KeralaLatest NewsIndiaInternational

ചൈനയിൽ സ്ഥിതി അതീവ ഗുരുതരം, ഭക്ഷണവും വെള്ളവുമില്ല, വൈറസ്‌ പേടി, മടങ്ങാന്‍ വഴിയില്ല; ദുരവസ്‌ഥ വെളിപ്പെടുത്തി മലയാളി

കോട്ടയം: റോഡുകളും റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവളങ്ങളും അടഞ്ഞുകിടക്കുന്നു. തുറന്നുകിടക്കുന്നത്‌ വിരലിലെണ്ണാവുന്ന കടകള്‍ മാത്രം. വൈറസ്‌ പകരാനിടയുള്ളതുമൂലം അവയ്‌ക്കു മുന്നിലെ തിരക്കിലേക്കു പോകാന്‍ പേടി. വീട്ടിലുള്ള ഭക്ഷണശകലങ്ങള്‍ കൂടി തീര്‍ന്നാല്‍ പിന്നെ പട്ടിണി. ഇതിനെല്ലാം മുകളിലാണു രോഗബാധയുണ്ടാകുമെന്ന ആശങ്ക. ചൈനയില്‍ കുടുങ്ങിപ്പോയ മലയാളികളുടെ പേടിപ്പെടുത്തുന്ന ജീവിതത്തെക്കുറിച്ച്‌ കോട്ടയം സ്വദേശി സിജുവിന്റെ വിവരണം.

ചൈനയില്‍നിന്നു മടങ്ങാന്‍ വിമാനത്താവളത്തില്‍ വിദേശികളുടെ നീണ്ട നിരയാണെന്നു കൊറോണ പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളില്‍ നാട്ടിലെത്താന്‍ കഴിഞ്ഞ അപൂര്‍വം ചിലരിലൊരാളായ സിജു പറഞ്ഞു. മാസ്‌ക്‌ ധരിച്ചില്ലെങ്കില്‍ കനത്ത പിഴ ചുമത്തുമെന്നു മുന്നറിയിപ്പുണ്ട്‌. എന്നാല്‍, പിഴപ്പേടിയില്ലാതെ തന്നെ എല്ലാവരും മാസ്‌ക്‌ ധരിക്കുന്നുണ്ട്‌.വൈറസ്‌ ബാധ രൂക്ഷമായ വുഹാനില്‍നിന്ന്‌ 700 കി.മീ. അകലെയുള്ള ദുഗാനിലാണു 14 വര്‍ഷമായി സിജു താമസിക്കുന്നത്‌.

ഹോട്ടല്‍ മേഖലയിലാണു ജോലി. രോഗഭീതി മൂലം ഹോട്ടല്‍ അടച്ചതോടെ ഒപ്പം ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി രാജേഷ്‌, കൊല്ലം സ്വദേശി ഷിജു എന്നിവര്‍ക്കൊപ്പം നാട്ടിലേക്കു തിരിച്ചു. ഭീതി പരക്കാതിരിക്കാനായി അവിടെ സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചു. മറ്റു മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തിലാണ്‌. അതിനാല്‍ കൊറോണ ബാധിതരുടെയോ മരിച്ചവരുടെയോ കൃത്യമായ വിവരം അറിയാനാകുന്നില്ല.കഴിഞ്ഞ ബുധനാഴ്‌ച നെടുമ്പാശേരിയില്‍ വിമാനമിറങ്ങി.

ചൈനയില്‍നിന്ന്‌ എത്തുന്നവരെ പരിശോധിക്കാനായി നെടുമ്പാശേരിയില്‍ പ്രത്യേക സംവിധാനം സജ്‌ജമാണ്‌. വീട്ടുവിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയതിനു ശേഷമാണു പുറത്തുപോകാന്‍ അനുവദിച്ചത്‌. അവിടെനിന്നു നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടു തവണ കോട്ടയത്തെ വീട്ടിലെത്തി. പനിയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ അനുഭവപ്പെട്ടാല്‍ ആരോഗ്യവകുപ്പില്‍ അറിയിക്കണമെന്നു നിര്‍ദേശം കിട്ടിയിട്ടുണ്ട്‌.താന്‍ നാട്ടിലേക്കു തിരിച്ച ദിവസം ദുഗാന്‍ മേഖലയില്‍ ഇരുപതോളം പേര്‍ക്കു കൊറോണ ബാധ സ്‌ഥിരീകരിച്ചിരുന്നതായി സിജു വെളിപ്പെടുത്തി.

വുഹാനിലേക്കുളള ഗതാഗതം നിരോധിച്ചിരിക്കുകയാണ്‌. ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമെന്നാണു വിവരം. കഴിവതും വീടിനു പുറത്തിറങ്ങരുതെന്നാണു നിര്‍ദേശം. വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഫെബ്രുവരി 17 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. വ്യാപാര സ്‌ഥാപനങ്ങളോ ഫാക്‌ടറികളോ തുറക്കുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ്‌ പുറത്തിറങ്ങുന്നത്‌. ചൈനയില്‍ നിന്നുള്ള ഇറക്കുമതി മറ്റു രാജ്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്‌തതോടെ സാമ്പത്തികമേഖലയ്‌ക്കു കനത്ത ആഘാതമാണ്‌ ഉണ്ടായത്‌. കടപ്പാട് :മംഗളം

shortlink

Related Articles

Post Your Comments

Related Articles


Back to top button