KeralaLatest NewsNews

സംരഭത്തിന് സിപിഎം ഭീഷണി; വനിതാ സംരഭകയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് പാർട്ടി

കോഴിക്കോട് : പുതുപ്പാടി സ്വദേശിയായ ജൂലി ടോണിയെന്ന വനിതാ വ്യവസായിയുടെ സംരംഭം സിപിഎം പ്രവർത്തകർ കാരണം വീണ്ടും പ്രവർത്തനം തുടങ്ങാനാകുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് താമരശ്ശേരി ഏരിയാ കമ്മിറ്റി. യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആരോപണവുമായി ജൂലി ടോണി രംഗത്ത് എത്തിയതെന്നും താമരശേരി സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് ജോണും കെ.സി. വേലായുധനും ആരോപിച്ചു.

ഒരു മാസത്തോളം പ്രശന്ങ്ങൾ ഒന്നുമില്ലാതെ ഫാക്ടറി പ്രവർത്തിച്ചു വന്നതാണ്. ഫാക്ടറിയുടെ പ്രവർത്തനം നിലയ്ക്കാനുള്ള കാരണം, റബ്ബർ പാൽ വാങ്ങിയ കർഷകർക്ക് പണം കൊടുക്കാതിരുന്നതിന്റെയും തൊഴിലാളികൾക്ക് കൂലി കൊടുക്കാതിരുന്നതിന്റെയും ഫലമായിട്ടാണ്. പരിസരവാസികളുമായി ഭൂമി സംബന്ധമായ തർ‌ക്കങ്ങളും ഇവർക്കുണ്ട്. ഇതിന്റെ പേരിൽ എല്ലാവരിൽനിന്നും ഒറ്റപ്പെട്ടതിന്റെയും സാമ്പത്തിക പ്രയാസം മൂലം വ്യവസായം കൃത്യമായി നടത്താൻ സാധിക്കാതെ വന്നതിന്റെയും വായ്പ തിരിച്ചടക്കാൻ കഴിയാതെ വന്നതിന്റെയും പ്രശ്നങ്ങളിൽനിന്നു രക്ഷപ്പെടാനാണ് സിപിഎം ഫാക്ടറിയുടെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്ന തെറ്റായ ആരോപണം ഉന്നയിക്കുന്നത്.

ജൂലിയുടെ ബിസിനസ് പാർട്നറായ ജയപ്രകാശനെ ആത്മഹത്യയിലേക്ക് നയിച്ചതിനെക്കുറിച്ചും, സിപിഎം നേതാക്കൾ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തെക്കുറിച്ചും, ഇവരുടെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തി യഥാർഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നും സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു. കർഷകരിൽ നിന്നും റബ്ബർ പാൽ സംഭരിച്ച് ഗുണമേന്മയേറിയ ഷീറ്റ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് ജൂലി ടോണിയുടേത്. സിപിഎം നേതാക്കൾ 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിനെ തുടർന്ന് വഴി പ്രശ്നവും, അതിർത്തി പ്രശ്നവും പറഞ്ഞ് ഫാക്ടറിയുടെ പ്രവ‍ർത്തനം സിപിഎം തടസ്സപ്പെടുത്തുകയാണെന്നുമാണ് ജൂലി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button