KeralaLatest NewsNews

ആര്‍.ടി.ഓഫീസില്‍ സ്വകാര്യ ബസുടമകള്‍ തമ്മില്‍ സംഘര്‍ഷം; ഒടുവില്‍ വിരല്‍ കടിച്ചെടുത്തു

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുന്നതിനായി ആറ്റിങ്ങല്‍ ആര്‍ടി ഓഫിസില്‍ വിളിച്ച ചര്‍ച്ചയ്ക്ക് എത്തിയ ബസുടമകള്‍ തമ്മിലടിച്ചു. സംഘര്‍ഷത്തില്‍ ഒരാളുടെ വിരല്‍ കടിച്ചെടുത്തു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഹൈക്കോടതി നിര്‍ദേശപ്രകാരം സമയപുനഃക്രമീകരണം ആവശ്യപ്പെട്ട അഞ്ച് ബസുകളുടെ സമയം പരിശോധിക്കുന്നതിനായി ആറ്റിങ്ങല്‍ ആര്‍.ടി.ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

എസ്.ആര്‍.ബസിന്റെ ഉടമ രതീഷിനാണ് (45) പരിക്കേറ്റത്. ഇയാളുടെ ചെറുവിരല്‍ സംഘര്‍ഷത്തിനിടെ ആരോ കടിച്ചുമുറിക്കുകയായിരുന്നു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.

കടയ്ക്കാവൂര്‍, വര്‍ക്കല, മടത്തറ റൂട്ടുകളിലോടുന്ന ബസുകളാണ് സമയം പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ആവശ്യം പരിഗണിക്കണമെന്ന കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ചൊവ്വാഴ്ച യോഗം വിളിച്ചതെന്ന് ആര്‍.ടി.ഒ. സാജന്‍ പറഞ്ഞു.ബസിന്റെ സമയം പുനഃക്രമീകരിക്കുന്നതിന് ഇതേ റൂട്ടിലോടുന്ന മറ്റ് സ്വകാര്യ ബസുടമകള്‍ക്കോ കെ.എസ്.ആര്‍.ടി.സി.ക്കോ എതിര്‍പ്പുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ആര്‍.ടി.ഒ. പറഞ്ഞു. ഇതനുസരിച്ച് ചൊവ്വാഴ്ച നടന്ന യോഗത്തില്‍ എഴുപത് പേര്‍ പങ്കെടുത്തിരുന്നു.

യോഗത്തിനുശേഷം ഹാള്‍ വിട്ട് പുറത്തിറങ്ങിയവര്‍ തമ്മില്‍ ഓഫീസിനുള്ളില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടാവുകയായിരുന്നു. ശ്രുതി ബസിന്റെ ഉടമയും ജീവനക്കാരുമാണ് ആക്രമണം നടത്തിയതെന്നാണ് സൂചനയെന്ന് ആര്‍.ടി.ഓഫീസ് അധികൃതര്‍ പറഞ്ഞു. സംഭവം ആറ്റിങ്ങല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതായും ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരേ പരാതി നല്‍കുമെന്നും ആര്‍.ടി.ഒ.അറിയിച്ചു.

shortlink

Post Your Comments


Back to top button