KeralaLatest NewsNewsIndia

നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സോണിയയ്ക്കു താത്പര്യമില്ല; വയനാട് എം പി രാഹുൽ ഗാന്ധിയെ അധ്യക്ഷപദവിയില്‍ തിരിച്ചെത്തിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: വയനാട് എം പി രാഹുൽ ഗാന്ധിയെ അധ്യക്ഷപദവിയില്‍ തിരിച്ചെത്തിക്കാന്‍ കോൺഗ്രസിൽ നീക്കം ശക്തമാകുന്നു. നെഹ്‌റു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സോണിയയ്ക്കു താത്പര്യമില്ലാത്ത സാഹചര്യത്തില്‍ മറ്റു പോംവഴിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയെ അടുത്തമാസംതന്നെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാന്‍ നെഹ്രു കുടുംബവുമായി അടുപ്പമുള്ള നേതാക്കള്‍ ചർച്ചകൾ തുടങ്ങി.

ആരോഗ്യപ്രശ്നങ്ങള്‍ കാരണം അധ്യക്ഷ സോണിയാഗാന്ധിക്ക് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനാവാത്തതാണ് നീക്കത്തിനു കാരണം. പ്രിയങ്കാഗാന്ധിയെ രാജ്യസഭയിലെത്തിക്കാനും അവരോട് അടുപ്പമുള്ളവര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ബിഹാര്‍ തിരഞ്ഞെടുപ്പിനുമുമ്ബ് അധ്യക്ഷപദവി ഏറ്റെടുക്കുകയും തിരഞ്ഞെടുപ്പില്‍ വന്‍പരാജയം ഉണ്ടാവുകയും ചെയ്താല്‍ രാഹുലിന്റെ നേതൃത്വത്തിനെതിരേ വീണ്ടും വിമര്‍ശമുയരും. അതേസമയം, നെഹ്രു കുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷനായി തത്കാലം നിയമിക്കണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ഹരിയാണയിലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹുഡ്ഡ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, യുവനേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് തുടങ്ങിയവരെയാണിവര്‍ മനസ്സില്‍ക്കാണുന്നത്. ഡല്‍ഹി വിജയത്തിനു പിന്നാലെ പഞ്ചാബിലേക്കും ഹരിയാണയിലേക്കും ലക്ഷ്യംവെക്കുന്ന എ.എ.പി.യെ തടയാന്‍ നെഹ്രു കുടുംബത്തിനു പുറത്തുനിന്നുള്ള അധ്യക്ഷനെക്കൊണ്ടു സാധിച്ചേക്കുമെന്നും ഈ നേതാക്കള്‍ പറയുന്നു.

ഏപ്രില്‍, ജൂണ്‍, ജൂലായ്, നവംബര്‍ മാസങ്ങളിലായി 68 ഒഴിവുകളാണ് രാജ്യസഭയില്‍ വരുന്നത്. ഇതില്‍ 19 സീറ്റുകള്‍ കോണ്‍ഗ്രസിന്റേതാണ്. 10 സീറ്റിലെങ്കിലും വീണ്ടും ജയിക്കാനുള്ള സാധ്യതയുണ്ട്. ഈ സീറ്റുകളിലേക്കാണ് പ്രിയങ്കാഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിങ് സുര്‍ജേവാല, ആര്‍.പി.എന്‍. സിങ് തുടങ്ങിയവരുടെ പേരുകള്‍ അനൗദ്യോഗികമായി ഉയരുന്നത്. ഡല്‍ഹി പരാജയത്തിനു പിന്നാലെ ജയറാം രമേഷ്, ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്റ തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസ് ആശയതലം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: നേട്ടങ്ങൾ കൊയ്യാൻ പുതിയ മാറ്റവുമായി ബിജെപി; കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക്

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനമെന്നു തോന്നിക്കുന്ന ചില നിലപാടുകള്‍ ബി.ജെ.പി.ക്കാണ്‌ നേട്ടമുണ്ടാക്കിയതെന്ന് ചില നേതാക്കള്‍ പറയുന്നു. ഇക്കാര്യത്തില്‍ തന്ത്രപരമായ നിലപാടു സ്വീകരിച്ച എ.എ.പി. നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ സ്ഥിരം ന്യൂനപക്ഷവോട്ടുകള്‍പോലും കൊണ്ടുപോയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button