Latest NewsNews

ലോട്ടറി ഘടന പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ; ലോട്ടറിയിന്മേലുള്ള ജിഎസ്ടി നിരക്ക് 28 ശതമാനമാക്കി

സംസ്ഥാന ലോട്ടറിയുടെ വിവിധ ടിക്കറ്റുകളുടെ ഘടന പരിഷ്‌കരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോട്ടറിയിന്മേലുള്ള ജിഎസ്ടി നിരക്ക് 28 ശതമാനമായി ഏകീകരിക്കുവാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ആണിതെന്ന് മന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പോസ്റ്റിട്ടത്.

നേരത്തെ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനമായിരുന്നു നികുതി. ഇടനിലക്കാര്‍ വഴി നടത്തുന്ന മറ്റ് ലോട്ടറികള്‍ക്ക് 28 ശതമാനവും. കേരളത്തിന്റെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് സംസ്ഥാന ലോട്ടറിയുടെയും ജിഎസ്ടി നിരക്ക് 28 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇതോടെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടന പരിഷ്‌കരിക്കേണ്ട സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. നിലവില്‍ 30 രൂപയുടെ ആറ് ടിക്കറ്റുകളും, 50 രൂപയുടെ ഒരു ടിക്കറ്റുമാണ് പ്രതിവാരം ലോട്ടറി വകുപ്പ് നടത്തുന്നത്. വര്‍ദ്ധിച്ച ജിഎസ്ടി നിരക്കിന്റെ പശ്ചാത്തലത്തില്‍ ടിക്കറ്റിന്റെ വിലയില്‍ ചെറിയൊരു വര്‍ദ്ധനവ് വരുത്തിക്കൊണ്ടാണ് പരിഷ്‌കരണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ലോട്ടറി ഘടന പരിഷ്‌കരിക്കുന്നു. ലോട്ടറിയിന്മേലുള്ള ജിഎസ്ടി നിരക്ക് 28 ശതമാനമായി ഏകീകരിക്കുവാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ലോട്ടറിയുടെ വിവിധ ടിക്കറ്റുകളുടെ ഘടന പരിഷ്‌കരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

നേരത്തെ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനമായിരുന്നു നികുതി. ഇടനിലക്കാര്‍ വഴി നടത്തുന്ന മറ്റ് ലോട്ടറികള്‍ക്ക് 28 ശതമാനവും. കേരളത്തിന്റെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് സംസ്ഥാന ലോട്ടറിയുടെയും ജിഎസ്ടി നിരക്ക് 28 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. ജിഎസ്ടി നിരക്കില്‍ ഈ വര്‍ദ്ധന വന്നതോടെ സംസ്ഥാന ഭാഗ്യക്കുറിയുടെ ഘടന പരിഷ്‌കരിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. ഇതു സംബന്ധിച്ച് ലോട്ടറി മേഖലയില്‍ എല്ലാ ട്രേഡ് യൂണിയനുകളുമായും സര്‍ക്കാര്‍ വിശദമായ ചര്‍ച്ച നടത്തി. ബന്ധപ്പെട്ടവരെല്ലാം നല്‍കിയ നിര്‍ദ്ദേശങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടാണ് ലോട്ടറി ഘടന പരിഷ്‌കരിക്കുന്നത്.

മൂന്ന് അടിസ്ഥാന സമീപനങ്ങളാണ് ഈ ഘടനാ പരിഷ്‌കാരത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഒന്ന്, വില്‍പ്പനക്കാരുടെയും ഏജന്റുമാരുടെയും വരുമാനത്തില്‍ കുറവ് ഉണ്ടാകരുത്. രണ്ട്, സമ്മാനങ്ങളുടെ എണ്ണവും വിഹിതവും വര്‍ദ്ധിപ്പിക്കുക. മൂന്ന്, സംസ്ഥാന സര്‍ക്കാരിനു ലഭിച്ചുകൊണ്ടിരിക്കുന്ന അറ്റാദായത്തില്‍ പാതി പുതിയ സാഹചര്യത്തില്‍ വേണ്ടെന്നുവച്ചുകൊണ്ട് പരിഷ്‌കരണം നടപ്പിലാക്കുക.

ഈ മൂന്ന് സമീപനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഘടനാ പരിഷ്‌കാരമാണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ളത്. നിലവില്‍ 30 രൂപയുടെ ആറ് ടിക്കറ്റുകളും, 50 രൂപയുടെ ഒരു ടിക്കറ്റുമാണ് പ്രതിവാരം ലോട്ടറി വകുപ്പ് നടത്തുന്നത്. വര്‍ദ്ധിച്ച ജിഎസ്ടി നിരക്കിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വരുമാനവും സമ്മാനങ്ങളുടെ അളവും കുറയാതിരിക്കുന്നതിനുവേണ്ടി ടിക്കറ്റിന്റെ വിലയില്‍ ചെറിയൊരു വര്‍ദ്ധനവ് വരുത്തിക്കൊണ്ടാണ് പരിഷ്‌കരണം നടപ്പിലാക്കുന്നത്.

