Latest NewsKeralaNews

സാമൂഹ്യമാധ്യമങ്ങളിലെ ചതികളില്‍ അകപ്പെടുന്നവരില്‍ അധികവും പെണ്‍കുട്ടികളെന്ന് വനിതാകമ്മീഷന്‍

കൊല്ലം: സാമൂഹ്യമാധ്യമങ്ങളിലെ ചതികളില്‍ അകപ്പെടുന്നവരില്‍ അധികവും പെണ്‍കുട്ടികളെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ ദിനം പ്രതി എണ്ണം കൂടുന്നെന്നും വനിതാകമ്മീഷന്‍ പറഞ്ഞു. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, അംഗങ്ങളായ ഡോ ഷാഹിദ കമാല്‍, അഡ്വ എം എസ് താര, ഇ എം രാധ, കമ്മീഷന്‍ സി ഐ എം സുരേഷ് കുമാര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത എന്നിവരും പങ്കെടുത്തു.

സാമൂഹ്യ മാധ്യമങ്ങളോടുള്ള അമിത താത്പര്യം പെണ്‍കുട്ടികളെ പലപ്പോഴും ചതിക്കുഴിയിലെത്തിക്കും. ഇത്തരത്തില്‍ ചതിയില്‍പ്പെട്ട് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുടെ പരാതി അദാലത്തില്‍ പരിഗണിച്ചിരുന്നു. പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥിനി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് സൗഹൃദം ദുരുപയോഗം ചെയ്യുകയും തുടര്‍ന്ന് വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തു. കമ്മീഷന് പുറമേ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഡി ജി പി ക്കും പരാതി നല്‍കിയിട്ടുണ്ട്. അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവിതമൂല്യങ്ങള്‍ കൂടി പെണ്‍കുട്ടികള്‍ നേടണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കുടുംബ പ്രശ്നങ്ങള്‍, വഴിതര്‍ക്കം, സ്വത്ത് തര്‍ക്കം തുടങ്ങിയ പരാതികളും പരിഗണിച്ചു. സ്വകാര്യ ബാങ്കുകള്‍ക്കെതിരെയുള്ള പരാതികള്‍ വര്‍ധിച്ചു വരികയാണെന്നും കമ്മീഷന്‍ ഇക്കാര്യം ഗൗരവമായി കാണുന്നുവെന്നും പറഞ്ഞു. പീഡനങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകള്‍ തക്കസമയത്ത് പരാതി നല്‍കാത്തത് നീതി ലഭ്യമാക്കുന്നതില്‍ തടസ്സമുണ്ടാക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.മതത്തിന്റെയും ജാതിയുടെയും കുടുംബത്തിന്റെയും പേരില്‍ വലിയ വിഭാഗം സ്ത്രീകള്‍ പലവിധ പീഡനങ്ങള്‍ നിശ്ശബ്ദം സഹിക്കുകയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തില്‍ 76 പരാതികള്‍ പരിഗണിച്ചതില്‍ 11 പരാതികള്‍ തീര്‍പ്പ് കല്‍പ്പിച്ചു. 64 പരാതികള്‍ അടുത്ത അദാലത്തിലേക്കും ഒരെണ്ണം റിപ്പോര്‍ട്ട് തേടുന്നതിനുമായി മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button