KeralaLatest NewsIndia

യുവസംരഭകരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങളൊക്കെ പ്രഹസനം, രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടി കേരളം വിടാനൊരുങ്ങി സംരംഭക ദമ്പതിമാര്‍

ഇനി തുടങ്ങാന്‍ പോകുന്നതും നടത്തിക്കൊണ്ടിരിക്കുന്നതുമായ വന്‍ സംരംഭങ്ങളാണ് ഇവര്‍ തമിഴ്നാട്ടിലേക്കോ കര്‍ണാടകത്തിലേക്കോ കൊണ്ടുപോകാന്‍ ഒരുങ്ങുന്നത്.

ആലപ്പുഴ: യുവസംരഭകരെ ആകര്‍ഷിക്കാന്‍ പ്രഖ്യാപനങ്ങളുമായി കേരളം ഒരുങ്ങി നില്‍ക്കുമ്പോള്‍ കോടികള്‍ മുടക്കിയ സംരംഭവുമായി മറുനാട്ടിലേക്ക് രക്ഷപ്പെടാനൊരുങ്ങുകയാണ് യുവസംരംഭകരായ ദമ്പതിമാര്‍. രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് പൊറുതിമുട്ടിയാണ് ഈ തീരുമാനത്തിലെത്തിയത്‌ എന്നാണ് അവരുടെ വിശദീകരണം.ആലപ്പുഴ കടപ്പുറത്ത് കടല്‍ക്കാഴ്ചയുടെ പ്രദര്‍ശനം നടത്തുന്നതിന് നഗരസഭാ ചെയര്‍മാന്‍ പത്തുലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപിച്ച സംരഭക ആര്‍ച്ച ഉണ്ണിയും ഭര്‍ത്താവ് കെ.കെ. നിമിലുമാണ് കേരളം മടുത്തുവെന്ന് പറയുന്നത്.

ഇനി തുടങ്ങാന്‍ പോകുന്നതും നടത്തിക്കൊണ്ടിരിക്കുന്നതുമായ വന്‍ സംരംഭങ്ങളാണ് ഇവര്‍ തമിഴ്നാട്ടിലേക്കോ കര്‍ണാടകത്തിലേക്കോ കൊണ്ടുപോകാന്‍ ഒരുങ്ങുന്നത്.
ഇവരോട് നഗരസഭാ ചെയര്‍മാന്‍ പത്തുലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന ആരോപണം വിവാദമായിരുന്നു.’കോടതി ഉത്തരവുപോലും നടപ്പാക്കിത്തരാത്ത ഉദ്യോഗസ്ഥര്‍, തങ്ങള്‍ക്ക് എത്ര പണം തരുമെന്ന് ചോദിക്കുന്ന രാഷ്ട്രീയക്കാര്‍. ഭയം തോന്നുന്നു, മനസ്സു മടുത്തു. ഇത്തരക്കാരോട് എതിരിട്ട് ഒന്നും ഇവിടെ നടത്താന്‍ ഞങ്ങളില്ല.’-ആര്‍ച്ചയും നിമിലും ചാനലിനോട് പറഞ്ഞു.

പ്രദര്‍ശനാനുമതി നീട്ടിക്കൊടുക്കാന്‍ ഹൈക്കോടതി നഗരസഭാ സെക്രട്ടറിയോട് ഉത്തരവിട്ടിട്ടും പറഞ്ഞ സമയത്തിനകം അനുമതി നല്‍കിയില്ലെന്ന് ആര്‍ച്ച ഉണ്ണി പറഞ്ഞു.ഒരുദിവസത്തിനുശേഷം രാത്രി വൈകി പ്രദര്‍ശനത്തിന്റെ കവാടത്തില്‍ അനുമതി ഉത്തരവ് അറിയിപ്പ് നിരവധി വ്യവസ്ഥകളോടെ നഗരസഭ പതിച്ചു. ഇതേത്തുടര്‍ന്ന് ആലപ്പുഴയിലെ പ്രദര്‍ശനം നിശ്ചയിച്ചതിനേക്കാള്‍ നേരത്തെ അവസാനിപ്പിക്കാന്‍ യുവസംരംഭകര്‍ തീരുമാനിച്ചു.

കൊച്ചിയില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ തുടങ്ങാനിരുന്ന 50 കോടിയുടെ സ്ഥിരം ടണല്‍ എക്സ്പോ പദ്ധതിയും ഉപേക്ഷിക്കുകയാണെന്ന് ആര്‍ച്ചയും നിമിലും പറഞ്ഞു.  നീല്‍ എന്റര്‍ടെയിന്‍മെന്റ് എന്നതാണ് ഇവരുടെ കമ്പനി. ചെങ്ങന്നൂര്‍ സ്വദേശിനിയായ ആര്‍ച്ച(26)യും കണ്ണൂര്‍ സ്വദേശിയായ നിമിലും(30) ഇപ്പോള്‍ കൊച്ചിയില്‍ പാലാരിവട്ടത്ത്‌ താമസിക്കുന്നു.

അതേസമയം താന്‍ സംരഭകയോട് പണം ആവശ്യപ്പെട്ടത് ചെയര്‍മാന്റെ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ടിലേക്കാണെന്നാണ്‌ നഗരസഭാ ചെയര്‍മാന്‍ ഇത് സംബന്ധിച്ച്‌ ആലപ്പുഴ ഡി.സി.സി.ക്ക് നല്‍കിയ വിശദീകരണം.അവര്‍ക്ക് 1,625 ചതുരശ്രമീറ്ററില്‍ പ്രദര്‍ശനമൊരുക്കാനാണ് ഫയര്‍ എന്‍.ഒ.സി. നല്‍കിയിരുന്നത്. എന്നാല്‍, 1,909 ചതുരശ്രമീറ്ററിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ഇത് കളക്ടറെ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് കളക്ടര്‍ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചുള്ള നടപടി ക്രമങ്ങളേ ചെയ്തിട്ടുള്ളു എന്നും ആലപ്പുഴ നഗരസഭാ സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button