Latest NewsNewsSports

ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയയില്‍ ഉണ്ടായ അപകടത്തില്‍ ബ്രയ്ന്റിനൊപ്പം 13 കാരിയായ മകള്‍ ജിയാനെയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബാക്കി 7 പേരും കൊല്ലപ്പെട്ടു. മകളുടെ ബാസ്‌കറ്റ്ബോള്‍ മത്സരത്തിനായുള്ള യാത്രക്കിടയിലാണ് തന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ജിയാനെയുടെ സഹതാരം ആലിസ്സയും മാതാപിതാക്കളും അപകടത്തില്‍പ്പെട്ടവരില്‍ ഉണ്ട്.

1978 ല്‍ ജനിച്ച കോബി എന്‍.ബി.ഐ താരമായ അച്ഛന്‍ ജോ ബ്രയാന്റിന്റെ പാത പിന്തുടര്‍ന്നാണ് 1996 ല്‍ കോളേജില്‍ നിന്ന് നേരെ എന്‍.ബി.ഐയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടക്കം മുതല്‍ തന്നെ മൈക്കള്‍ ജോര്‍ദാനുമായി താരതമ്യം ചെയ്യപ്പെട്ട കോബി അക്ഷരാര്‍ത്ഥത്തില്‍ ആ താരതമ്യം ശരിവെക്കുന്ന പ്രകടമാണ് നടത്തിയിരുന്നത്. 1996 മുതല്‍ 2016 വരെ 20 കൊല്ലം ലോസ് ആഞ്ചല്‍സ് ലേക്കേഴ്‌സിന് വേണ്ടി മാത്രമാണ് കോബി കളിച്ചത്. ലേക്കേഴ്‌സിനെ 5 തവണ എന്‍.ബി.ഐ ജേതാക്കള്‍ ആക്കിയ കോബി 2008 ലും 2012 ലും അമേരിക്കക്ക് ആയി ഒളിമ്പിക് സ്വര്‍ണമെഡലും നേടിയിട്ടുണ്ട്.

ഷൂട്ടിങ് ഗാര്‍ഡ് ആയി എന്‍.ബി.ഐയില്‍ 20 വര്‍ഷം കളിക്കുന്ന ആദ്യ താരവും കോബി ആണ്. തങ്ങളുടെ പ്രിയതാരം ഉപയോഗിച്ച 8, 24 ജേഴ്സി നമ്പറുകള്‍ ഇനി ഉപയോഗിക്കില്ല എന്നു ലേക്കേഴ്സ് പ്രഖ്യാപിച്ചപ്പോള്‍ കോബിക്ക് ആദരമായി 24 നമ്പര്‍ ജേഴ്സി തങ്ങളും ഉപയോഗിക്കില്ല എന്നു പ്രഖ്യാപിച്ചു മറ്റൊരു എന്‍.ബി.ഐ ടീം ആയ ഡല്ലാസ് മാവറിക്‌സ്.

സാമൂഹിക മാധ്യമങ്ങളില്‍ സഹതാരങ്ങളും പ്രമുഖരും ആരാധകരുമടക്കം കോബിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ഫുട്ബോള്‍ താരങ്ങള്‍ ആയ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടെന്നീസ്താരം റാഫേല്‍ നദാല്‍, മറ്റ് കായികതാരങ്ങള്‍ നിരവധി ക്ലബുകള്‍, പ്രമുഖ സിനിമ, കായിക താരങ്ങള്‍ തുടങ്ങി പലരും ആദരാഞ്ജലികള്‍ നേര്‍ന്നപ്പോള്‍ ഗ്രാമി അവാര്‍ഡ് വേദിയില്‍ പാട്ടുകാര്‍ പലരും കോബിക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു. പി.എസ്.ജിക്കായി കളിക്കുമ്പോള്‍ കളത്തില്‍ കോബിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ബ്രസീലിയന്‍ താരം നെയ്മര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button