Latest NewsNewsIndia

30 കോടി അപ്രതീക്ഷിതമായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തി; എന്തുചെയ്യണമെന്നറിയാതെ പൂക്കച്ചവടക്കാരനും ഭാര്യയും

ബംഗളൂരു:മുപ്പത് കോടി രൂപ അപ്രതീക്ഷിതമായി അക്കൗണ്ടിലെത്തിയതിനെത്തുടര്‍ന്ന് എന്തുചെയ്യണമെന്ന് അറിയാതെ പൂക്കച്ചവടക്കാരനും ഭാര്യയും. കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വന്നത്. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് മുപ്പത് കോടി രൂപ അക്കൗണ്ടില്‍ വന്നത്. എന്നാല്‍ സംഭവം ഇന്നലെയാണ് പുറത്തറിയുന്നത്.ഇവരുടെ അക്കൗണ്ട് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

ഡിസംബര്‍ രണ്ടിന് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു സംഭവം അറിയുന്നത്. എന്നാല്‍ ഇവരുടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് ജന്‍ധന്‍ അക്കൗണ്ട് പദ്ധതിപ്രകാരമുള്ള 60 രൂപമാത്രമായിരുന്നു. പണം അക്കൗണ്ടിലെത്തിയ തൊട്ടടുത്ത ദിവസംതന്നെ ബാങ്കുദ്യോഗസ്ഥര്‍ ചന്നപട്ടണയിലെ ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിച്ചു.

കുറച്ച് മാസങ്ങള്‍ക്കുമുമ്പ് ഓണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള്‍ കമ്പനി എക്സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് ഇവരെ അറിയിക്കുകയുംചെയ്തിരുന്നുവെന്നും ഇതു ലഭിക്കണമെങ്കില്‍ 6,900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നെന്ന് സയിദ് പോലീസിനോട് പറഞ്ഞു.

എന്നാല്‍, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടുലക്ഷംരൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കൈയ്യില്‍ പണമില്ലെന്നും പറഞ്ഞ് ഫോണ്‍ വെച്ചു. വീണ്ടും വിളിച്ചയാള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് ബാങ്ക്അക്കൗണ്ട് വിവരങ്ങള്‍ ഇയാള്‍ക്ക് കൈമാറി. 30 കോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതില്‍ 15 കോടി രൂപ തിരിച്ചുതരണമെന്നും ആവശ്യപ്പെട്ട് മറ്റൊരാള്‍ പിന്നീട് വിളിച്ചതായി സയിദ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.അക്കൗണ്ട് ഉടമ ഒ.ടി.പി. നമ്പറും മറ്റു വിവരങ്ങളും കൈമാറിയതാണ് തട്ടിപ്പിന് കാരണമായതെന്നാണ് നിഗമനം.

മൂന്നുമാസത്തിനിടെ കോടികളുടെ ഇടപാടാണ് ഈ അക്കൗണ്ടിലൂടെ നടന്നതെന്ന് ബാങ്ക് അറിയിച്ചു. ഒറ്റത്തവണയായി 30 കോടി രൂപ അക്കൗണ്ടിലേക്ക് വന്നതല്ല. 30 മുതല്‍ 40 ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ് പലപ്പോഴായി നടന്നതെന്നും ബാങ്ക്  വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉടമ അധികം ഇടപാടുകള്‍ നടത്താത്ത അക്കൗണ്ടുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ഒട്ടേറെപ്പേരെ പല പേരില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ്  ഇവര്‍ ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button