Latest NewsLife Style

കൊറോണ വൈറസ് തിരിച്ചറിയുന്നതിങ്ങനെ

പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് , ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട്

പനി, ജലദോഷം , ചുമ , തൊണ്ടവേദന , ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ തന്നെ ന്യൂമോണിയ,വൃക്കകളുടെ പ്രവര്‍ത്തന മാന്ദ്യം തുടങ്ങി ഗുരുതരാവസ്ഥയില്‍ മരണത്തിന് വരെ ഇവ കാരണമാകാം.

രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പിടിപെടാന്‍ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ വഴിയോ സ്രവങ്ങള്‍ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തില്‍ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാന്‍ ഏതാണ്ട് 6 മുതല്‍ 10 ദിവസങ്ങള്‍ വരെ എടുക്കാം.

മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയില്‍ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കിയാണ് രോഗ നിര്‍ണയം ഉറപ്പു വരുത്തുന്നത്. PCR , NAAT എന്നിവയാണ് നിലവില്‍ ലഭ്യമായിട്ടുള്ള ടെസ്റ്റുകള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കണ്ണിലോ മൂക്കിലോ വായിലോ കഴുകാത്ത കൈകൊണ്ട് തൊടരുത്. പലയാവര്‍ത്തി കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈകള്‍ ഉരച്ചു കഴുകണം. പറ്റുമെങ്കില്‍ ആള്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക

2. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മൂക്കും വായയും മറച്ചു പിടിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റൊരാളുടെയോ മറ്റു വസ്തുക്കളുടെയോ നേര്‍ക്കു ആവരുത് എന്ന് ശ്രദ്ധിക്കുക. ഒഴിവാക്കാന്‍ ആവാത്ത തുമ്മലുകള്‍ ഒരു തൂവാല കൊണ്ട് മറച്ചോ ഒന്ന് കുനിഞ്ഞു അവനവന്റെ കുപ്പായത്തിന്റെ ഞൊറിവുകളിലേക്കോ ആയിക്കോട്ടെ.

3. രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക.

4. മത്സ്യമാംസാദികള്‍ നന്നായി പാകം ചെയ്യുക.

5. ഡോക്ടറെ കാണുന്നതിന് മുന്‍പ് പലപ്പോഴും മണിക്കൂറുകളോളം ഉള്ള കാത്തിരിപ്പ് പതിവാണ്. വായു മാര്‍ഗം പകരുന്ന വ്യാധികളുടെ കൊടുക്കല്‍വാങ്ങലുകള്‍ക്കു ഏറെ സാധ്യത കൂട്ടുന്ന നിമിഷങ്ങള്‍ ആണിത്. ആശുപത്രിയിലേക്ക് കയറി വരുമ്പോള്‍ തന്നെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം അല്ലെങ്കില്‍ മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരം ഒരു മാസ്‌ക് ധരിക്കുന്നതു നന്നാവും. ഒന്നുമില്ലെങ്കില്‍ ഒരു തൂവാല. മാസ്‌കും തൂവാലയും രോഗം ഒരാള്‍ക്ക് കിട്ടാതിരിക്കുന്നതിനേക്കാള്‍ ആയിരങ്ങള്‍ക്ക് കൊടുക്കാതിരിക്കാന്‍ ആവും സഹായകം.

6. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കുക.

7. രോഗ ബാധിത പ്രദേശങ്ങളില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മറ്റും രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. രോഗബാധിതരേയും അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തവരേയും കണ്ടെത്തുകയും അവരെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നത് വഴി രോഗവ്യാപനം തടയാനാകും

8. ഇത് പകരാതിരിക്കാന്‍ ചൂടുവെള്ളം കുടിക്കണം, ഉപ്പുവെള്ളം കുടിക്കണം എന്നൊക്കെ പറഞ്ഞു പല ഹോക്‌സുകളും ഇറങ്ങീട്ടുണ്ട്. അതൊക്കെ പലര്‍ക്കും വാട്‌സാപ്പ് വഴി കിട്ടിയിട്ടുമുണ്ടാകും. അതൊന്നും ഫോര്‍വേഡ് ചെയ്യരുത്. ദയവായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രം പാലിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button