Latest NewsNewsIndia

പാർലമെന്റ് സമ്മേളനം നാളെ തുടങ്ങും; പ്രതിപക്ഷത്തിന് ഇത് നിർണ്ണായകം: അഞ്ചു ട്രില്യൺ എക്കണോമിയിലേക്കുള്ള മാർഗ്ഗരേഖയാവും ബജറ്റ്- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ, ജനുവരി 31 ന് തുടക്കമാവുകയാണ്. രാവിലെ 11 ന് രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. മറ്റന്നാൾ, ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക; അതും രാവിലെ പതിനൊന്നിന്. തീർച്ചയായും വളരെ പ്രധാനപ്പെട്ട ദിനങ്ങളാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയുള്ളത്. സർക്കാരിന്റെ നയപരിപാടികൾ വിശദീകരിക്കുന്നതാവും രാഷ്ട്രപതിയുടെ പ്രസംഗമെന്നതിൽ സംശയമില്ല. പൗരത്വ നിയമ ഭേദഗതിയെ പറ്റിയും മറ്റും ചില പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്കുള്ള മറുപടി അതിലുണ്ടാവുക തന്നെ ചെയ്യും; അതായത് നിയമ ഭേദഗതിയിൽ സർക്കാർ ഉറച്ചുനിൽക്കുന്നുവെന്നുള്ള പ്രഖ്യാപനം. ഭാവി ഭാരതത്തിന്റെ വിധി നിർണ്ണയിക്കുന്ന പരിപാടികൾ അനാവരണം ചെയ്യുന്നതാവും ആ പ്രസംഗമെന്നും പൊതുവെ കണക്കാക്കപ്പെടുന്നു.

അതുപോലെ പ്രധാനമാണ് അടുത്ത ബജറ്റ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനാണ് അത് അവതരിപ്പിക്കുക. ലോകത്ത്‌ ഇന്ന് കാണുന്ന മാന്ദ്യം കുറെയൊക്കെ ഇന്ത്യയെയും ബാധിച്ചിട്ടുണ്ട് എന്നത് കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാവും സർക്കാരിന്റെ ഈ സാമ്പത്തിക നയാ രേഖ. അതെ സമയം തന്നെ ഇന്ത്യ ലോകത്തിലെ അഞ്ചാമത് സാമ്പത്തിക ശക്തിയായി സ്ഥാനം ഉറപ്പിച്ചിരിക്കുന്നു എന്നതും കാണാതെ പോകാനാവില്ലല്ലോ. ബ്രിട്ടൻ ആസ്ഥാനമായുള്ള വേൾഡ് ഇക്കണോമിക് ലീഗ്, ഫോക്കസ് എക്കണോമിക്സ് എന്നിവർ നടത്തിയ പഠനങ്ങളിലാണ് ഇന്ത്യ നടത്തിയ മുന്നേറ്റത്തെക്കുറിച്ച് പറയുന്നത്. ലോകത്തിലെ സാമ്പത്തിക മേഖലയെക്കുറിച്ച് ആധികാരികമായി പഠനം നടത്തുന്ന പ്രസ്ഥാനങ്ങളാണ് ഇവ രണ്ടും. മൂന്ന് ട്രില്യൺ എക്കണോമി എന്ന ലക്‌ഷ്യം ഇതിനകം കടന്ന ഇന്ത്യ ഇപ്പോൾ ബ്രിട്ടന് മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയാണ് മറ്റ് നാല് രാജ്യങ്ങൾ. 2025 ആവുമ്പോഴേക്ക് അഞ്ച് ട്രില്യൺ എക്കണോമി എന്ന സ്വപ്നത്തിലേക്ക് ഇന്ത്യ എത്തുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. ഇപ്പോഴത്തെ നിലക്ക് 2029 -ൽ ലോകത്തിലെ നാലാം സാമ്പത്തിക ശക്തിയായും 2034 -ൽ മൂന്നാമതായുമെത്തും. നരേന്ദ്ര മോഡി സർക്കാർ സ്വീകരിക്കുന്ന നടപടികൾ രാജ്യത്തിൻറെ സമ്പദ് ഘടനയെ കരുത്തുറ്റതാക്കുന്നു എന്നതാണ് ഇത് കാണിച്ചുതരുന്നത് എന്ന് സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നു എന്നർത്ഥം. .

ഇക്കഴിഞ്ഞ വർഷമാണ് ജിഡിപി -യുടെ അടിസ്ഥാനത്തിൽ ബ്രിട്ടനെ മറികടന്നുകൊണ്ട് ഇന്ത്യ അഞ്ചാമതെത്തിയത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്; ചൈന രണ്ടാമതും ജപ്പാനും ജർമ്മനിയും മൂന്നും നാലും സ്ഥാനങ്ങളിലുമുണ്ട്. 2004 -ൽ ഇന്ത്യ പന്ത്രണ്ടാമതും 2009 -ൽ പതിനൊന്നാമതുമായിരുന്നു എന്നതോർക്കുക; 2014 -ൽ നരേന്ദ്ര മോഡി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ പത്താമതും. അവിടെനിന്നാണ് അടുത്ത അഞ്ചുവർഷം കൊണ്ട് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയരുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ബ്രസീൽ, കാനഡ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങൾ. ഇന്ത്യയുടെ ജിഡിപി ഇപ്പോൾ 3. 304 ട്രില്യൺ യുഎസ് ഡോളറാണ്; അത് കഴിഞ്ഞ വര്ഷം 2. 934 ട്രില്യൺ യുഎസ് ഡോളറായിരുന്നു. നാളെ നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ കണക്കുകൾ ആത്മവിശ്വാസം പകരുകതന്നെ ചെയ്യും. ഇത്തരമൊരു അടിത്തറയിൽ നിന്നുകൊണ്ടാണ് അടുത്ത ഒരു വർഷത്തെ കർമ്മപദ്ധതിക്ക് ധനമന്ത്രി തയ്യാറാക്കിയിട്ടുണ്ടാവുക.

