Latest NewsKeralaIndia

കാസർകോട്ട് വൻ സ്വർണ്ണ വേട്ട, മുംബൈയിലേക്കു കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടിച്ചു

ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തലശ്ശേരിയില്‍നിന്നു മുംബൈയിലേക്കു പോവുകയായിരുന്നു കാര്‍.

കാസര്‍ഗോഡ്‌: കാസര്‍ഗോട്ട്‌ വന്‍ സ്വര്‍ണവേട്ട. കാറില്‍ കടത്തുകയായിരുന്ന പതിനഞ്ചരക്കിലോ വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണം കസ്‌റ്റംസ്‌ പിടികൂടി. ചൊവ്വാഴ്‌ച വൈകിട്ട്‌ 6.30 നു ബേക്കല്‍ ടോള്‍ ബൂത്തിനടുത്തുവച്ചാണ്‌ ഹ്യുണ്ടായ്‌ ക്രെറ്റ കാറില്‍ രഹസ്യ അറകളുണ്ടാക്കി ഒളിപ്പിച്ചിരുന്ന സ്വര്‍ണം പിടിച്ചത്‌. കാറിലുണ്ടായിരുന്ന മഹാരാഷ്‌ട്രാ സ്വദേശികളായ രണ്ടുപേരെ അറസ്‌റ്റു ചെയ്‌തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തലശ്ശേരിയില്‍നിന്നു മുംബൈയിലേക്കു പോവുകയായിരുന്നു കാര്‍.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നു വാഹനത്തെ പിന്തുടര്‍ന്ന കസ്‌റ്റംസ്‌ സംഘം ബേക്കലില്‍വച്ച്‌ കാര്‍ തടയുകയായിരുന്നു. കാറില്‍ രണ്ടു രഹസ്യഅറകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു സ്വര്‍ണം. അറകള്‍ പൊളിച്ചു പരിശോധന നടത്തിയാലേ കൂടുതല്‍ സ്വര്‍ണമുണ്ടോയെന്നു കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നു കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കള്ളക്കടത്തിനു പിന്നില്‍ ദുബായ്‌, മലബാര്‍, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അധോലോകമാണെന്നു വ്യക്‌തമായിട്ടുണ്ട്‌.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും കള്ളക്കടത്ത്‌ സംഘവുമായി ബന്ധമുള്ളവരുടെ സ്വര്‍ണമാണിത്‌. ദുബായിയില്‍നിന്നു ബിസ്‌ക്കറ്റ്‌ രൂപത്തില്‍ സ്വര്‍ണം കടത്തുന്നത്‌ ഇപ്പോള്‍ കുറവാണ്‌. പേസ്‌റ്റ്‌ രൂപത്തിലും ഓയില്‍ രൂപത്തിലുമാണ്‌ സ്വര്‍ണം എത്തിക്കുന്നത്‌. മലപ്പുറം, കോഴിക്കോട്‌, വടകര, തലശേരി, കാസര്‍ഗോഡ്‌ കേന്ദ്രികരിച്ചാണ്‌ കേരളത്തില്‍ കള്ളക്കടത്ത്‌ സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണു കസ്‌റ്റംസിന്റെ വിലയിരുത്തല്‍.കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴി ദുബായിയില്‍നിന്നു എത്തിച്ച സ്വര്‍ണമാണു മുംബൈയിലേക്കു കടത്താന്‍ ശ്രമിച്ചതെന്നും കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

ദുബായിയില്‍നിന്നു കാരിയര്‍മാര്‍ വഴി വന്‍തോതിലുള്ള സ്വര്‍ണമാണ്‌ കേരളത്തിലേക്ക്‌ ഒഴുകുന്നത്‌. പലപ്പോഴും പത്തില്‍ ഒരാള്‍ മാത്രമാണു വിമാനത്താവളത്തില്‍വച്ച്‌ പിടിക്കപ്പെടുന്നത്‌. വിമാനത്തിലെ ചില ജോലിക്കാര്‍ക്കും വിമാനത്താവളത്തിലെ ചില ഉദ്യോഗസ്‌ഥര്‍ക്കുംവരെ സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന വിവരം നേരത്തെ പുറത്ത്‌ വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button