Latest NewsNewsDevotional

ഭാരതീയ വിശ്വാസങ്ങളും ചതുര്‍ യുഗങ്ങളും

കൃതയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. [1] (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു — 1. മത്സ്യം, 2. കൂർമ്മം, 3. വരാഹം), 4. നരസിംഹം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.

കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്. കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.

ത്രേതായുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു — 1. വാമനൻ, 2. പരശുരാമൻ, 3. ശ്രീരാമൻ). കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.

പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.

ലോഹയുഗത്തിനും മുമ്പ് ശിലായുഗത്തിൽ ആയിരുന്നു ത്രേതായുഗം എന്ന് കരുതുന്നുവെങ്കിലും, ശാസ്ത്രം അതിനോട് പൂർണ്ണമായും യോജിക്കുന്നില്ല. മറ്റുയുഗങ്ങളിലേതു പോലെതന്നെ ത്രേതായുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ ഉണ്ടായിരുന്നതായി ഹൈന്ദവപുരാണങ്ങൾ സാക്ഷ്യം പറയുന്നു. ത്രേതായുഗത്തിൽ മഹാവിഷ്ണു രാമനായി ജനിച്ചുവെന്നും ധർമസംസ്ഥാപനം നടത്തിയെന്നും ഹൈന്ദവപുരാണേതിഹാസങ്ങൾ പറയുന്നു.ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.

ദ്വാപരയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു — 1. ബലരാമൻ, 2. ശ്രീകൃഷ്ണൻ) ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 8,64,000 മനുഷ്യവർഷങ്ങൾ അതായത്, 2,400 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ രണ്ട് പാദങ്ങൾ വീതം ദ്വാപരയുഗത്തിലുണ്ടായിരിക്കും. സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു. കൃതയുഗത്തിലെയും, ത്രേതായുഗത്തിലെയും പോലെതന്നെയാണ് ദ്വാപരയുഗത്തിലും വർണാശ്രമ ധർമങ്ങൾ, വ്യവസ്ഥിതികൾ മുതലായവ. ഓരോ മന്വന്തരത്തിലെയും (എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ അഥവാ മഹായുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം). ദ്വാപരയുഗത്തിൽ മഹാവിഷ്ണുവിന്റെ അംശാവതാരമായി വ്യാസൻ അവതരിക്കുകയും വേദങ്ങൾ പകുക്കുകയും ഇതിഹാസപുരാണാദികൾ രചിക്കുകയും ചെയ്യുമെന്നാണ് ഹൈന്ദവ വിശ്വാസം. ദ്വാപരയുഗത്തിൽ നീതിന്യായങ്ങൾ തുലോം കുറഞ്ഞു പോയതായും ആ സ്ഥാനത്ത് അധർമ്മം നടമാടിയതായും രോഗങ്ങളും കഷ്ടതകളും മനുഷ്യർക്ക് കൃത, ത്രേതായുഗങ്ങളിലേതിനെക്കാൾ കൂടിയതായും പറയപ്പെടുന്നു. ഈ യുഗത്തിൽ മഹാവിഷ്ണു ധർമസംസ്ഥാപനത്തിനായി ശ്രീകൃഷ്ണനായി അവതരിച്ചു എന്ന് വിശ്വസിക്കുന്നു. ദ്വാപരയുഗത്തിൽ മനുഷ്യായുസ്സ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു. മഹാഭാരതത്തിലാണ് യുഗങ്ങളെപ്പറ്റിയുള്ള വർണന കാണപ്പെടുന്നത്.

ജ്യോതിഷപരമായി, ഗ്രഹങ്ങൾക്കെല്ലാം ‘ഭൂമിക്കുചുറ്റും’ പൂർണസംഖ്യാപരിക്രമണങ്ങൾ നടത്താൻ ആവശ്യമായ കാലയളവാണ് ഒരു ചതുർയുഗം അഥവാ മഹായുഗം. 43,20,000 വർഷംവരുന്ന മഹായുഗത്തെ 4 തുല്യഭാഗങ്ങളായി കണക്കാക്കുന്ന രീതിയാണ് ആര്യഭടൻ സ്വീകരിച്ചത്. ഇതനുസരിച്ച് ഓരോ യുഗത്തിലും 10,80,000 വർഷംവീതം വരും. വർഷത്തിന്റെ നീളം 365 ദിവസം 6 മണിക്കൂർ 12 മിനിറ്റ് 35.56 സെക്കൻഡ് എന്നെടുത്താൽ (നിരയന വർഷം), പൂർണസംഖ്യാ സിവിൽ ദിനങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും ചെറിയ കാലയളവാണ് ഒരു യുഗം എന്ന് ‘ബയോട്ട്’ എന്ന ചരിത്രകാരൻ കണക്കാക്കുന്നു. മഹാഭാരതത്തിലും സൂര്യസിദ്ധാന്തത്തിലും മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. അതനുസരിച്ച് കൃതയുഗം=17,28,000 വർഷവും, ത്രേതായുഗം= 12,96,000 വർഷവും, ദ്വാപരയുഗം= 8,64,000 വർഷവും, കലിയുഗം= 4,32,000 വർഷവും ആണ്.

കലിയുഗം

ഈ യുഗത്തിന്റെ നാഥൻ കലിയെന്നാണ് സങ്കല്പം. (ക=ഒന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേതായ കൽക്കി ഈ യുഗത്തിലാണ് അവതാരം എടുക്കുന്നതെന്നു വിശ്വസിക്കുന്നു.  കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണ് ചതുർയുഗങ്ങൾ. 432,000 മനുഷ്യവർഷങ്ങൾ അതായത്, 1,200 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ ഒരു പാദം മാത്രം കലിയുഗത്തിലുണ്ടായിരിക്കുകയുള്ളു. ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.

ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (കലിവർഷം 3102-ലാണ്‌ ക്രിസ്തുവർഷം ആരംഭിച്ചത്). മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനുശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു.

shortlink

Post Your Comments


Back to top button