Kerala

വിദ്യാർത്ഥികൾ അവരുടെ വിജ്ഞാനം കർഷകർക്കും സമൂഹത്തിനും ഗുണകരമാക്കണം: മുഖ്യമന്ത്രി

കൊച്ചി : കാർഷിക സർവ്വകലാശാലാ വിദ്യാർത്ഥികൾ അവരുടെ വിജ്ഞാനം കർഷകർക്കും സമൂഹത്തിനും ഗുണകരമായ രീതിയിൽ വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുസാറ്റിൽ നടന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റ് 2020 ന്റെ സമാപന ചടങ്ങിൽ
സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കഴിവുകൾ അവർ കാർഷികരംഗത്ത് പ്രതിഫലിപിക്കണം. ഇതിനോടകം കേരളത്തിൽ ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അതേ തുടർന്നുള്ള പുരോഗതി സംസ്ഥാനത്ത് ദൃശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.തെരഞ്ഞെടുത്ത വിദ്യാർത്ഥി പ്രതിനിധികൾ അവരവരുടെ മേഖലയുമായി ബന്‌ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചടങ്ങിൽ പങ്കുവച്ചു. വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങളിൽ സർക്കാർ നടപടി ആവശ്യമുള്ള കാര്യങ്ങൾ തീർച്ചയായും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അവർക്ക് ഉറപ്പു നൽകി.

നമ്മുടെ എല്ലാ കാർഷിക ഉൽപ്പന്നങ്ങൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾ വികസിപ്പിസിച്ചെ പറ്റൂ. കാർഷിക വ്യവസായം കാർഷിക മേഖലയുടെ ഭാഗമാകണം. ഈ പദ്ധതികൾക്കു കരുത്തു പകരുന്ന കർഷകരെ ബോധവൽക്കരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ പ്രൊഫഷണലുകൾ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിത ഉപയോഗത്തിൽ നിന്നാണ് ജൈവ കൃഷി എന്ന ആശയം ശക്തിപ്പെട്ടത്. കൃഷി വാണിജ്യാടിസ്ഥാനത്തിൽ ആകുമ്പോഴാണ് രാസവസ്തുക്കൾ ചേർക്കാനുള്ള പ്രേരണയുണ്ടാകുന്നത്. കേരളത്തിൽ പോളിഹൗസിന്റെ ആവശ്യമില്ല. മഴയാണ് ഇവിടെ കൂടുതൽ എന്നതിനാൽ റെയ്ൻ ഷട്ടറുകളാണ് ഇവിടെ ആവശ്യം. ഈ സംവിധാനത്തിൽ കൃത്യമായ ജല അനുപാതം ഉറപ്പാക്കുന്നതിനായി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം രീതികളാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

സംരംഭകർക്ക് വിവിധ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി ജില്ലാ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചെലവ് കുറഞ്ഞതും കൂടുതൽ ഈട് നിലനിൽക്കുന്നതുമായ നൂതന നിർമ്മാണ രീതികൾ അനുസരിച്ച് കേരളത്തിലെ നിർമ്മാണമേഖലയെ നവീകരിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫിഷറീസ് മേഖലയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളിയുടെ നില മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഫിഷറീസ് സൊസൈറ്റികൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇതിനായി നടക്കേണ്ടത്. മത്സ്യ ഉൽപ്പാദനം വർധിപ്പിക്കാനാണ് പ്രൊ ഫഷണലുകൾ ശ്രമിക്കേണ്ടത് . അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് അവർക്കുവേണ്ട സഹായങ്ങൾ നൽകാൻ അവർ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിലെ 400ലധികം പ്രൊഫഷണൽ കോളേജുകളിൽ നിന്നുള്ള 2000 ഓളം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി.വിവിധ പ്രൊഫഷണൽ രംഗങ്ങളിൽ വിദഗ്ദ്ധരായവർ വിദ്യാർത്ഥികളുമായി സംവദിക്കുകയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട ആധുനികവും നവീനവുമായ അറിവ് നേടാനും തൊഴിൽ സാധ്യതകൾ മനസിലാക്കാനും സമ്മിറ്റ് സഹായകമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button