KeralaLatest NewsNews

കച്ച മുറുക്കി കെട്ടി സര്‍ക്കാര്‍; തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ പുതിയ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്ന് അദാനി ഗ്രൂപ്പ് പിന്‍വാങ്ങുന്നുനെന്ന വര്‍ത്തകള്‍ക്ക് പിന്നാലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് നേടിയെടുക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ടെണ്ടറില്‍ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നല്‍കാമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. കരാര്‍ കാലാവധി തീര്‍ന്നിട്ടും കേന്ദ്രം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കാണുകയും സ്വകാര്യവത്കരണം തടയണമെന്നും സംസ്ഥാനം വിമാനത്താവളം ഏറ്റെടുക്കാമെന്നും അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനു (ടിയാല്‍) നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന അറിയിപ്പൊന്നും വരാത്തതിനാല്‍ അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത് നീളുകയായിരുന്നു.

സ്വകാര്യവല്‍ക്കരണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് ടെണ്ടര്‍ തുക കൂട്ടാമെന്ന പുതിയ നിര്‍ദ്ദേശം കേന്ദ്രത്തിന് മുന്നില്‍ വെച്ചത്. ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. സര്‍ക്കാറിന് വേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെഎസ്‌ഐഡിസി മുന്നോട്ട് വെച്ചത് 135 രൂപ. അദാനിക്ക് കരാര്‍ നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്. സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാറിനെ മറികടന്ന് അദാനിക്ക് മുന്നോട്ട് പോകാനാകില്ല. അദാനി പിന്മാറുകയാണെങ്കില്‍ സമാനതുകയില്‍ സര്‍ക്കാറിന് കരാര്‍ കിട്ടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. എന്നാല്‍ ടെണ്ടര്‍ തുറന്നുള്ള പരിശോധനക്ക് ശേഷം തുക ഉയര്‍ത്തുന്നതിലെ നിയമപ്രശ്‌നമാണ് പ്രധാന തടസ്സം.

പിന്മാറ്റത്തിന്റെ വ്യക്തമായ സൂചന ഇതുവരെ അദാനി നല്‍കിയിട്ടുമില്ല. ഒരു തവണ നീട്ടിയ ടെണ്ടര്‍ കാലാവധി ഡിസംബര്‍ 31ന് തീര്‍ന്നിരുന്നു. രാജ്യത്തെ ആറ് വിമാനത്താവളങ്ങളാണ് ആഗോള ടെന്‍ഡറിലൂടെ അദാനി സ്വന്തമാക്കിയത് .വിമാനത്താവളം കൂടി സ്വന്തമാക്കുന്നതോടെ കാര്‍ഗോ സര്‍വീസ് ശക്തമാക്കാനുള്ള നീക്കത്തിലായിരുന്നു അദാനി. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുന്നതോടെ കപ്പല്‍ മാര്‍ഗം ചരക്കുഗതാഗതം സുഗമമാക്കാനായി പ്രദേശത്ത് സര്‍വെയും നടത്തിയിരുന്നു. എന്നാല്‍ അദാനി ഗ്രീപ്പിന്റെ മോഹങ്ങള്‍ക്ക് വിലങ്ങു തടിയായി സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button