KeralaLatest NewsNews

എന്‍പിആറില്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ദില്ലി: ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അനുനയചര്‍ച്ചയ്ക്ക് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക നീക്കി അവരെ ഒപ്പം നിര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. എതിര്‍പ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം

സിഎഎയും, അതിനുള്ള വിവരശേഖരണത്തിന് കാരണമാകുന്ന ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആദ്യം നിയമസഭയില്‍ സംയുക്ത പ്രമേയം പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ഏകകണ്ഠമായി പാസ്സാക്കിയെടുത്ത ആദ്യ സംസ്ഥാനം കേരളമാണ്. പിന്നാലെ പശ്ചിമബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, പഞ്ചാബ്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവയും സമാനമായ പ്രമേയം പാസ്സാക്കി.

സര്‍ക്കാരിന്റെ അനുനയ നീക്കത്തിന്റെ ഭാഗമായി, കേന്ദ്ര സെന്‍സസ് കമ്മീഷണറായ വിവേക് ജോഷി, മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ എന്‍പിആറിനോട് എതിര്‍പ്പറിയിച്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരിട്ട് കാണും. അച്ഛനമ്മമാരുടെ ജന്മസ്ഥലമുള്‍പ്പടെയുള്ള എന്‍പിആറിലെ വിവാദചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

സെന്‍സസ് നടപടികള്‍ തടസ്സപ്പെടുത്തില്ലെന്നും, അതുമായി ബന്ധപ്പെട്ട് എല്ലാ സഹകരണവുമുണ്ടാവുമെന്നുമാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിലപാട്. എന്നാല്‍ എന്‍പിആര്‍ വിവരങ്ങള്‍ കൂടിയുണ്ടെങ്കിലേ സെന്‍സസ് വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താനാകൂ എന്നാണ് സെന്‍സസ് അധികൃതരുടെ നിലപാട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം കേന്ദ്രം അയവു വരുത്തി എന്നാണ് അറിയാന്‍ സാധിക്കുന്നത്

2010-ലെ എന്‍പിആറില്‍ നിന്ന് ഇത്തവണത്തെ എന്‍പിആറില്‍ പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ സഹായകമായ ചോദ്യങ്ങളുള്ളതാണ് മിക്ക സംസ്ഥാനങ്ങളെയും ചൊടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button