KeralaLatest NewsNews

കൃത്യനിര്‍വഹണത്തില്‍ വീഴ്ച : നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ പുരയിടത്തില്‍നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമയെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. മണ്ണ് മാഫിയയുടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് റൂറല്‍ എസ്.പി നടപടിയെടുത്തത്.

read also : കാട്ടാക്കടയിൽ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ ജെ സി ബികൊണ്ട് അടിച്ചു കൊന്നു; നാടിനെ നടുക്കിയ സംഭവത്തിനു പിന്നിൽ മണൽ മാഫിയ

കാട്ടാക്കട പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഹരികുമാര്‍, ബൈജു, സുകേശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞമാസം അവസാനമായിരുന്നു കേസിനാസ്പദമായ സംഭവം. കാട്ടാക്കട സ്വദേശിയായ സംഗീതാണ് (37) കൊല്ലപ്പെട്ടത്.

എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നത് ശ്രദ്ധയില്‍പെട്ട സംഗീത് രാത്രി 12.45ന് പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും ഒന്നരമണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് കൃത്യസമയത്തുതന്നെ സ്ഥലത്തെത്തിയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് സംഗീതിന്റെ ഭാര്യ ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി നേരത്തേ രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ തന്നെയായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വീഴ്ചസംഭവിച്ചെന്ന ആക്ഷേപത്തെതുടര്‍ന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. ആ റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് ശിക്ഷാനടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button