വിചാരിക്കും അത് UP യിലോ ബീഹാറിലോ ആണെന്ന്. നമ്മളത്രയ്ക്ക് മണ്ടന്മാരല്ലാന്ന് നമുക്ക് ഭയങ്കര ആത്മവിശ്വാസമാണല്ലോ. സംഭവം നമ്മുടെ നാട്ടിൽ തന്നെ. കൊല്ലം, അഞ്ചലിൽ.

2-3 മാസം മുമ്പ് അഞ്ചലിൽ തന്നെ വീടുകൾ തോറും തൈറോയ്ഡ് ഗുളികകൾ വിൽക്കാൻ വന്നൊരാളെ പറ്റി സുഹൃത്ത് വിനീത് Vineeth M Anchal പറഞ്ഞിരുന്നു. അതിനെ പറ്റി വിശദമായൊരു കുറിപ്പ് അന്നെഴുതിയിരുന്നു. ഇനിയെങ്ങനൊരാളെ കണ്ടാലെന്ത് ചെയ്യണമെന്നൊക്കെ അതിലുണ്ടായിരുന്നു. (ലിങ്ക് കമന്റിൽ).

കഷ്ടമാണ് ചിലപ്പോഴൊക്കെ നമ്മുടെ കാര്യം. നമ്മളൊക്കെ എന്തൊരു മണ്ടന്മാരാണെന്ന് ഇടയ്ക്കെങ്കിലും സ്വയം ചോദിക്കുന്നതും നല്ലതാണ്. കമ്പിളിപ്പുതപ്പും കാർപ്പറ്റും വിൽക്കാൻ വരുന്നവരെ പോലും സംശയത്തോടെ നോക്കുന്ന മലയാളിക്ക്, 5000 രൂപയുടെ മരുന്ന് വിയ്ക്കാൻ വീടുകൾ കയറിയിറങ്ങുന്ന ഫ്രോഡുകളെ ഭയങ്കര വിശ്വാസമാണ്.

അവിടെ കാശവർക്ക് പ്രശ്നമില്ലാ. ഇതു മരുന്നാണോന്നോ എന്തിനുള്ളതാണെന്നോ കഴിച്ചാൽ എന്തെങ്കിലും ദോഷമുണ്ടോന്നോ, ഒന്നിലും ഒരു സംശയവുമില്ലാ. കുട്ടികൾക്കു വരെ കലക്കിക്കൊടുക്കും. കഴിച്ചുകൊണ്ടിരുന്ന പ്രമേഹത്തിന്റേം പ്രഷറിന്റേം തൈറോയിഡിന്റേം മരുന്നുകളെടുത്ത് കിണറ്റിലിട്ടിട്ടായിരിക്കും ഈ സാഹസമൊക്കെ.

എത്രയൊക്കെ അനുഭവങ്ങൾ ആർക്കൊക്കെ ഉണ്ടായെന്ന് പറഞ്ഞാലും അതു വാർത്തയായാലും, ഈ കുറിപ്പ് നിങ്ങൾ വായിക്കുന്ന ഈ നേരത്തും, മരുന്നു വിൽക്കാൻ വന്ന ഏതെങ്കിലും ഫ്രോഡിനെ കേരളത്തിലെവിടേങ്കിലും ആരെങ്കിലും സൽക്കരിക്കുകയായിരിക്കും. തട്ടിപ്പിനിവിടെ ഗംഭീര മാർക്കറ്റാണല്ലോ ഉള്ളത്. കാശുള്ള ഫ്രോഡുകൾ പത്രത്തിൽ പരസ്യം നൽകി ആളെ പറ്റിക്കുന്നു, അത്രയ്ക്കും കാശില്ലാത്ത ഫ്രോഡുകൾ വീടുകൾ കയറിയിറങ്ങി ആൾക്കാരെ പറ്റിക്കുന്നു. ചരിത്രം പരിശോധിച്ചാൽ, ആദ്യം പറഞ്ഞ ആൾക്കാരെല്ലാം പണ്ട് രണ്ടാമത്തെ ആൾക്കാരെ പോലെ കവലകളിലും വീടുകളിലും മരുന്നു കച്ചവടം നടത്തിയിരുന്നവർ ആയിരുന്നെന്നു കൂടി കാണാം.

സർക്കാരിനോ ആരോഗ്യവകുപ്പിനോ ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ നമ്മൾ അനുഭവിക്കുക തന്നെ.

എന്നാലും നമ്മൾ മനസിലാക്കിയിരിക്കേണ്ട ചില കാര്യങ്ങൾ ഒരിക്കൽ കൂടി പറയാമെന്ന് കരുതി (ഇതെത്രാമത്തെ വട്ടമാണെന്ന് എനിക്കറിയില്ല!)

