USALatest NewsNewsGulf

ട്രംപിന്റെ അടുത്ത നീക്കം എന്ത്? അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം

ബാഗ്ദാദ്: അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. എംബസിക്കു സമീപം അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

അഞ്ചും പതിച്ചത് യുഎസ് എംബസിക്ക് സമീപത്ത് തന്നെയാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. വിദേശ രാജ്യങ്ങളുടെ എംബസി ഉള്‍പ്പെട്ട ഗ്രീന്‍ സോണിലായിരുന്നു റോക്കറ്റുകള്‍ പതിച്ചത്. ഇറാനി സൈനിക ജനറര്‍ കാസിം സൊലേമാനിയെ അമേരിക്ക വധിച്ച ശേഷം ഇത് മൂന്നാം തവണയാണ് ഇത്തരം റോക്കറ്റാക്രമണം ഈ മേഖലയില്‍ നടക്കുന്നത്.

ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ രണ്ട് ദിവസം മുൻപ് ബാഗ്ദാദിൽ വൻ പ്രതിഷേധ റാലി നടന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം എംബസിക്ക് സമീപമുണ്ടായിരുന്നു. മൂന്നു റോക്കറ്റുകളാണ് അന്ന് പതിച്ചത്. ഇത്തവണ എംബസിക്കു തൊട്ടടുത്താണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ‌ടൈഗ്രിസ് നദിയുടെ പടിഞ്ഞാറൻ തീരത്താണ് വിദേശ എംബസികൾ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ. ഇവിടെ നിന്ന് വലിയ ശബ്ദം കേട്ടതായി വിദേശ മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസത്തെ ഇടവേളയ്ക്കിടെയുണ്ടായ ആക്രമണങ്ങൾ മേഖലയിലെ സംഘർഷത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.

ALSO READ: തുർക്കി ഭൂകമ്പം: മരണസംഖ്യ 36 ആ​യി; ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് വ്യോമാക്രമണത്തിൽ വധിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനുനേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകൾ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവർത്തനം. അതിവേഗത്തിൽ റോക്കറ്റുകളയയ്ക്കാനും സാധിക്കും. രണ്ടാംലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നതാണ് ഇവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button