Latest NewsKeralaIndia

സ്‌ത്രീകളെ മദ്യപിച്ച് ട്രെയിനിൽ ശല്യം ചെയ്‌ത മലയാളികളായ റെയില്‍വേ ക്ലീനിങ്‌ ജീവനക്കാര്‍ അറസ്‌റ്റില്‍

മറുപടി പറയാതെ ഇരുന്ന സ്‌ത്രീകളെ അസഭ്യം പറയുകയും ശരീരത്തില്‍ പിടിക്കുകയും ബര്‍ത്തില്‍നിന്നും വലിച്ച്‌ താഴെയിടാന്‍ ശ്രമിക്കുകയുമായിരുന്നു

ആലപ്പുഴ: മൈസൂര്‍ -കൊച്ചുവേളി എക്‌സ്‌പ്രസില്‍ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിച്ച മൂന്നു റെയില്‍വേ ക്ലീനിങ്‌ ജീവനക്കാരെ അറസ്‌റ്റ്‌ ചെയ്‌തു. കൊല്ലം മയ്യനാട്‌ പുല്ലിച്ചിറ ഷബീന മന്‍സിലില്‍ ഷിജു(30), കൊട്ടാരക്കര പ്ലാപ്പള്ളി വടക്കേക്കര പുത്തന്‍വീട്‌ വിഷ്‌ണു വി.ദേവ്‌ (22),കൊല്ലം അരിനെല്ലൂര്‍ പുളിക്കത്തറ ഹൗസില്‍ ഗോകുല്‍(22) എന്നിവരെയാണ്‌ എസ്‌.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള റെയില്‍വേ പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവത്തെക്കുറിച്ചു റെയില്‍വേ പോലീസ്‌ പറയുന്നതിങ്ങനെ:

ബംഗളരുവില്‍ പഠിക്കുന്ന മകളെ സന്ദര്‍ശിച്ച ശേഷം 20-നു വൈകിട്ട്‌ ബംഗളരു വൈറ്റ്‌ ഫീല്‍ഡ്‌ സ്‌റ്റേഷനില്‍നിന്നാണു പുനലൂര്‍ സ്വദേശികളായ വീട്ടമ്മയും മരുമകളും കൊല്ലത്തേക്കുള്ള മൈസൂര്‍- കൊച്ചുവേളി എക്‌സ്‌പ്രസില്‍ കയറിയത്‌. മദ്യപിച്ചെത്തിയ മൂന്നംഗമലയാളി സംഘം സ്ലീപ്പറിലാണു യാത്ര ആരംഭിച്ചത്‌. ഇവര്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കമ്പാര്‍ട്ട്‌മെന്റില്‍ വരികയും സ്‌ത്രീകളോട്‌ അപ മര്യാദയായി പെരുമാറുകയുമായിരുന്നു. മലയാളികളാണോ എന്നു ചോദിച്ചായിരന്നു ആക്രമണം.

മറുപടി പറയാതെ ഇരുന്ന സ്‌ത്രീകളെ അസഭ്യം പറയുകയും ശരീരത്തില്‍ പിടിക്കുകയും ബര്‍ത്തില്‍നിന്നും വലിച്ച്‌ താഴെയിടാന്‍ ശ്രമിക്കുകയുമായിരുന്നെന്നു പരാതിയില്‍ പറയുന്നു. രാത്രി 12 വരെ സംഘം ശല്യം തുടര്‍ന്നു. റെയില്‍വേ അലേര്‍ട്ട്‌ നമ്പരായ 182 ല്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. എറണാകുളത്തുവച്ച്‌ ടി.ടി.ആര്‍. കമ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍ വിവരങ്ങള്‍ പറയുകയായിരുന്നു. ഇതിനിടെ മരുമകള്‍ തിരുവനന്തപുരത്തെ പോലീസ്‌ കണ്‍ട്രോള്‍ റൂമിലും വിവരമറിയിച്ചു.

തുടര്‍ന്ന്‌ ആറു മണിയോടെ ട്രെയിന്‍ ആലപ്പുഴയിലെത്തിയപ്പോള്‍ മൂന്നു പേരെയും പിടികൂടുകയായിരുന്നു. വീട്ടമ്മയും മരുമകളും കൊല്ലത്തെത്തി രേഖാമൂലം പരാതി കൊടുത്തതിനെത്തുടര്‍ന്ന്‌ സ്‌ത്രീകളെ ശല്യം ചെയ്‌തതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തത്‌.ചേര്‍ത്തല ജ്യുഡിഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button