1.ഇങ്ങനെ വീടുകൾ തോറും രോഗികളെ തപ്പിയിറങ്ങുന്നവരെ സൂക്ഷിക്കുക. അവർ 100% ഫ്രോഡുകളായിരിക്കും. അവരുടെ വാക്ചാതുരിയിലും പൊടിപ്പും തൊങ്ങലും നിറഞ്ഞ വാഗ്ദാനങ്ങളിലും വീഴാതിരിക്കുക.

2. സ്വന്തം കാര്യത്തിനപ്പുറം അൽപ്പം കൂടി ജാഗ്രത നമ്മളവിടെ കാണിക്കണം. നമ്മൾ രക്ഷപ്പെട്ടല്ലോന്ന് കരുതി മിണ്ടാതിരിക്കാതെ, അടുത്ത വീടുകളിൽ കൂടി ഒരു ജാഗ്രത നിർദ്ദേശം കൊടുക്കണം.

3. അവർ നിങ്ങളെ പറ്റിച്ച് നിങ്ങളുടെ കാശ് മാത്രമല്ല കവരുന്നത്. നിങ്ങടെ രോഗത്തിന് ശരിയായ ചികിത്സയെടുക്കുന്നത് തന്നെ അവർ വിലക്കുകയാണ്. എന്നിട്ട് മറ്റെന്തോ ആണ് മരുന്നെന്നും പറഞ്ഞ് തരുന്നത്. നിങ്ങളുടെ ആരോഗ്യവും ചിലപ്പോൾ ജീവനും കൂടിയവർ കവർന്നെടുത്തേക്കാം.

4. മറ്റൊന്നുകൂടി നിങ്ങൾക്കീ കാര്യത്തിൽ ചെയ്യാനുണ്ട്. ഇത്തരക്കാരെ കണ്ടു കഴിഞ്ഞാൽ അവരുടെയും അവർ വിൽക്കാൻ കൊണ്ടുവന്ന ഉൽപ്പന്നത്തിന്റെയും ഫുൾ ഡീറ്റെയിൽസും ചോദിച്ചു വാങ്ങുക. എന്നിട്ടത് കേരള ഡ്രഗ് കൺട്രോളർക്ക് ([email protected]) മെയിലായി അയക്കുക. Capsule Kerala ([email protected]) യ്ക്ക് കൂടി ആ മെയിലിന്റെ കോപ്പി അയച്ചാൽ അവരത് കൃത്യമായി ഫോളോ അപ്പ് ചെയ്തോളും. നിങ്ങളതിന്റെ പിറകേ പോവുകയൊന്നും വേണ്ടാ.

5. മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഒരുത്തരവുണ്ട്. അതിത്തരം ഫ്രോഡ് മരുന്നുകളുടെ അനധികൃത പരസ്യങ്ങൾ തടയണമെന്നും ഡ്രഗ് കൺട്രോളർ അതന്വേഷിച്ച് റിപ്പോർട്ട് കൊടുക്കണമെന്നുമാണ്. പക്ഷെ പരസ്യങ്ങൾ മാത്രമല്ലാ, മീൻ വിൽക്കാൻ വരുന്നപോലെ വീടുകളിൽ മരുന്ന് വിൽക്കാൻ വരുന്ന പ്രവണതയും തടയേണ്ടതും നിയമപരമായി നേരിടേണ്ടതുമാണ്. അത് നമ്മളോരോരുത്തരും വിചാരിച്ചാൽ നടക്കും. മേൽപ്പറഞ്ഞ പോലെ ചെയ്താ മതി.

പ്രിയപ്പെട്ടവരേ, നമ്മുടെ വീടുകളിൽ കമ്പിളിപ്പുതപ്പും നോൺ സ്റ്റിക്ക് ടവയും വിൽക്കാൻ വരുന്നവരിൽ നിന്നൊക്കെ രണ്ടും കൽപ്പിച്ച് വാങ്ങുന്നതു പോലല്ലാ, മരുന്ന് വാങ്ങുന്നത്. എട്ടിന്റെയല്ലാ, പതിനാറിന്റെ പണി തന്നെ കിട്ടും. നിങ്ങൾക്ക് രോഗമുണ്ടെങ്കിൽ അതിന്റെ ശരിയായ ചികിത്സ ആ മേഖലയിൽ അറിവുള്ളവരിൽ നിന്ന് മാത്രേ സ്വീകരിക്കാവൂ. ഒരു കാര്യം മാത്രം ഓർത്താ മതി, അറിവുള്ളവരാരും ഇവിടെ രോഗിയുണ്ടോ എന്ന് തിരക്കി വീടുതെണ്ടി നാടുനീളെ നടക്കാറില്ല. സോ, ജാഗ്രതൈ.

മനോജ് വെള്ളനാട്

https://www.facebook.com/drmanoj.vellanad/posts/3130898006940018

shortlink

Related Articles

Post Your Comments

Related Articles


Back to top button