KeralaLatest NewsIndia

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനു സ്‌ത്രീകള്‍ സമരത്തിനിറങ്ങേണ്ടെന്നും മുഷ്‌ടി ചുരുട്ടേണ്ടെന്നും കാന്തപുരം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുക്കുന്ന മുസ്ലിം സ്‌ത്രീകളെ സമസ്‌ത കേരള സുന്നി യുവജന സംഘം സെക്രട്ടറി അബ്‌ദുള്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ നേരത്തേ വിമര്‍ശിച്ചിരുന്നു.

കോഴിക്കോട്‌: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനു സ്‌ത്രീകള്‍ ഇറങ്ങേണ്ടെന്ന്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. പുരുഷന്‍മാരെപ്പോലെ സ്‌ത്രീകള്‍ മുഷ്‌ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ സമസ്‌തയുടെ ഇരുവിഭാഗവും യോജിക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുക്കുന്ന മുസ്ലിം സ്‌ത്രീകളെ സമസ്‌ത കേരള സുന്നി യുവജന സംഘം സെക്രട്ടറി അബ്‌ദുള്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ നേരത്തേ വിമര്‍ശിച്ചിരുന്നു.

തന്റെ തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല്‌ പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട്‌ ഞെട്ടിപ്പോയെന്ന്‌ അദ്ദേഹം ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ എഴുതിയിരുന്നു. “പുരുഷന്‍മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇടകലര്‍ന്ന്‌ നീങ്ങുന്ന പ്രകടനത്തില്‍ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്‌. മുന്‍നിരയില്‍പോലും വനിതാപ്രാതിനിധ്യമുണ്ട്‌. ഇതെന്തുമാത്രം ഖേദകരമാണ്‌. ഈ സംസ്‌കാരം അപകട സൂചനയാണ്‌”- എന്നായിരുന്നു എഴുത്ത്‌.

സംസ്‌ഥാനത്ത്‌ ലൗ ജിഹാദുണ്ടെന്ന സിറോ മലബാര്‍ സഭയുടെ ആരോപണം അടിസ്‌ഥാനരഹിതമാണെന്നും കാന്തപുരം പറഞ്ഞു.പൗരത്വ നിയമത്തിനെതിരായി രംഗത്തിറങ്ങുന്ന സ്‌ത്രീകള്‍ പരിധി വിടരുതെന്ന്‌ ഇ.കെ. വിഭാഗം സുന്നി സംഘടനയും നിര്‍ദേശം നല്‍കിയിരുന്നു. കാന്തപുരത്തിന്റെ പരാമര്‍ശത്തിനെതിരേ പുരോഗമന മുസ്ലിം വനിതാ സംഘടനയായ നിസ പ്രസിഡന്റ്‌ വി.പി സുഹറ രംഗത്തുവന്നു.

പ്രവാചകന്റെ പാതയാണ്‌ സ്വീകരിക്കുന്നതെങ്കില്‍ സ്‌ത്രീകള്‍ സമരത്തിന്‌ ഇറങ്ങരുതെന്ന്‌ കാന്തപുരത്തിനു പറയാനാകില്ലെന്നു സുഹറ പറഞ്ഞു. പ്രവാചകന്റെ ഭാര്യ യുദ്ധം ചെയ്‌തിട്ടുണ്ടെന്നും രാഷ്‌ട്രീയമടക്കമുള്ള കാര്യങ്ങളില്‍ പ്രവാചകനൊപ്പം ഭാര്യയുമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button