
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. മുതിർന്ന സിപിഐഎം നേതാക്കളായ, എ.സി മൊയ്തീൻ, പി.കെ ബിജു, എം.എം വർഗീസ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ 80 പേർ പ്രതിപട്ടികയിലുണ്ട്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.
അസിസ്റ്റൻറ് ഡയറക്ടർ നിർമ്മൽ കുമാർ മോച്ഛ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വക്കേറ്റ് സന്തോഷ് ജോസ് മുഖേനയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പി എം എൽ എ പരിധിയിൽ വരാത്ത പ്രതികളുടെ പട്ടിക പൊലീസിന് കൈമാറുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. സാങ്കേതിക നടപടിക്രമം എന്ന നിലയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം ആയിരിക്കും കൈമാറ്റം.
സിപിഐഎം മുൻ തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവരടക്കം 20 പേരെ പ്രതിചേർക്കാൻ ഇഡിക്ക് അനുമതി ലഭിച്ചിരുന്നു. ക്രമക്കേടിലൂടെ ലോൺ തരപ്പെടുത്തിയവരടക്കം 80ലേറെ പേരാണ് കേസിലെ പ്രതികൾ.കേസിൽ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം നൽകിയിരുന്നു. അന്വേഷണ പരിധിയിലുള്ള മുഴുവൻ ആളുകൾക്കും എതിരെ അന്വേഷണം നടത്തണമന്നും മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം നൽകിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഹൈക്കോടതിയെ ചൊടിപ്പിച്ചിരുന്നു.
Post Your Comments