30 രൂപ വിലയുള്ള ആറ് ടിക്കറ്റുകളുടെയും ജിഎസ്ടി അടക്കമുള്ള ആകെ വില 40 രൂപയാകും. 50 രൂപ വിലയുള്ള കാരുണ്യ ടിക്കറ്റിന്റെ നിരക്കും 40 രൂപയാക്കും. ഇതോടെ ലോട്ടറി വകുപ്പ് നടത്തുന്ന എല്ലാ പ്രതിവാര ലോട്ടറികളുടെയും വില 40 രൂപയാകും.

നിലവില്‍ 2000 ടിക്കറ്റുവരെ എടുക്കുന്നവര്‍ക്ക് 24 ശതമാനവും 2001 മുതല്‍ 10000 ടിക്കറ്റുവരെ എടുക്കുന്നവര്‍ക്ക് 24.5 ശതമാനവും 10000ന് മുകളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 25.25 ശതമാനവുമെന്ന തരത്തില്‍ മൂന്നു സ്ലാബുകളിലായാണ് ഡിസ്‌കൗണ്ട് നല്‍കുന്നത്. ഇത് 23.5, 24.25, 25 എന്നിങ്ങനെ പരിഷ്‌കരിക്കും. ടിക്കറ്റുകളുടെ വില ഉയരുന്നതുകൊണ്ട് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തുക ഉയരുകയാണ് ചെയ്യുക. 30 രൂപയായിരുന്നപ്പോള്‍ ആദ്യത്തെ സ്ലാബില്‍ ഒരു ടിക്കറ്റിന് 6.43 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 7.34 രൂപയായി ഉയരും. രണ്ടാമത്തെ സ്ലാബില്‍ ഇത് 6.56 രൂപയില്‍ നിന്നും 7.57 രൂപയായും, മൂന്നാമത്തെ സ്ലാബില്‍ 6.76 രൂപയില്‍ നിന്നും 7.81 രൂപയായും വര്‍ദ്ധിക്കുകയാണ് ചെയ്യുക.

ആകെ സമ്മാനങ്ങളുടെ എണ്ണത്തിലും വിഹിതത്തിലും വര്‍ദ്ധനവു വരും. ഓരോ ലോട്ടറിയിലുമുണ്ടാകുന്ന വ്യത്യാസം ഇപ്രകാരമാണ്.

1) പൗര്‍ണ്ണമി – 30240 സമ്മാനങ്ങള്‍ വര്‍ദ്ധിക്കും. മുഖവിലയില്‍ സമ്മാനത്തിന്റെ വിഹിതം 51.94 ശതമാനത്തില്‍ നിന്നും 57.7 ശതമാനമായി ഉയരും.

2) വിന്‍വിന്‍ – 30240 സമ്മാനങ്ങള്‍ വര്‍ദ്ധിക്കും. മുഖവിലയില്‍ സമ്മാനത്തിന്റെ വിഹിതം 51.84 ശതമാനത്തില്‍ നിന്നും 58.11 ശതമാനമായി ഉയരും.

3) സ്ത്രീശക്തി – 38880 സമ്മാനങ്ങള്‍ വര്‍ദ്ധിക്കും. മുഖവിലയില്‍ സമ്മാനത്തിന്റെ വിഹിതം 51.94 ശതമാനത്തില്‍ നിന്നും 57.9 ശതമാനമായി ഉയരും.

4) അക്ഷയ – 34560 സമ്മാനങ്ങള്‍ വര്‍ദ്ധിക്കും. മുഖവിലയില്‍ സമ്മാനത്തിന്റെ വിഹിതം 52.01 ശതമാനത്തില്‍ നിന്നും 58.28 ശതമാനമായി ഉയരും.

5) കാരുണ്യപ്ലസ് – 48600 സമ്മാനങ്ങള്‍ വര്‍ദ്ധിക്കും. മുഖവിലയില്‍ സമ്മാനത്തിന്റെ വിഹിതം 51.99 ശതമാനത്തില്‍ നിന്നും 58.08 ശതമാനമായി ഉയരും.

6) നിര്‍മ്മല്‍ – 35640 സമ്മാനങ്ങള്‍ വര്‍ദ്ധിക്കും. മുഖവിലയില്‍ സമ്മാനത്തിന്റെ വിഹിതം 51.86 ശതമാനത്തില്‍ നിന്നും 58.11 ശതമാനമായി ഉയരും.

7) കാരുണ്യ – 7024 സമ്മാനങ്ങള്‍ വര്‍ദ്ധിക്കും. മുഖവിലയില്‍ സമ്മാനത്തിന്റെ വിഹിതം 51.94 ശതമാനത്തില്‍ നിന്നും 57.94 ശതമാനമായി ഉയരും.

14.8 ശതമാനമായിരുന്ന സര്‍ക്കാരിന്റെ ലാഭവിഹിതം ശരാശരി 6.6 ശതമാനമായി കുറയും.

വില്‍പ്പനക്കാരുടെ വരുമാനം സംരക്ഷിച്ചുകൊണ്ടും സമ്മാനങ്ങളുടെ എണ്ണം പരമാവധി വര്‍ദ്ധിപ്പിച്ചുകൊണ്ടുമാണ് ലോട്ടറി ഘടനയില്‍ പരിഷ്‌കരണം കൊണ്ടുവരുന്നത്. ജിഎസ്ടി ഉയര്‍ത്തിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ വരുന്ന മുറയ്ക്ക് ഇത് പ്രാബല്യത്തില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button