Latest NewsNewsIndia

മൈഡിയര്‍ കരടി പുനര്‍ജനിച്ചു ; സ്‌ക്രീനിലല്ല എയര്‍പോര്‍ട്ടില്‍ ; വീഡിയോ

ദില്ലി: മലയാള സിനിമയിലെ ഏറെ ശ്രദ്ധയാകര്‍ഷിച്ചതും ജനങ്ങളെ ഒരുപാട് ചിരിപ്പിച്ചതുമായ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മൈഡിയര്‍ കരടി. മൃഗശാലയില്‍നിന്നും കരടി ചാടി പോകുന്നതും പിന്നീട് മണി കരടി വേഷം കെട്ടുന്നതും തുടര്‍സംഭവങ്ങളുമെല്ലാം നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ആസ്വാദിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു കരടി വേഷം കെട്ടിയ ഒരാളുടെ വീഡിയോ വൈറലാകുകയാണ്. പക്ഷെ ചെറിയ മാറ്റം മൃഗശാലയിലല്ല മറിച്ച് ഇതൊരു വിമാന താവളത്തിലാണ്.

അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്നാണ് വളരെ രസകരമായൊരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. കുരങ്ങന്‍മാരുടെ ശല്യം കാരണം പൊറുതിമുട്ടിയ വിമാനത്താവളത്തിലെ ജീവനക്കാര്‍ വ്യത്യസ്തമായ വഴിയിലൂടെ അവയെ തുരത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കരടിയുടെ വേഷമണിഞ്ഞാണ് ജീവനക്കാര്‍ കുരങ്ങന്‍മാരെ തുരത്തുന്നതിനായി ഇറങ്ങിയത്.

വിമാനത്താവളത്തിലും പരിസരത്തുമായി കുരങ്ങ് ശല്യം വര്‍ധിച്ചതോടുകൂടിയാണ് ഇത്തരത്തിലൂള്ള പരീക്ഷണത്തിന് അധികൃതര്‍ മുതിര്‍ന്നത്. ജീവനക്കാരില്‍ ഒരാള്‍ കരടിയുടെ വേഷമണിയുകയും അവയെ തുരത്തുന്നതിനായി ശ്രമിക്കുകയും ചെയ്തത് വന്‍ വിജയമായിരുന്നു. കരടിയുടെ വേഷത്തിലെത്തിയ ജീവനക്കാരെനെ കണ്ട് കുരങ്ങന്‍മാര്‍ പേടിച്ച് ഓടുകയായിരുന്നു. പിന്നീടങ്ങോട്ട് ഇതേ തന്ത്രം പയറ്റുകയായിരുന്നുവെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനോജ് ഗംഗല്‍ പറഞ്ഞു.

കുരങ്ങന്‍മാരെ വിമാനത്താവളത്തിന്റെ പരിസരത്തേക്ക് കടക്കുമ്പോള്‍ തന്നെ ജീവനക്കാര്‍ കരടിയുടെ വേഷമണിഞ്ഞ് അവയെ തുരത്താനായി ഓടും. കരടി തങ്ങളെ ആക്രമിക്കാനായി വരുകയാണെന്ന് കരുതിയാവണം കരടിയുടെ വേഷമണിഞ്ഞ് പാഞ്ഞടുക്കുന്ന ജീവനക്കാരെ കാണുമ്പോള്‍ തന്നെ കുരങ്ങന്‍മാര്‍ ഇപ്പോള്‍ സ്ഥലംവിടുന്നത് പതിവാണെന്നും മനോജ് ഗംഗല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കരടിയുടെ വേഷമണിഞ്ഞ് വിമാനത്താവളത്തിന്റെ പരിസരത്തുകൂടി ഓടി നടക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വളരെ നല്ലൊരു മാര്‍ഗമാണിതെന്നും ഈ പരീക്ഷണത്തില്‍ കുരങ്ങന്‍മാര്‍ക്ക് യാതൊരുവിധ ഉപദ്രവും ഏല്‍ക്കുന്നില്ലെന്നുമാണ് ആളുകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button