അതിനൊപ്പം ഞാൻ ബജറ്റിൽ പ്രതീക്ഷിക്കുന്നത്, വലിയ സാമ്പത്തിക പരിഷ്കരണ നടപടികളാണ്. നരേന്ദ്ര മോഡി സർക്കാർ 2014 -ൽ അധികാരമേറ്റത് മുതൽ നടപ്പിലാക്കിവരുന്ന പരിഷ്കരണ നടപടികൾ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിനകം ബാങ്കിങ് മേഖലയിൽ വലിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു; അവിടെയും പലതും ഇനിയും നടപ്പിലാക്കാനുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച ദേശസാൽകൃത ബാങ്കുകളുടെ ലയനം ഇനിയും പൂർത്തിയാവാനുണ്ട്. കൂടുതൽ ബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് കരുത്തുറ്റവയാക്കുക എന്ന ലക്‌ഷ്യം നേടിയെടുക്കാൻ പലതും ചെയ്യേണ്ടതുണ്ട്. സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തോടെ രാജ്യത്ത് ഒരു സുശക്തമായ ബാങ്ക് ഉണ്ടായി എന്നത് ചെറിയ കാര്യമല്ലല്ലോ. അതുപോലെ തന്നെയാവും പുതിയ നടപടികൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ. നോട്ട് നിരോധനം, ജിഎസ്‌ടി എന്നിവയൊക്കെ സൃഷ്ടിച്ച മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. എന്നാൽ ജിഎസ്‌ടിയുടെ കാര്യത്തിൽ ഇനിയും മുന്നോട്ട് പോകാനുണ്ട്. ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത് ജിഎസ്‌ടി കൗൺസിലാണ്; അതിനുള്ള മാർഗരേഖ ബജറ്റിൽ പ്രതീക്ഷിക്കണം. മറ്റൊന്ന് ആദായ നികുതി ഘടനയിലെ മാറ്റമാണ്. ജീവനക്കാർക്കും മറ്റും സഹായകരമാവും വിധത്തിൽ ആദായനികുതി സംവിധാനത്തിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. അഞ്ചുലക്ഷം വരെ ആദായ നികുതി കൊടുക്കേണ്ടതില്ലാത്ത സംവിധാനം നേരത്തെ മോഡി സർക്കാർ കൊണ്ടുവന്നിരുന്നു. അതിൽ കുറച്ചുകൂടി ഇളവാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വേറൊന്ന് ശ്രദ്ധിക്കേണ്ടത്, രാഷ്ട്രീയ കാര്യങ്ങളാണ്. കഴിഞ്ഞ സമ്മേളനക്കാലത്താണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയത്. അത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതെ സമയം അതിന്റെ പേരിൽ രാജ്യത്ത് ന്യൂനപക്ഷങ്ങളെ സംഘടിപ്പിക്കാനും കലാപം ആസൂത്രണം ചെയ്യാനുമൊക്കെ പ്രതിപക്ഷ കക്ഷികൾ ശ്രമിച്ചതും കണ്ടു. അതിലേറെ ഈ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയക്കാർക്കൊപ്പം വിവാദത്തിലകപ്പെട്ടിട്ടുള്ള ചില തീവ്രവാദ സംഘടനകളും ഉൾപ്പെട്ടുവെന്ന് വ്യക്തമാക്കപ്പെട്ടുണ്ട്. അവർക്ക് കോൺഗ്രസിലെ ചിലരുമായുള്ള ബന്ധങ്ങളും വെളിച്ചം കണ്ടു. ഇപ്പോഴും കലാപത്തിനുള്ള ഉദ്യമങ്ങൾ നടക്കുന്നു; രാജ്യത്തെ വെട്ടിമുറിക്കാനുള്ള ആഹ്വാനങ്ങൾ ഉയർത്തുന്നു. ഇതൊക്കെ പാർലമെന്റിൽ ചർച്ചചെയ്യപ്പെടും; അത് ഉന്നയിക്കാൻ ഭരണപക്ഷത്തുനിന്ന് തന്നെ നീക്കമുണ്ടാവുമെന്ന് വേണം കരുതാൻ.

ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുകയാണ്. കേരളത്തിലും മറ്റിടങ്ങളിലും ഉന്നയിക്കുന്ന പൗരത്വ നിയമ ഭേദഗതി ഡൽഹിയിൽ പരസ്യമായി ഉയർത്താൻ കോൺഗ്രസ് തയ്യാറാവാത്തത് ഓർക്കേണ്ടതുണ്ട്.എന്നാൽ പാർലമെന്റിൽ ഇക്കാര്യത്തിൽ അവർക്ക് ഒരു നിലപാടെടുക്കേണ്ടതായി വരും. അപ്പോൾ ദേശവിരുദ്ധ സമരങ്ങൾക്ക് അവർ പിൻതുണ നൽകുന്നുണ്ടോ എന്നത് തുറന്നു പറയേണ്ടതായി വരും. എനിക്ക് തോന്നുന്നു, ദൽഹി തിരഞ്ഞെടുപ്പിൽ അതീവ നിർണ്ണായകമാവുക പാർലമെന്റിലെ ആദ്യ ഒരാഴ്ചയിലെ ചർച്ചകളും വിശകലനങ്ങളുമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button