Latest NewsNewsIndia

50 ലേറെ ബി.ജെ.പി ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ പാര്‍ട്ടി വിട്ടു

ഭോപ്പാല്‍•പൗരത്വ (ഭേദഗതി) നിയമത്തില്‍ പ്രതിഷേധിച്ച് പടിഞ്ഞാറൻ മധ്യപ്രദേശില്‍ ബി.ജെ.പിയിലെ 50 ഓളം മുസ്ലിം പ്രവര്‍ത്തകരും ഭാരവാഹികളും പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു. നേരത്തെ, ഭോപ്പാലിലെ 48 മുസ്ലീം ഭാരവാഹികളും ബിജെപി ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തകരും ജനുവരി 12 ന് പാര്‍ട്ടിയോട് വിടപറഞ്ഞിരുന്നു.

വ്യാഴാഴ്ച രാജി പ്രഖ്യാപിച്ചവരിൽ ഇൻഡോർ, മൊഹോ, ദേവാസ്, ഖാർഗോൺ എന്നിവിടങ്ങളിലെ ബി.ജെ.പി ന്യൂനപക്ഷ സെല്ലുകളുടെ ഭാരവാഹികളും ഉൾപ്പെടുന്നു. സാമുദായികമായി ഭിന്നിപ്പിക്കുന്ന ഒരു വിഷയത്തെ ഒന്നിനു പുറകെ ഒന്നായി അവതരിപ്പിക്കുകയെന്ന ബി.ജെ.പിയുടെ അജണ്ടയിൽ തങ്ങൾ മടുത്തുവെന്ന് അവർ പറഞ്ഞു.

‘ഭരണഘടനയുടെ ആർട്ടിക്കിൾ 370 കശ്മീരിൽ റദ്ദാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെ ഞങ്ങൾ പ്രശംസിച്ചു. മുത്തലാക്ക് കുറ്റകൃത്യമാക്കിയതിലും രാമ ക്ഷേത്രത്തെക്കുറിച്ചുള്ള സുപ്രീം കോടതി വിധിയിലും ഞങ്ങള്‍ പാര്‍ട്ടിയ്ക്കൊപ്പം നിന്നു. പക്ഷേ, ഹിന്ദു-മുസ്‌ലിം വിഷയത്തിൽ സാമുദായിക വികാരം ആളിക്കത്തിക്കുന്നത്തില്‍ ബി.ജെ.പിയ്ക്ക് മടുത്തതായി തോന്നുന്നില്ല’,-അവരിൽ ഒരാൾ പറഞ്ഞു.

രാജിവച്ചവരിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുമായി അടുത്ത ബന്ധമുള്ള ഇൻഡോറിലെ റാസിക് ഫർഷിവാലയും ഉൾപ്പെടുന്നു. ഖാർഗോൺ ജില്ലാ ന്യൂനപക്ഷ സെൽ പ്രസിഡന്റ് തസ്ലിം ഖാൻ, എം.ജെ ബി.ജെ.പി ന്യൂനപക്ഷ സെൽ അംഗം സയീദ ഖാൻ എന്നിവരാണ് മറ്റുള്ളവർ.

ജനുവരി 12 ന് ഭോപ്പാൽ ജില്ലയിലെ ന്യൂനപക്ഷ സെല്ലിലെഅംഗങ്ങൾ, സംസ്ഥാന മാധ്യമ ചുമതലയുള്ളവർ, വക്താവ്, ജില്ലാ സെക്രട്ടറിമാർ എന്നിവർ ഉള്‍പ്പടെ 48 പേര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിരുന്നു.

സംസ്ഥാന ന്യൂനപക്ഷ സെൽ മേധാവിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ ഇങ്ങനെ പറയുന്നു. ‘പാർട്ടി ഒരിക്കൽ ശ്യാമ പ്രസാദ് മുഖർജിയുടെയും അടൽ ബിഹാരി വാജ്‌പേയിയുടെയും തത്ത്വങ്ങൾ പിന്തുടർന്നു, വിവേചനത്തിൽ ഏർപ്പെട്ടില്ല, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാവരെയും കൂടെ കൊണ്ടുപോയി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രണ്ട്-മൂന്ന് വലിയ പേരുകള്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയും ഒരു പ്രത്യേക സമുദായത്തിനെതിരെ പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button