Latest NewsNewsInternational

സാമ്പത്തിക മാന്ദ്യം കാരണം സുരക്ഷിതമായ ലൈംഗികബന്ധം പോലും സാധിക്കാത്ത ഒരു ജനത ; ഒരു പായ്ക്കറ്റ് കോണ്ടത്തിന് 142 രൂപ, ഗര്‍ഭനിരോധന മരുന്നുകള്‍ക്ക് 570 രൂപ, ആ രാജ്യത്തെ പൗരന്റെ ശരാശരി വരുമാനം 428 രൂപ

സാമ്പത്തിക മാന്ദ്യം കാരണം ഒരു രാജ്യത്തിലെ ദമ്പതിമാര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പോലും സാധിക്കുന്നില്ലെന്നാണ് വാര്‍ത്ത ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം മനസിലാക്കാന്‍ കഴിയുന്നത്. ഒരു കാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്ന, മഹാനായ സൈമണ്‍ ബൊളിവറുടെയും ഹ്യൂഗോ ഷാവേസിന്റെയും നാടായ വെനസ്വേലയില്‍ നിന്നാണ് ഇപ്പോള്‍ ഈ പുറത്ത് വരുന്ന വിവരങ്ങള്‍. രാജ്യത്തിന്റെ സ്വന്തം കറന്‍സിയായ വെനസ്വേലന്‍ ബൊളിവറിന് വിലയില്ലാത്തതും കച്ചവടക്കാര്‍ ഡോളര്‍ മാത്രം സ്വീകരിക്കുന്നതും ആ രാജ്യത്തെ ജനതയെ വലയ്ക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് ഡോളര്‍ മാറ്റിവാങ്ങുക എന്നത് ഇന്നും സാധ്യമാകാത്ത കാര്യമാണ്.

സാമ്പത്തിക മാന്ദ്യം കാരണം ഭീമമായ തുക കോണ്ടങ്ങള്‍ക്ക് ചെലവാക്കേണ്ട അവസ്ഥ, അതായത് സുരക്ഷിതമായ ലൈംഗികബന്ധം പോലും സാധിക്കാത്ത അവസ്ഥ. ഒരു കോണ്ടം പോലും വാങ്ങാന്‍ ശേഷിയില്ലാത്ത ജനതയാണ് ഇന്ന് വെനസ്വേലയില്‍ ജീവിക്കുന്നത്. എ.എഫ്.പി.യുടെ റിപ്പോര്‍ട്ട് പ്രകാരം, മൂന്ന് കോണ്ടങ്ങള്‍ അടങ്ങിയ ഒരു പായ്ക്കറ്റിന് രണ്ട് ഡോളറാണ് നല്‍കേണ്ടത്, അതായത് 142 ഇന്ത്യന്‍ രൂപ. ഗര്‍ഭനിരോധന മരുന്നുകള്‍ക്കാകട്ടെ എട്ട് ഡോളര്‍ (570 രൂപ). ആ രാജ്യത്തിന്റെ ജനയുടെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഭീമമായ തുകയാണ്. ഒരു വെനസ്വേലന്‍ പൗരന്റെ ശരാശരി വരുമാനം ആറ് ഡോളര്‍ മാത്രമാണ് (428 രൂപ).

രാജ്യം നേരിടുന്ന ഈ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണക്കാരന്‍ മറ്റാരുമല്ല, അവിടത്തെ പ്രസിഡന്റ് നിക്കൊളാസ് മഡുറോയാണ്. അദ്ദേഹത്തിന്റെ കെടുകാര്യസ്ഥതയാണ് കാര്യങ്ങള്‍ ഈ വിധം എത്തിച്ചതെന്നാണ് ജനങ്ങളുടെ ആക്ഷേപം. അതേച്ചൊല്ലി പ്രതിഷേധിക്കാന്‍ ജനം തെരുവിലിറങ്ങിക്കഴിഞ്ഞു. അവരെ തത്കാലം നേരിടാന്‍ പൊലീസിലേയും പട്ടാളത്തിലേയും ഒരു വിഭാഗം തയാറല്ല. കാരണം, തങ്ങള്‍ക്ക് കൂടി വേണ്ടിയല്ലേ ഈ സമരം എന്നാണവരുടെ ചിന്താഗതി.

രാജ്യം സാമ്പത്തിക പ്രശ്‌നങ്ങളില്‍പ്പെട്ടതോടെ അതില്‍നിന്ന് കരകയറാന്‍ മഡുറോ ചെയ്തതെല്ലാം അബദ്ധങ്ങളില്‍ ചെന്നാണ് ചാടിയത്. ആ മണ്ടന്‍ തീരുമാനങ്ങള്‍ക്ക് ജനങ്ങള്‍ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. ഇതിലൊന്നാണ് പെട്രോ എന്നപേരില്‍ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാനുള്ള തീരുമാനമായിരുന്നു. അമേരിക്കന്‍ ഉപരോധവും ആഭ്യന്തര പ്രശ്‌നങ്ങളും മൂലം ദേശീയ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാനുള്ള തീരുമാനത്തില്‍ മഡുറോ എത്തിയത്. ഇതിലൂടെ അമേരിക്കന്‍ ഉപരോധത്തെ മറികടക്കാനാവുമെന്നും കണക്കുകൂട്ടി. വമ്പന്‍ ക്രൂഡോയില്‍ ശേഖരം തങ്ങള്‍ക്കുണ്ടെന്ന സ്വകാര്യ അഹങ്കാരവും തീരുമാനത്തിന് കാരണമായി. എന്നാല്‍ അതെല്ലാം തകര്‍ന്നടിഞ്ഞു.

കള്ളക്കടത്ത് തടയാനെന്ന പേരില്‍ ഒരു സുപ്രഭാതത്തില്‍ ഒറ്റയടിക്കാണ് മഡുറോ രാജ്യത്തെ ഉയര്‍ന്നനോട്ടുകള്‍ നിരോധിച്ചത്. പക്ഷേ, അതും വന്‍ പരാജയമായി. തീരുമാനം പരാജയമാണെന്ന് സര്‍ക്കാര്‍ തുറന്നുസമ്മതിച്ചു. നാണ്യപ്പെരുപ്പ നിരക്ക് കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് വെനസ്വേല. 2015ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് അധികൃതര്‍ പുറത്തുവിടുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button